Monday, 30 Sep 2024
AstroG.in

ജലദോഷത്തെ നേരിടാൻ ഒറ്റമൂലികൾ

വല്ലാതെ ശല്യം ചെയ്യുന്ന ഒന്നാണ് ജലദോഷം. മൂക്കിൽ നിന്നും വെള്ളം ധാര പോലെ ഒഴുകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സാധാരണ ജലദോഷത്തിന് കാരണം സൈനസിലെ വൈറൽ ഇൻഫെക്ഷനാണ്. അലർജികൾ, കടുത്ത പനി തുടങ്ങിയവയും ഇതിനിടയാക്കും. എന്നാൽ ജലദോഷം നിർത്തുന്നതിന് വലിയ ചികിത്സയൊന്നും വേണ്ടതില്ല. വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്താൽ മതി. ജലദോഷം പിടിപെട്ടാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് നിർജലീകരണം സംഭവിക്കാതിരിക്കുന്നതിനാണ്. ഡീ ഹൈഡ്രേഷൻ സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. കാപ്പിയും മദ്യവും ഒഴിവാക്കണം; ഇവ ഡീ ഹൈഡ്രേഷൻ വർദ്ധിപ്പിക്കും. എന്നാൽ ചൂട് കട്ടൻ ചായയുണ്ടാക്കി അതിന്റെ ആവി ശ്വസിച്ച ശേഷം കുടിച്ചാൽ ജലദോഷത്തിന് നല്ല ആശ്വാസം കിട്ടും. ആവി കൊള്ളുക, ചൂടുവെള്ളത്തിൽ കുളിക്കുക തുടങ്ങിയവ പെട്ടെന്ന് ആശ്വാസമേകും.  ജലദോഷമുള്ളവർ  മസാല ചേർത്തതും അമിതമായി എരിവും പുളിയുമുള്ളതുമായ ആഹാരം ഒരു കാരണവശാലും കഴിക്കരുത്. ഇവിടെ  പറയുന്ന ഒറ്റമൂലികൾ പെട്ടെന്ന് ആശ്വാസം നൽകിയേക്കും. എന്നിട്ടും ജലദോഷം മാറുന്നില്ലെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടാൻ മടിക്കരുത്. ജലദോഷത്തെ നേരിടാൻ ചില വീട്ടുവഴികൾ:

  • ചക്കരക്കാപ്പിയിൽ കുറച്ച്  തുളസി ഇല, വെറ്റിലചുക്ക്, കുരുമുളക്, ഗ്രാമ്പൂ എന്നിവ ചേർത്തു തിളപ്പിച്ച് കൂടെക്കൂടെ കുടിക്കുക. 
  • ചൂടുപാലിൽ ലേശം മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്തു കഴിക്കുക.
  • പാൽ മഞ്ഞളിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്തു കുടിച്ചാൽ ജലദോഷം മാറും.
  • ഗ്രാമ്പു പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത്ജലദോഷം മാറാൻ നല്ലതാണ്.
  • ചെറുനാരാങ്ങ നീരിൽ സമം തേൻ ചേർത്ത് കഴിക്കുക.
  • തുളസിയിലനീര് ചുവന്നുള്ളി നീര് ചെറു തേൻ ഇവ ചേർത്ത് കഴിക്കുക
  • തുളസിയില നീരിൽ കൽക്കണ്ടം ചേർത്ത് കഴിക്കുക
  • മുതിരച്ചാറോ കുരുമുളകുരസമോ ചേർത്ത് ഭക്ഷണം കഴിക്കുന്നത് ജലദോഷം മാറാൻ നല്ലതാണ്.
  • കോഴിമുട്ടയിൽ ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരും ജീരകപ്പൊടിയും ചേർത്ത് അടിച്ച് കഴിക്കുക.
  • തുളസിയിലക്കഷായം സേവിക്കുക.
  • പച്ചക്കർപ്പൂരം പൊടിച്ച് വലിക്കുക.
  • രാസ്‌നാദിപ്പൊടി മുലപ്പാലിൽ കലക്കിയ ശേഷം അതിൽ കനം കുറഞ്ഞ വെള്ളത്തുണി മുക്കി നെറ്റിയിലുടുക.
  • ഒരു കക്ഷണം മഞ്ഞൾ ഒരു കമ്പിയിൽ കോർത്തു തീ കത്തിച്ച് അല്പം കഴിഞ്ഞ് അണച്ച് അതിന്റെ  പുക മൂക്കിലും വായിലും കൂടി ശ്വസിച്ചാൽ മൂക്കടപ്പും ജലദോഷവും മാറും.
  • വെളുത്തുള്ളി തേനിൽ അരിഞ്ഞിട്ട് രണ്ടു മണിക്കൂർ നേരം വച്ചിരുന്ന ശേഷം ഒരോ ടീസ്പൂൺ കഴിക്കുക.
  • അയമോദകം ഇട്ടു വെന്ത വെള്ളംദിവസവും ഭക്ഷണത്തിനുശേഷം കുടിക്കുക.
  • പാലമരത്തിന്റെ തൊലി ചതച്ച് ചൂടുവെള്ളത്തിലിട്ടു കുടിച്ചാൽ ജലദോഷം മാറും.
  • രാവിലെ കുടിക്കുന്ന ചായയിലോ കാപ്പിയിലോ നാലഞ്ചു തുളസിയില ഇടുന്നത് ജലദോഷം വരാതിരിക്കാൻ നല്ലതാണ്. 
  • തല കട്ടിത്തുണി കൊണ്ട് മൂടി ദിവസം രണ്ടു മൂന്ന് തവണ ആവി കൊള്ളുക.
  • ദിവസവും മൂന്ന് നാല് തവണ സലൈൻ നേസൽ   സ്പ്രേ ഉപയോഗിക്കുക. തുടർച്ചയായി5 ദിവസത്തിൽ കൂടുതൽ ഇത്  ഉപയോഗിക്കരുത്.
  • പതിവായി പിടികൂടുന്ന ജലദോഷം മാറുന്നതിന്
    ഒരു സ്പൂൺ തേൻ ചെറുചൂടുള്ള ബാർലിവെള്ളത്തിൽ ഒഴിച്ച് കിടക്കാൻ നേരത്ത് ദിവസവും കഴിക്കുക.  

error: Content is protected !!