Thursday, 21 Nov 2024
AstroG.in

ഇത്തവണ 3 രാത്രി പുസ്തകം അടച്ച് പൂജ

ജ്യോതിഷരത്നം വേണു മഹാദേവ്

കേരളത്തിൽ നവരാത്രി സരസ്വതീ പൂജയ്ക്ക് പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളിലെങ്കിലും വിദ്യാര്‍ത്ഥികള്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തി സരസ്വതീ മന്ത്രങ്ങൾ ജപിച്ചാൽ ബുദ്ധിവികാസം നേടി പഠനത്തില്‍ സമര്‍ത്ഥരാകും. വിദ്യാർത്ഥികൾക്ക് മാത്രമല്ല ഏതൊരാൾക്കും ബുദ്ധിയും കാര്യ പ്രാപ്തിയും കൊണ്ട് എവിടെയും ജയിക്കുന്നതിന് ഇത് ഉത്തമമാണ്.

അഷ്ടമിദിവസം സന്ധ്യക്കാണ് പൂജവയ്പ്പ്. ഈ വര്‍ഷം നവരാത്രി കാലത്തെ അഷ്ടമി തിഥി തുടങ്ങുന്നത് 2020 ഒക്ടോബർ 23 വെള്ളിയാഴ്ച ആണ്. അന്ന് വൈകിട്ട് പൂജവയ്ക്കണം. ഒക്ടോബർ 24 ന് സന്ധ്യാസമയത്ത് അഷ്ടമി തിഥി ഇല്ലാത്തതിനാലാണ് ദുര്‍ഗാഷ്ടമി തുടങ്ങുന്ന തലേന്ന് ഒക്ടോബർ 23 ന് വൈകുന്നേരം പൂജ വയ്ക്കുന്നത്. കേരളത്തില്‍ ഒരിടത്തും ഈ സമയത്തില്‍ മാറ്റമില്ല. പൂജ വയ്ക്കുന്നതു മുതല്‍ വിജയദശമി ദിനമായ ഒക്ടോബർ 26 തിങ്കളാഴ്ച പൂജ എടുക്കുന്ന സമയം വരെ അദ്ധ്യയനം പാടില്ല. മൂന്ന് രാത്രി പുസ്തകം അടച്ചു പൂജ വരുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. എന്നാൽ ഈശ്വര സ്തുതികൾ വായിക്കാം.

വീടിന് സമീപത്തുളള ക്ഷേത്രത്തിലോ ഗൃഹത്തിലെ പൂജാമുറിയിലോ പൂജവയ്ക്കാം. പൂജാമുറി ഇല്ലാത്തവര്‍ക്ക് ശുദ്ധിയും വൃത്തിയുമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ഒരു പീഠത്തില്‍ പട്ടു
വിരിച്ച് അതിന്റെ മുകളില്‍ കിഴക്കോ പടിഞ്ഞാറോ ദര്‍ശനമായ വിധത്തില്‍ സരസ്വതീദേവിയുടെ ചിത്രം വയ്ക്കണം. മറ്റു ദേവന്മാരുടെ ചിത്രവും വയ്ക്കാം. ഗുരു, ഗണപതി, സരസ്വതി എന്നിവരെ സങ്കല്‍പ്പിച്ച് മൂന്ന്‌ നിലവിളക്ക് വയ്ക്കുന്നതാണ് ഉത്തമം. അതിന് സാധിക്കാത്തവര്‍ ഒരു നിലവിളക്ക് കൊളുത്തിയാൽ മതി. നിലവിളക്കില്‍ കിഴക്കും പടിഞ്ഞാറുമായി തിരിയിട്ട് കത്തിക്കണം.വിളക്കിന് മുമ്പില്‍ ഗണപതിയെ സങ്കല്‍പ്പിച്ച് അവല്‍, മലര്‍, കല്‍ക്കണ്ടം, ഉണക്കമുന്തിരി, പഴം തുടങ്ങിയവ വയ്ക്കണം. ദേവിയുടെചിത്രം പൂക്കള്‍, ഹാരം എന്നിവ കൊണ്ട് അലങ്കരിക്കണം. ചന്ദനത്തിരി മുതലായവ കത്തിക്കണം .

ദുര്‍ഗ്ഗാഷ്ടമിനാളില്‍ സന്ധ്യയോടെ പുസ്തകങ്ങള്‍ ദേവിക്ക് മുമ്പിൽ സമര്‍പ്പിക്കണം. അതിന് ശേഷം ഗുരു, ഗണപതി, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതി എന്നിവരെയും ഇഷ്ടദേവതയെയും
സ്തുതിക്കണം:

ഗുരുവന്ദനം
ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍ പരബ്രഹ്മ
തസ്‌മൈ ശ്രീ ഗുരവേനമഃ

ഗണപതിവന്ദനം
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വ വിഘ്‌നോപ ശാന്തയെ
സര്‍വ്വ വിഘ്‌നഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം

സരസ്വതീവന്ദനം
യാ കുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിതകരാ
യാ ശ്വേത പദ്മാസനാ

യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍
ദേവൈ സദാപൂജിതാ
സാമാംപാതു സരസ്വതീ ഭഗവതി
നിശ്ശേഷ ജാഡ്യാപഹാ

സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ

സരസ്വതിയുടെ സ്തുതി
വെള്ളപ്പളുങ്കു നിറമൊത്ത
വിദഗദ്ധരൂപീ കള്ളം കളഞ്ഞ്
കമലത്തിലെഴുന്ന തായേ
വെള്ളത്തിലെ തിരകൾ
കണക്കെൻ ഉള്ളത്തിൽ
വന്നു വിളങ്ങി
വിളയാടീടുക തായേ

സരസ്വതി നിൻ പാദാരവിന്ദം
ശിരസിൽ വച്ചിട്ടിതാ കുമ്പിടുന്നേൻ
പഠിച്ചതൊന്നും മറക്കാതിരിക്കാൻ
വരപ്രസാദം തരുകെന്റെ തായേ

ഇപ്രകാരംജപിച്ചതിനുശേഷം

ഓം സംസരസ്വത്യൈ നമഃ

എന്ന് 108 തവണ ജപിക്കുക. ഇതിന് പുറമെ അറിയാവുന്ന മറ്റ് ദേവതാ മന്ത്രങ്ങളും ജപിക്കാം. ശേഷം എല്ലാ അപരാധവും ക്ഷമിക്കേണമേ എന്ന് പ്രാര്‍ത്ഥിച്ച് എഴുന്നേറ്റ് കര്‍പ്പൂരം ഉഴിയണം. ദുര്‍ഗ്ഗാഷ്ടമി നാളിലും മഹാനവമി ദിവസവും വിജയദശമിനാളില്‍ രാവിലെയും ഇപ്രകാരം പ്രാര്‍ത്ഥിക്കണം. ഒക്ടോബർ 26 തിങ്കളാഴ്ച വിജയദശമി ദിനത്തില്‍ ക്ഷേത്രത്തിലെ ആചാര സമയ പ്രകാരം പൂജ എടുക്കുക. ഗൃഹത്തിലോ സ്ഥാപനത്തിലോ പൂജ എടുക്കുകയും വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നവർ രാവിലെ 7.30 ന് മുൻപ് പൂജയെടുപ്പും വിദ്യാരംഭവും പൂർത്തിയാക്കണം.

error: Content is protected !!