Saturday, 23 Nov 2024
AstroG.in

തൃക്കാക്കരയപ്പന് പാല്‍പ്പായസം നേദിച്ചാൽ എന്ത് ആഗ്രഹവും സാധിക്കും

മഹാവിഷ്ണുവിന്റെ വാമനാവതാര പ്രതിഷ്ഠയുള്ളദിവ്യസന്നിധിയായ എറണാകുളം തൃക്കാക്കര ശ്രീ മഹാക്ഷേത്രം തിരുവോണം ആറാട്ടിന് ഒരുങ്ങുന്നു.  ചിങ്ങത്തിലെ അത്തം നാളിൽ  കൊടിയേറുന്നത് മുതലുള്ള പത്തു ദിവസമാണ്  ത്രിവിക്രമനായതൃക്കാക്കരയപ്പന് വിശേഷം. സെപ്തംബർ 11നാണ് തിരുവോണം ആറാട്ട് .


ഒരു കൈ അരയ്ക്കു കൊടുത്തിരിക്കുന്നു;  മറ്റേകൈകൊണ്ട് അനുഗ്രഹം ചൊരിയുന്നു. പിന്നിലെ ഒരു കൈയില്‍ ശംഖ്, മറുകൈയില്‍ സുദര്‍ശനം. പിന്നെ പുണൂല്‍, തോള്‍വള, കനക രത്നാഭരണങ്ങള്‍, കിരീടം…. ഇതെല്ലാം അണിഞ്ഞ് മൃദുമന്ദഹാസത്തോടെയാണ്  തൃക്കാക്കരയപ്പൻ ആശ്രിതവത്സലനായി വിളങ്ങുന്നത്. 
ഭൂമിയിലേക്ക് തന്നെ ചവിട്ടി താഴ്ത്തുമ്പോള്‍ മുഖമുയര്‍ത്തി നോക്കിയ മഹാബലി കണ്ട  അതേ വാമനാവതാര രൂപമാണിത്. മഹാബലിയെ ചവിട്ടി താഴ്ത്തിയത് നിഗ്രഹമാണ്; പക്ഷേ മഹാവിഷ്ണുവിന്റെ പാദസ്പര്‍ശമായതിനാൽ അത് ദിവ്യവും പുണ്യകരവുമാണ്. 

മഹാവിഷ്ണുവിന്റെ പാദത്തിന് മൂന്നര്‍ത്ഥമാണ്:  ഒന്ന് ഭഗവാന്‍, രണ്ട് വൈകുണ്ഠം, മൂന്ന് എത്തുക – വിഷ്ണു പാദസ്പര്‍ശമേല്‍ക്കുന്നയാള്‍ ഭഗവാന്റെ വാസസ്ഥലമായ വൈകുണ്ഠത്ത് എത്തുന്നു എന്ന് പൊരുൾ.  ഭഗവാന്റെ ശരീരത്തിലെ ഓരോ അവയവങ്ങളും ഓരോ ദേവതകള്‍ സ്വന്തമാക്കുകയും  ഒടുവിൽ ഭക്തര്‍ക്കായി പാദങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തത്രേ. ആ പാദങ്ങളാണ് ഇത്.
പാതാളത്തിലേക്ക് അയക്കുന്ന മഹാബലിയെ അനുഗ്രഹിക്കുന്ന ഭാവത്തില്‍ വാമനന്‍ നില്‍ക്കുന്ന  പ്രതിഷ്ഠ ആയതിനാല്‍ എന്ത് ആഗ്രഹം സാധിക്കുന്നതിനും തൃക്കാക്കരയപ്പനെ  തൊഴുത്  പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി. ആഗ്രഹ നിവൃത്തിക്ക്  വാമനമൂര്‍ത്തിക്ക് നടത്തുന്ന  നടത്തുന്ന  പ്രധാന വഴിപാട് പാല്‍പ്പായസമാണ്. ഒപ്പം കദളിപ്പഴവും നേദിക്കും. തിരുവോണമൂട്ട്, മുഴുക്കാപ്പ് എന്നീ വഴിപാടുകളും പ്രധാനമാണ്.  തൊട്ടില്‍ കെട്ടലാണ് തൃക്കാക്കരയിലെ മറ്റൊരു പ്രസിദ്ധ വഴിപാട്.

ലോകത്തിന്റെ  ഏതു കോണിലിരുന്ന് തൃക്കാക്കര അപ്പനോട് സന്താനലബ്ധിക്ക് പ്രാര്‍ത്ഥിച്ചാലും  അനുഗ്രഹം ലഭിക്കും –  അനേകായിരം ആളുകളുടെ  അനുഭവമാണിത്. തിരുനടയില്‍ ഇരുഭാഗത്തുമായി തൂക്കിയിരിക്കുന്ന കുഞ്ഞു തടി തൊട്ടിലുകള്‍ ഇതിന്റെ സാക്ഷ്യമാണ്. ഉപദേവതകളായ യക്ഷിക്ക് പാല്‍പ്പായസം, ഭഗവതിക്ക് കടുംപായസം, ശാസ്താവിന് നീരാജനം, ബ്രാഹ്മരക്ഷസിന് പാല്‍പ്പായസം നാഗരാജാവിന് നൂറും പാലും ഗോപാലകൃഷ്ണന് പാല്‍പ്പായസം എന്നിവയാണ് തൃക്കാക്കര ക്ഷേത്രത്തിലെ മറ്റ് നിവേദ്യങ്ങള്‍.

ചിങ്ങത്തിലെ അത്തത്തിന് നടക്കുന്ന കൊടിയേറ്റം മുതല്‍ ഓരോ ദിവസവും ദശാവതാരചാര്‍ത്തും തിരുവോണ ദിവസം വിവിധ വിഭവങ്ങളോടെ സദ്യയും നടത്താറുണ്ട്. തൃക്കാക്കരയിലെ തിരുവോണസദ്യയില്‍ ആയിരങ്ങളാണ് എല്ലാ വർഷം  ആഘോഷപൂർവ്വം  പങ്കെടുക്കുന്നത്.  തൃപ്പുണിത്തുറയിലെ അത്തം നഗറില്‍നിന്നും ഓണപ്പതാക ഇവിടെ കൊണ്ടുവരുന്നതും ഈ ദിവസമാണ്. ഉത്രാടദിവസം തൃക്കാക്കര പഞ്ചായത്ത് അധികൃതര്‍ ഇതു സ്വീകരിച്ച് ക്ഷേത്രത്തില്‍ പൂജിക്കും. അതിനുശേഷം ഉത്രാടസദ്യയും നടക്കും.

രാവിലെ 4.25 നട തുറക്കും. 4.30 ന് പള്ളിയുണര്‍ത്തല്‍. 5.00 നിര്‍മ്മാല്യം, 5.30 ഉഷപൂജ, 5.45 എതൃത്തുപൂജ 6.30 ന് ശീവേലി, 8 മണിക്ക് പന്തീരടിപൂജ, 10.30 ന് ഉച്ചപൂജ, 10.45 ന് ഉച്ച ശീവേലി തുടര്‍ന്ന് 11 മണിക്ക് നട അടപ്പ്. വൈകുന്നേരം 5.00 നട തുറക്കും. 6.30  ദീപാരാധന 7.30  അത്താഴപൂജ 7.45 അത്താഴശീവേലി.

– സരസ്വതി ജെ.കുറുപ്പ്       Mob: +91 90745 80476

error: Content is protected !!