Monday, 17 Jun 2024
AstroG.in

തൃക്കപ്പാലം മഹാശിവനെ ഭജിച്ചാൽ സർവൈശ്വര്യങ്ങളും സിദ്ധിക്കും

ജ്യോതിഷി സുജാത പ്രകാശൻ
പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളിൽ മൂന്നെണ്ണം കപാലേശ്വര സങ്കല്പത്തിൽ ഉള്ളവയാണ്. അതിലൊന്നാണ് കണ്ണൂർ കാടാച്ചിറയിൽ സ്ഥിതി ചെയ്യുന്ന ശ്രീ തൃക്കപ്പാലം മഹാശിവക്ഷേത്രം എന്നാണ് ഐതിഹ്യം. രണ്ടു ശ്രീക്കോവിലുകളും രണ്ടു തന്ത്രിമാരും രണ്ടു കൊടിമരവും രണ്ടു ബലികല്ലും ഉണ്ടെന്നതാണ് ഈ
മഹാശിവക്ഷേത്രത്തിന്റെ പ്രത്യേകത. ഇവിടെ വടക്കുഭാഗത്തുള്ള ശ്രീ കൊട്ടിയൂർ പെരുമാളിന്റെ പ്രതിഷ്ഠ സ്വയംഭൂവാണ്.കൊട്ടിയൂർ പെരുമാൾ എങ്ങനെ തൃക്കപ്പാലത്തെത്തി എന്നതിന് ഒരു ഐതിഹ്യമുണ്ട്. ചിറക്കൽ രാജാവും കോട്ടയം രാജാവും തമ്മിലുള്ള ഉടമ്പടി പ്രകാരം ചിറക്കൽ രാജാവിന് കൊട്ടിയൂർ ശിവക്ഷേത്രത്തിന്റെ പ്രദേശം കോട്ടയം രാജാവിന് കൈമാറേണ്ടി വന്നു. ശിവഭക്തയായ ചിറക്കൽ രാജാവിന്റെ മാതാവിന് ഈ തീരുമാനം അംഗീകരിക്കാൻ ആയില്ല. ദുഃഖിതയായ അമ്മ മഹാറാണിയുടെ സ്വപ്നത്തിൽ കൊട്ടിയൂർ പെരുമാൾ പ്രത്യക്ഷപ്പെടുകയും ഞാൻ തൃക്കപ്പാലം ക്ഷേത്രത്തിന്റെ ശ്രീക്കോവിലിന്റെ വടക്കു ഭാഗത്തു കാണും എന്ന് ഉണർത്തിക്കുകയും ചെയ്തു.

പിറ്റേന്ന് അമ്മ മഹാറാണിയും കൂട്ടരും ശ്രീ തൃക്കപ്പാലം മഹാ ശിവക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കൊട്ടിയൂർ പെരുമാളിന്റെ സ്വയംഭൂ ലിംഗം കണ്ടെത്തുകയും ചിറക്കൽ രാജാവ് അവിടെ കൊട്ടിയൂർ പെരുമാളിന് ശ്രീകോവിൽ പണിയുകയും ചെയ്തു. ഇപ്പോഴും ഇവിടുത്തെ ആരാധന കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

നെയ്യമൃത് ആണ് ഇവിടുത്തെ പ്രധാന വഴിപാട്. പ്രധാന ശ്രീക്കോവിലുകൾക്ക് ചുറ്റും ഭഗവതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ഗണപതി, ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യൻ എന്നിവരുടെ ഉപക്ഷേത്രങ്ങൾ ഉണ്ട്. ക്ഷേത്രത്തിനു മുന്നിലായി വലിയൊരു കുളം ഉണ്ട്.ശ്രീരാമൻ സീതാന്വേഷണത്തിനായി പോകവേ ശ്രീ തൃക്കപ്പാലം ശിവക്ഷേത്രം സന്ദർശിച്ചുവെന്നും സന്ധ്യാവന്ദനത്തിനായി ജലം തേടിയപ്പോൾ ഒരു ചെറിയ നീരോഴുക്ക് കണ്ടുവെന്നും ഭഗവാന്റെ പാദസ്പർശത്താൽ ചെറിയ നീരൊഴുക്ക് വവലിയ കുളമായി മാറിയെന്നുമാണ് ഐതിഹ്യം. ശ്രീ തൃക്കപ്പാലം മഹാശിവക്ഷേത്രത്തിലെ ഇരട്ട തിടമ്പ് നൃത്തം കാണേണ്ട കാഴ്ചയാണ്. ക്ഷിപ്ര പ്രസാദിയായ ഭഗവാൻ ശ്രീ പരമശിവനെ പ്രാർത്ഥിച്ചാൽ സർവൈശ്വര്യങ്ങളും സിദ്ധിക്കുമെന്നാണ് വിശ്വാസം.

ജ്യോതിഷി സുജാത പ്രകാശൻ
+91 9995 960 923
‘ശങ്കരം’, കാടാച്ചിറ, കണ്ണൂർ
ഇമെയിൽ : sp3263975@gmail.com

Story Summary: Sree Trikkapalam Maha Shiva Temple

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!