Thursday, 21 Nov 2024
AstroG.in

തെക്കോട്ട് തലവച്ച് ഉറങ്ങാമോ, വടക്ക് ദിക്കിൽ തല വച്ചാൽ എന്ത് പറ്റും?

തെക്ക് തലവച്ച് ഉറങ്ങാമോ എന്ന് ധാരാളം ആളുകൾ ചോദിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് ഇതൊരു ഭയപ്പെടുത്തുന്ന ആശങ്കയാണ്. എന്നാൽ തെക്കോട്ട് തലവച്ചുറങ്ങുന്നതു കൊണ്ട് യാതൊരു ദോഷവുമില്ലെന്ന് വിശ്വവിശ്വപ്രസിദ്ധ വാസ്തു ആചാര്യനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പറയുന്നു.

മരിച്ചാൽ കിടത്തുന്നത് തെക്കോട്ടായതിനാലാണ് തെക്ക് തല വച്ച് ഉറങ്ങുന്ന കാര്യത്തിൽ പലർക്കും ഭയം. ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും അർത്ഥവും ഇല്ലെന്നാണ് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നത്. തിരുമേനി പറയുന്നു: ഞാൻ തെക്കോട്ടു തല വച്ചാണ് കിടക്കുന്നത്. പ്രഭാതത്തിൽ വെളിച്ചം മുഖത്തു വീഴാൻ തെക്കോ, കിഴക്കോ തലവച്ചു കിടക്കണം. വലത്തോട്ടു തിരിഞ്ഞെഴുന്നേറ്റാൽ മുഖം വടക്കോ കിഴക്കോ വരണമെന്നാണ് പ്രമാണം. തെക്കോട്ടു തലവച്ചു കിടന്ന് വലത്തോട്ടുണർന്ന് എഴുന്നേൽക്കുമ്പോൾ മുഖം കിഴക്ക് ദർശനമായിരിക്കും. കിഴക്കോട്ടു തലവച്ചു കിടന്ന്
വലത്തോട്ട് എഴുന്നേറ്റാൽ വടക്ക് ദർശനമാകും. ഈ തത്വം നിശ്ചയമില്ലാത്തവർ ആണ് പല ദിക്കിന്റെയും പേരു പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്നത്.

ഭുമിയിലെ കാന്തികോർജ്ജവും കാന്തിക തരംഗവും നിരന്തരം തെക്കു ദിക്കിൽ നിന്നും വടക്കോട്ട് പ്രവഹിക്കുന്നതിനാലാണ് തെക്കു ദിക്കിൽ തല വച്ച് കിടക്കണം എന്നും അതിന് വിപരീതമായ വടക്ക് ദിക്കിൽ തല വച്ച് കിടക്കരുതെന്നും പറയുന്നതിന്റെ കാരണം എന്നും വ്യാഖ്യാനമുണ്ട്. തെക്കു തല വച്ച് കിടന്നാൽ ഭൂമിയിലെ കാന്തികോർജ്‌ജം നമ്മുടെ ശിരസിലൂടെ കയറി ശരീരത്തിലൂടെ പ്രവഹിച്ച് പാദത്തിലൂടെ പുറത്തു പോകും. ഇതിലൂടെ നമുക്ക് ഉറക്കം എഴുന്നേൽക്കുമ്പോൾ നവോന്മേഷവും പ്രസരിപ്പും ആർജ്ജിക്കാൻ കഴിയും. അതേസമയം വടക്കോട്ട് തലവച്ചു കിടന്നാൽ നേരെ വിപരീതം സംഭവിക്കും. പാദത്തിലൂടെ പ്രവേശിക്കുന്ന കാന്തികോർജ്ജം രാവിലെ എഴുന്നേൽക്കുമ്പോൾ മന:സംഘർഷം വർദ്ധിപ്പിക്കും. മനസിന് ഉന്മേഷമില്ലായ്മ, മന്ദത, ക്ഷീണം, തലവേദന എന്നിവയെല്ലാം സൃഷ്ടിക്കും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 98475 75559

error: Content is protected !!