Thursday, 21 Nov 2024
AstroG.in

ഈ ശനിയാഴ്ച 3 വർഷത്തിൽ ഒരിക്കൽ വരുന്ന പരമാ ഏകാദശി ; ഉപാസനയ്ക്ക് ഇരട്ടി ഫലം

ജ്യോതിഷരത്നം വേണു മഹാദേവ്

മൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന അധിമാസമായ പുരുഷോത്തമമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് പരമാ ഏകാദശി. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ സംസാര ദുഃഖശമനവും രോഗമുക്തിയും പാപശമനവും ആത്മീയ ഉന്നതിയും ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. വിഷ്ണു പ്രീതിയാൽ മുജ്ജന്മ ദോഷങ്ങളെല്ലാം നശിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഈ ദിവസം നടത്തുന്ന വ്രതങ്ങൾ, വഴിപാടുകൾ, ജപങ്ങൾ തുടങ്ങിയവയ്ക്ക് ഇരട്ടി ഫലം ലഭിക്കും എന്നാണ് പുരാണങ്ങളിൽ കാണുന്നത്.

ഏകാദശി ഒരിക്കൽ
2023 ആഗസ്റ്റ് 11 വെള്ളിയാഴ്ച

ഏകാദശി വ്രതം
2023 ആഗസ്റ്റ് 12 ശനിയാഴ്ച

ഹരിവാസര സമയം
2023 ആഗസ്റ്റ് 12 ന് ശനിയാഴ്ച തുടങ്ങുന്ന രാത്രി 12:06 മുതൽ പകൽ 12:59 മണി വരെ

പാരണ സമയം (വ്രതം വീടുന്ന സമയം)
2023 ആഗസ്റ്റ് 13 ന് ഞായറാഴ്ച രാവിലെ
06:15 മുതൽ 08:30 വരെ

ഏകാദശി തിഥി ആരംഭം
2023 ആഗസ്റ്റ് 11 ന് രാവിലെ 5:06 മണിക്ക് തുടങ്ങും

ഏകാദശി തിഥി അവസാനം
2023 ആഗസ്റ്റ് 12 ന് രാവിലെ 6:31 ന് തീരും.

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.

വ്രതാനുഷ്ഠാനം

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. ദശമി നാളിൽ അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. അതിനു പകരം ചിലർ അരിക്കുപകരം ഗോതമ്പ് കഞ്ഞിയും, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല. ദശമിക്ക് ഒരിക്കൽ എടുക്കുന്നതിന്റെ ലക്ഷ്യം ഏകാദശി നാളിൽ ഒഴിഞ്ഞ വയറുമായി വിഷ്ണു ഉപാസന നടത്തുകയാണ്. ദശമി ദിവസം രാത്രിയിൽ വെറുംനിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവ്രതം പാലിക്കുക വളരെ നല്ലതാണ്. പകലുറക്കം പാടില്ല. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക.

ഏകാദശിനാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്രദർശനമോ നടത്തണം. ഒപ്പം ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നാരായണായ വിദ്മഹേ വസുദേവായ ധീ മഹി തന്നോ വിഷ്ണു പ്രചോദയാത് എന്നീ മന്ത്രങ്ങൾ
ജപിക്കണം. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചനകൾ നടത്തണം. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം എന്നിവ ചൊല്ല‌ുന്നത് ഉത്തമം. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.

ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക. ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് അഭികാമ്യം. കഴിയാത്തവർക്ക് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.

ഏകാദശി വ്രതഫലങ്ങൾ എണ്ണിയാൽ തീരില്ല.. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടും വ്രതം നോറ്റാൽ പൂർണ്ണഫലം ഉറപ്പാണ്. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാനും ഏകാദശി വ്രതം ഉത്തമമാണ്. ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017
Story Summery : Significance, Rituals and Benefits of Parama Ekadashi, Krishna Paksha of Purushottama Adhimasa occuring in every three years


error: Content is protected !!