Thursday, 21 Nov 2024
AstroG.in

നിയുക്ത മേൽശാന്തിമാർ ഭജനമിരിക്കാൻ സന്നിധാനത്ത്

ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ  ഒരു മാസം മുൻപേ സന്നിധാനത്തെത്തി. നിയുക്ത ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയുമാണ് കന്നിമാസ അറുതിയായ വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയത്.  ഇനി 13 മാസം  പുറപ്പെടാശാന്തിമാരായി ഇരുവരും ശബരിമലയിലുണ്ടാകും.


ഇപ്പോഴത്തെ ശബരിമല  മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി വ്യാഴാഴ്ച വൈകിട്ട്  പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷം നിയുക്ത മേൽശാന്തിമാരെ  പതിനെട്ടാം പടിയിലേക്ക്  കൈപിടിച്ച് ആനയിച്ചു. കൊടിമരത്തിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർ കെ.പി.ശങ്കരദാസ് എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. തുടർന്ന് ഇരുമുടി കെട്ടുമായി രണ്ടു പേരും ആദ്യം അയ്യപ്പനെയും പിന്നീട് മാളികപ്പുറത്തമ്മയെയും തൊഴുതു.

തുലാം ഒന്നു മുതൽ നിയുക്ത മേൽശാന്തിമാർ രണ്ടു പേരും 
പുറപ്പെടാശാന്തിമാരായിരിക്കും. സുധീർ നമ്പൂതിരി  ശബരിമലയിലും പരമേശ്വരൻ നമ്പൂതിരി മാളികപ്പുറത്തും തുലാമാസം മുഴുവൻ ഭജനമിരിക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും ആചാരങ്ങൾ നേരിട്ടു കണ്ട് മനസ്സിലാക്കി പരിശീലിക്കുന്നതിനായാണ് ഈ സമ്പ്രദായം ഇത്തവണ മുതലാണ് നടപ്പിലാക്കുന്നത്.വൃശ്ചികം ഒന്നിനാണ് ഇരു മേൽശാന്തിമാരുടെയും അവരോധിക്കൽ ചടങ്ങും അഭിഷേക ചടങ്ങും നടക്കുക. തുലാമാസ പൂജകൾക്ക് നട തുറന്ന വ്യാഴാഴ്ച പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നടതുറന്ന ദിവസം തന്നെ അയ്യപ്പദർശനത്തിന് ഭക്തരുടെ വൻ തിരക്കായിരുന്നു.               –

സുനിൽ അരുമാനൂർ               

(ചിത്രങ്ങൾ: ഉണ്ണി ശിവ)

error: Content is protected !!