Saturday, 23 Nov 2024
AstroG.in

ഇനി യോഗക്ക് അര മണിക്കൂർ

വരുന്ന യോഗ ദിനത്തിൽ നമുക്കൊരു പ്രതിജ്ഞയെടുക്കാം: ദിവസവും അരമണിക്കൂർ യോഗയ്ക്കായി ഇനി മാറ്റിവയ്ക്കും. 

നിങ്ങൾ ശരീരഭാരം വളരെ കുറഞ്ഞ ആളാണോ? എങ്കിൽ ഭാരം കൂട്ടാൻ യോഗ സഹായിക്കും. അമിത ഭാരം മൂലം വിഷമിക്കുന്ന ആളെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കും. ശരിയായ യോഗാസനങ്ങൾ പരിശീലിച്ചാൽ മാത്രം മതി. 

ദഹനം, രക്തചംക്രമണം ഇവ മെച്ചപ്പെടുത്തി വായു കോപം, അസിഡിറ്റി മുതലായ പ്രശ്നങ്ങളെല്ലാം പരിഹാരിക്കാൻ യോഗ നിങ്ങളെ സഹായിക്കും.

പേശികൾക്ക് അയവ് വരുത്തുന്നതാണ് യോഗ. യോഗാസനങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായി അവ ചെയ്യാൻ സ്ഥിരോത്സാഹം കൂടിയേ തീരൂ. പ്രയാസമുള്ളതാണെങ്കിലും പല യോഗാസനങ്ങളും പേശികളെ ഫ്ലെക്സിബിൾ ആക്കും. കൂടാതെ പേശികളുടെ ശക്തി കൂട്ടാനും ഇവ സഹായിക്കും.

ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിന് ഏറ്റവും സഹായകരമാണ് യോഗ.  മനസ്സിനെ ശാന്തമാക്കാനും കാര്യങ്ങൾ  ഓർമിച്ചു വയ്ക്കാനും യോഗ സഹായിക്കുന്നു. ഏകാഗ്രത വർധിപ്പിക്കാനും  മാനസികാരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കും. ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനും ഉപകരിക്കും. തൊഴിൽ രംഗത്ത്  നന്നായി ശോഭിക്കാനും ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ നിലനിർത്താനും യോഗ തീർത്തും ഉത്തമം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതിനെക്കാൾ എളുപ്പമാണ് യോഗ പരിശീലിക്കുന്നത്. പ്രത്യേകിച്ച് ഉപകരണങ്ങളൊന്നും വേണ്ട. ഒരു യോഗാ മാറ്റ് മാത്രം മതി. ലളിതമായ യോഗാസനങ്ങളും ബ്രീത്തിങ്ങ് എക്സർസൈസുമെല്ലാം ജിം വർക്കൗട്ടിനെക്കാൾ വളരെ  എളുപ്പമാണ്. 

ഇക്കാരണങ്ങൾ  കൊണ്ടുതന്നെ അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 മുതൽ യോഗ പരിശീലിക്കാം. ശരീരത്തെയും മനസ്സിനെയും ആരോഗ്യമുള്ളതാക്കാൻ യോഗയോളം മികച്ച മറ്റൊരു മാർഗ്ഗം ഇല്ല. യോഗ ഇന്ന് ലോകപ്രസിദ്ധമാണ്. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ.

സ്ഥിരമായി യോഗ ചെയ്യുന്നതുവഴി രക്തസമ്മർദ്ദം സാധാരണഗതിയിലാകും, മനസംഘര്‍ഷം കുറയും. ശരീരഭാരവും കൊളസ്ട്രോളും കുറയ്ക്കാനാവും.  ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും യോഗ ഉപകരിക്കും. സ്ഥിരമായി യോഗ ചെയ്താല്‍ ആരോഗ്യം നിറഞ്ഞ ദുര്‍മേദസില്ലാത്ത ശരീരം സ്വന്തമാക്കാം. അതിനെല്ലാമുപരിയായി മനശാന്തിയും നേടാം.  ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ഗര്‍ഭകാലത്ത് സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ശരീരത്തെ ബലപ്പെടുത്താം. ഗര്‍ഭകാലത്തുണ്ടാകുന്ന ഉറക്കക്കുറവ്, പുറം വേദന, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, മസില്‍പിടുത്തം എന്നിവ മാറാന്‍ യോഗ സഹായിക്കും.

യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണര്‍വ്വ് നല്കും. തലച്ചോറിന്‍റെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതല്‍ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവര്‍ത്തിയും തമ്മിലുള്ള ഒരു സന്തുലനം ഇത് വഴി നിങ്ങള്‍ക്ക് അറിയാനാകും.
ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്. യോഗ സ്ഥിരമായി ചെയ്യുന്നത് വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിര്‍ത്തി ഊര്‍ജ്ജസ്വലമായും, സന്തോഷമായും കഴിയാനുമാകും.

വിവിധ രീതിയിലുള്ള പോസുകളും, ശ്വസനക്രിയകളും വഴി യോഗ രക്തചംക്രമണത്തെ സജീവമാക്കും. നല്ല രീതിയിലുള്ള രക്തചംക്രമണം വഴി ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെല്ലായിടത്തും എത്തുകയും അത് വഴി ആരോഗ്യമുള്ള അവയവങ്ങളും, തിളക്കമുള്ള ചര്‍മ്മവും ലഭിക്കുകയും ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്: 

യോഗാചാര്യൻ എ.കെ. പ്രേമചന്ദ്രൻ നായർ.

പി.എം ബിനുകുമാർ,

മൊബൈൽ: +91  9447694053

error: Content is protected !!