Sunday, 6 Oct 2024
AstroG.in

കട്ടിളയിലെ രത്ന രഹസ്യം; പൂമുഖം തെളിഞ്ഞാൽ സൂര്യോദയം

പൂമുഖ വാതിൽ ഒരു വീട്ടിലേക്കുള്ള പ്രവേശനകവാടം മാത്രമല്ല ആ ഗൃഹത്തിന്റെ മുഖ്യ ഊർജ്ജ കേന്ദ്രവുമാണ്. ബാഹ്യലോകത്തു നിന്നും സന്തോഷവും  ഭാഗ്യവുമെല്ലാം  വീടിനുള്ളിലേക്ക്  പ്രവഹിക്കുന്നത്പൂമുഖ വാതിലിലൂടെയാണ്.ഗൃഹത്തിൽ പ്രപഞ്ചോർജ്ജം വന്നു നിറയുന്നത്  നിശ്ചയിക്കുന്ന പൂമുഖ വാതിൽ അവിടെ കഴിയുന്നവരുടെ മാനസിക ഐക്യം, ധനം, ആരോഗ്യം തുടങ്ങിയവയെ എല്ലാം നിയന്ത്രിക്കുന്നു. ഇതിലുപരി ഒരു വീടിന്റെ മതിപ്പ് ഒറ്റനോട്ടത്തിൽതീരുമാനിക്കുന്നതിൽ പൂമുഖ വാതിലിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തീർച്ചയായും കാവ്യാത്മകമായി നമുക്ക് പറയാം: പൂമുഖം തെളിഞ്ഞാൽ സൂര്യോദയമെന്ന് . ഈ യാഥാർത്ഥ്യംമനസിലാക്കി വേണം ഗൃഹത്തിന്റെ പ്രധാന കട്ടിളയും വാതിലും ഒരുക്കേണ്ടത്.


വീടു നിർമ്മാണത്തിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ് വാതിൽപ്പടി സ്ഥാപിക്കൽ അഥവാകട്ടിളവയ്പ്. ഗൃഹത്തിന്റെ കട്ടിള നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനും വാസ്തു ശാസ്ത്രം ചില ചിട്ടകൾ നിഷ്കർഷിക്കുന്നു. അതിൽ പ്രധാനം മുഖ്യകട്ടിളയും അതിന്റെ വാതിലും ഒരേ തടിയിൽ  നിർമ്മിക്കണം എന്നതാണ്. പ്രധാന കട്ടിളയും വാതിലും പ്ലാവ്, ആഞ്ഞിലി, തേക്ക്,  മഹാഗണി മരങ്ങളുടെ തടിയിൽ  നിർമ്മിക്കാം. ഒരു വീടിന്  മൊത്തമായും ഒരിനം തടി  ഉപയോഗിക്കണം. സാമ്പത്തികശേഷി അതിന് അനുവദിക്കുന്നില്ലെങ്കിൽ രണ്ടിനം മരങ്ങളുടെ  തടിയായാലും കുഴപ്പമില്ല. അപ്പോഴും മുൻവശത്തെ കട്ടിളപ്പടിയും വാതിലും ഒരിനം തടിയിൽ തന്നെ നിർമ്മിക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കരുത്. അകത്തെ എല്ലാ വാതിലുകളെക്കാളും വലുതായിരിക്കണം പൂമുഖ വാതിൽ.

കട്ടിളയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ മുൻപ് ഉപയോഗിച്ച തടി പ്രധാന കട്ടിളയ്ക്ക് എടുക്കരുത്. കട്ടിളവയ്പിന് നല്ല മുഹൂർത്തം നിശ്ചയിക്കണം. പ്രധാന കട്ടിളവയ്ക്കുന്ന ചടങ്ങിന് മുൻപ് അത് സ്ഥാപിക്കാൻ പോകുന്ന സ്ഥലത്തിൻ്റെ നടുക്ക് ഒരു സ്ഥലം കണ്ട്  ഊർജ്ജദായകമായ പ്രത്യേക രത്നം, നാണയം, പഞ്ചലോഹം തുടങ്ങിയവ സ്ഥാപിക്കണം. ഇതിന് ഒരു ഉത്തമ വാസ്തു ആചാര്യന്റെ ഉപദേശം തേടുന്നത് നല്ലതാണ്.  രത്നങ്ങൾ  തിരഞ്ഞെടുക്കുന്നതിന് ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കുടുംബാഗങ്ങളുടെയും നക്ഷത്രവും ദശയും ജാതക ദോഷങ്ങളും  പരിഗണിക്കണം.

അതിന് ജ്യോതിഷത്തിലും രത്നശാസ്ത്രത്തിലും പ്രാവീണ്യമുള്ളവരുടെ അഭിപ്രായം  തേടുന്നത് നല്ലതാണ്. ഇത്തരം രത്നസ്ഥാപനം ആ ഗൃഹത്തിൽ താമസിക്കുന്നവർക്ക് ഗുണകരമാകുമെന്നാണ് വിശ്വാസം. എന്നാൽ ഇവയെല്ലാം സ്വന്തം സാമ്പത്തിക ശേഷിക്കനുസരിച്ച് ചെയ്താൽ മതി.  
കട്ടിളയ്ക്കൊപ്പം സ്ഥാപിക്കാനുദ്ദേശിക്കുന്ന സാമഗ്രികൾ നേരേത്തേ പൂജിച്ച് വാങ്ങി സൂക്ഷിക്കണം. ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ കട്ടിളവയ്ക്കുന്നതിന് തൊട്ടു മുൻപ്  തികഞ്ഞ ഭക്തിയോടെ, പ്രാർത്ഥനയോടെ അത് സ്ഥാപിക്കണം.  എന്നിട്ട്  ആ ഭാഗം സിമന്റ് ചാന്തിട്ട്  അടച്ച് നിരപ്പാക്കണം. ചില ദേശത്തെ സമ്പ്രദായങ്ങളിൽ കട്ടിളപ്പടിക്ക് ഉയരെയാണ് രത്നങ്ങൾ സ്ഥാപിക്കുന്നത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നേരിട്ടാൽ നാട്ടാചാരം പിൻതുടരുക; അല്ലെങ്കിൽ വാസ്തു ആചാര്യൻ,  തച്ചൻ, മേസ്തിരി തുടങ്ങിയവരുടെ ഉപദേശം തേടുക.കട്ടിളപ്പടി നിറുത്തുന്ന സമയത്ത് ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പടിയിൽ സ്പർശിച്ചു നിൽക്കാൻ അനുവദിക്കണം. കട്ടിളപ്പടി ഉറപ്പിച്ചശേഷം നിറകുടവുമായി മൂന്നോ അഞ്ചോ സ്ത്രീകളെ  അകത്തേക്ക് കടത്തിവിടണം. അവർ ഈ കട്ടിളപ്പടിക്ക് അകത്തു കൂടി കയറി നിറകുടത്തിലെ വെള്ളം വടക്കു കിഴക്കേ മൂലയിൽ  ഒഴിക്കണം. ഇതോടെ  കട്ടിളപ്പടി വയ്ക്കുന്ന ചടങ്ങ് തീരും. 
അന്നു രാത്രി അവിടെ വാസ്തുബലി നടത്തണം.

പൂജയിൽ  നൈപുണ്യമുള്ള  ശാന്തിക്കാർ വാസ്തുബലി ചെയ്യുന്നതാണ് നല്ലത്.ഗൃഹനിർമ്മാണത്തോടനുബന്ധിച്ച് 4 തവണ വാസ്തുബലി നടത്താറുണ്ട് . ഭൂമി ഒരുക്കി നിരപ്പാക്കിയ ശേഷമാണ് ആദ്യ വാസ്തുബലി. രണ്ടാമത് കല്ലിടുമ്പോൾ. പിന്നെ കട്ടിളവയ്പ്പിനും  ഗൃഹപ്രവേശത്തിനും വാസ്തുബലി നടത്താം. ചില ദേശങ്ങളിൽ ഗൃഹപ്രവേശനത്തിന് മാത്രമാണ് വാസ്തുബലി നടത്തുന്നത്. വാസ്തു പുരുഷന്റെ മണ്ഡലത്തിലുള്ള ദേവന്മാരെ തൃപ്തിപ്പെടുത്തുകയാണ് വാസ്തുബലിയുടെ ലക്ഷ്യം. കട്ടിളവയ്പും വാസ്തുബലിയും കഴിഞ്ഞാൽ പിന്നീട് എപ്പോൾ വേണമെങ്കിലും 
കെട്ടിടം പണി തുടരാം.

എല്ലാക്കാര്യങ്ങളും മനുഷ്യശക്തിക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കില്ല. അത്തരം സന്ദർഭങ്ങളിൽ അമാനുഷികമായ സഹായങ്ങൾ തേടും. ഈ അവസരങ്ങളിൽ പാലിക്കുന്ന ചിട്ടകളാണ് ആചാരാനുഷ്ഠാനങ്ങൾ. മനസിന് ധൈര്യം പകരുകയാണ് ഇതിന്റെ ലക്ഷ്യം. വീടു നിർമ്മിക്കുന്ന ഘട്ടങ്ങളിൽ ഇത്തരം ആചാരങ്ങൾ  പാലിക്കാറുണ്ട്. ശാസ്ത്രീയതയെക്കാൾ  ഇതിന്റെ ലക്ഷ്യം മനസിന് അത്മവിശ്വാസം പകരുകയാണ്.  

error: Content is protected !!