ഉരുളി കമഴ്ത്തിയാൽ സന്താനഭാഗ്യം
ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്നാണ് അനപത്യതാ ദു:ഖം. മറ്റ് എന്തെല്ലാം ഉണ്ടായാലും , സമ്പത്തും പ്രശസ്തിയും ഉണ്ടെങ്കിലും സന്താനമില്ലെങ്കിൽ ആ ദമ്പതികൾക്ക് സന്തോഷമുണ്ടാകില്ല. സ്വന്തം പരമ്പര നിലനില്ക്കണം എന്ന മോഹം മാത്രമല്ല ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകണമെങ്കിൽ നമുക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞുണ്ടാകണം. അവസാന കാലത്ത് സ്നേഹത്തോടെ പരിചരിക്കാനും മരണാനന്തര കർമ്മം ചെയ്ത് ഇഹലോകത്തു നിന്ന് ആത്മാവിന് മോക്ഷമേകാനും പുത് എന്ന നരകത്തിൽ നിന്ന് ആത്മാവിനെ ത്രാണനം ചെയ്യാനും പുത്രൻ അല്ലെങ്കിൽ പുത്രി അത്യാവശ്യമാണ്. സന്താനമില്ലാത്ത ദു:ഖം പോലെ മറ്റൊരു ദു:ഖവും ഇല്ല.
എന്നാൽ സന്താനം ഉണ്ടായാൽ മാത്രം പോരാ. അത് നല്ല സന്താനമായിരിക്കുകയും വേണം. സത് സന്താനലബ്ധിക്ക് വിവിധ ആചാരാനുഷ്ഠാനങ്ങളുണ്ട്; ദോഷപരിഹാരത്തിന് ക്ഷേത്രങ്ങളിൽ നിരവധി വഴിപാടുകളും കർമ്മങ്ങളും വിധിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളി കമഴ്ത്തൽ. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കാത്തിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാത്ത ആയിരങ്ങളാണ് മണ്ണാറശാലയിൽ ഉരുളി കമഴ്ത്തി സന്താനഭാഗ്യം നേടിയിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. വർഷങ്ങൾക്കു മുമ്പ് സന്താനമില്ലാത്ത ഒരു പെൺകുട്ടി മണ്ണാറശാലയിൽ തൊഴാൻ വന്നപ്പോൾ അവിടെയുണ്ടായിരുന്ന പൊട്ടിയ ഉരുളി മാറ്റി ഒരു പുതിയ ഉരുളി നല്കി. മണ്ണാറശാലയിലെഅമ്മ ഈ ഉരുളി നിലവറയിൽ കൊണ്ടു പോയി കമഴ്ത്തി. വൈകാതെ പെൺകുട്ടി ഗർഭിണിയായി.അന്നു മുതൽ സന്താനഭാഗ്യത്തിന് മണ്ണാറശാലയിൽ നടത്തുന്ന വഴിപാടായി ഉരുളി കമഴ്ത്തൽ. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം.