പഞ്ചശിരസ് വാസ്തുദോഷം തീർക്കും
വാസ്തുദോഷത്തിനുള്ള പരിഹാരമാണ് പഞ്ചശിരസ്ഥാപനം. വീടുപണി തുടങ്ങി അടിത്തറ കെട്ടി തീര്‍ന്നശേഷം നാലുദിക്കിലും പുറം ചുമരിന്റ മദ്ധ്യഭാഗത്ത് താഴെ ചന്ദനച്ചെപ്പിലോ തടിച്ചെപ്പിലോ അഞ്ച് മൃഗങ്ങളുടെ തലയുടെ ഭാഗം സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പഞ്ചലോഹത്തിലോ സ്ഥാപിക്കുന്നതാണ് ഈ ചടങ്ങ്. കിഴക്കുഭാഗത്ത് ആനയുടെ തലയും തെക്കുഭാഗത്തു പോത്തിന്റെ തലയും പടിഞ്ഞാറുഭാഗത്ത് സിംഹത്തിന്റെ തലയും മധ്യഭാഗത്തു ആമയുടെ തലയും വടക്കുഭാഗത്ത് പന്നിയുടെ തലയും ചെപ്പിനുള്ളില്‍ സ്ഥാപിക്കണം. ഇതല്ലെങ്കില്‍ ഒരു ചെമ്പ് പെട്ടിക്കകത്ത് നേരത്തേ പറഞ്ഞിട്ടുള്ള അഞ്ചു തലകളും സ്ഥാപിച്ച് അടച്ച് പൂമുഖവാതിലിന്റെ വലത്തേ പടിയുടെ താഴെ സ്ഥാപിക്കുകയോ അല്ലെങ്കില്‍ വലത്തേ കട്ടിളപ്പടിയോടു ചേര്‍ത്ത് ചുമരില്‍ സ്ഥാപിക്കുകയോ അല്ലെങ്കില്‍ കട്ടിളപ്പടിയുടെ മുകള്‍ വശത്ത് സ്ഥാപിക്കുകയോ ചെയ്യാം. പ്രത്യേകിച്ച് ഒരുകാര്യം ശ്രദ്ധിക്കേണ്ടത് മൃഗങ്ങളുടെ തലയുടെ ഭാഗങ്ങള്‍ നോക്കിയിരിക്കേണ്ട ദിക്കിന് പ്രാധാന്യമുണ്ടെന്നതാണ്. ചെപ്പില്‍ അടയ്ക്കുവാന്‍ പറഞ്ഞിട്ടുള്ള രീതിയില്‍ തന്നെയായിരിക്കണം പെട്ടിക്കുള്ളില്‍ ആലേഖനം ചെയ്തു സ്ഥാപിക്കേണ്ടത്.