Saturday, 23 Nov 2024
AstroG.in

പഠിക്കുന്ന കുട്ടിക്ക് കഴുത്തുവേദന

പതിമൂന്നു വയസ്സ് പ്രായം കാണും. പഠിക്കാൻ വളരെ മിടുക്കൻ. ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതം. കുറെ മാസങ്ങളായി ഈ കുട്ടിക്ക് കൂടെക്കൂടെ കഴുത്തുവേദനയും തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ല. പഠനത്തിൽ ശ്രദ്ധ കുറയുന്നു. എപ്പോഴും ചടഞ്ഞു കൂടിയിരിക്കും. വീട്ടുകാർക്ക് ഇതെല്ലാം കണ്ട് വലിയ വിഷമമായി.
അങ്ങനെ അവർ കുട്ടിയെയും കൂട്ടി ഒരു ഡോക്ടറുടെ അടുത്തു ചെന്നു.  ബുദ്ധിമുട്ടുകളെല്ലാം പറഞ്ഞുകേൾപ്പിച്ചു.  ചെവിയിലെ ഫ്ളൂയിഡ് കുറയുന്നതു മൂലമാണ് തലകറക്കവും കഴുത്തിനു വേദനയും കൂടെക്കൂടെയുണ്ടാകുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്.  അങ്ങനെ അതിനുള്ള ചികിത്സ തുടർന്നു. മരുന്നുകളെല്ലാം മുറപോലെ കഴിച്ചു.  ആഴ്ചകൾ കഴിഞ്ഞിട്ടും രോഗത്തിനു വലിയ മാറ്റങ്ങളൊന്നും കണ്ടില്ല. പകരം കുട്ടി മൂകനായി. ക്ഷീണിതനായിക്കൊണ്ടിരുന്നു. 


ഈ സാഹചര്യത്തിലാണ് കുട്ടിയെയും കൂട്ടി മാതാപിതാക്കൾ യോഗ കേന്ദ്രത്തിലേക്കു വന്നത്. കുട്ടിയുടെ ദിനചര്യകളെല്ലാം ചോദിച്ചു മനസ്സിലാക്കി.  പഠന കാര്യങ്ങളെപ്പറ്റിയാണ് ആദ്യം ചോദിച്ചത്. പക്ഷേ അതു കഴിഞ്ഞുള്ള സമയം എന്തെടുക്കുന്നു എന്നത് പ്രധാനമായിരുന്നു. 
ടിവി കാണാറുണ്ടോ? അതെങ്ങനെ കാണുന്നു? എവിടെയിരുന്നു കാണുന്നു? കംപ്യൂട്ടർ നോക്കാറുണ്ടോ? ആ സമയത്ത് കുട്ടി ഏതു പൊസിഷനിലാണ് ഇരിക്കുന്നത്? കളികളിലേർപ്പെടാറുണ്ടോ? എപ്പോഴാണ് കളിക്കുന്നത്? എന്തു കളിയാണ് ഇഷ്ടം?ഇത്രയൊക്കെ ചോദിച്ചതിന്റെ മറുപടിയിൽ നിന്നു മനസ്സിലായി, എന്തു കാരണങ്ങൾകൊണ്ടാണ് തല കറക്കവും കഴുത്തുവേദനയും ഉണ്ടാകുന്നതെന്ന്. 


ചില സമയങ്ങളിൽ കുട്ടി പഠിച്ചു കൊണ്ടിരുന്നത് തറയിൽ മലർന്നു കിടന്ന്, തല ഭിത്തിയിലേക്കുയർത്തിവച്ചാണ്. അതുപോലെ കമഴ്ന്നു കിടന്ന് ഇരു കൈമുട്ടുകളും തറയിലൂന്നി കൈപ്പത്തികളിൽ താടി ഉറപ്പിച്ച് തല പുറകോട്ടു വളച്ചുവച്ചു പഠിക്കാറുണ്ട്. ദിവാൻ കോട്ടിന്റെ ഉയരമുള്ള ഭാഗത്ത് തല പൊക്കിവച്ചാണ് ടിവി കാണുന്നത്. ചിലപ്പോൾ ഒരു കസേരയിൽ വളഞ്ഞു കിടന്ന് വേറൊരു കസേരയിലേക്കു കാലുയർത്തിവച്ചും കാണാറുണ്ടായിരുന്നു. 
ഈ സമയങ്ങളിലെല്ലാം കഴുത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള അമിതമായ വളവുമൂലം പുറത്തിനും കഴുത്തിനും നീർവീഴ്ച വന്നതാണ് തലകറക്കത്തിനും കഴുത്തുവേദനയ്ക്കും കാരണമായത്. തെറ്റായ ജീവിതശൈലികൾ പലതും നമ്മെ രോഗങ്ങൾക്ക് അടിപ്പെടുത്തുന്നു. ജീവിതശൈലി ചിട്ടപ്പെടുത്തുകയും അതോടൊപ്പം നിരന്തരമായ യോഗചര്യയിലൂടെയും ഏതാനും ദിവസങ്ങൾ കൊണ്ട് ആ കുട്ടിക്കു രോഗത്തിൽ നിന്നു മുക്തനാകുവാൻ കഴിഞ്ഞു. ഇതുപോലെ കഴുത്തിനും പുറത്തും വേദനയുള്ള കുട്ടികളെ മാതാപിതാക്കൾ കൊണ്ടുവരാറുണ്ട്. ഇതിൽ ചില കുട്ടികൾക്കു വരുന്ന വേദന പുറത്തു ബാഗ് തൂക്കുന്നതു മൂലമാണ്. താഡാസനം, ഭുജംഗാസനം എന്നിവ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയ  യോഗാസനങ്ങളാണ്.


താഡാസനം ചെയ്യുന്ന വിധം:ഇരുകാലുകളും ചേർത്തു വച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകാലുകളുടെ ഉപ്പൂറ്റിയും കൈകളും കഴിയുന്നത്ര മുകളിലേക്കുയർത്തുകയും ശ്വാസം വിട്ടു കൊണ്ട് സാവധാനം താഴ്ത്തുകയും ചെയ്യുക. ഇതു ചെയ്യുമ്പോൾ കാലുകളുടെ ഉപ്പൂറ്റിയും കൈകളും ഒരു പോലെ ഉയർത്തുകയും ഒരു പോലെ താഴ്ത്തുകയും ചെയ്യേണ്ടതാണ്. അതേ പോലെ കൈകൾ ഉയർന്നുവരുമ്പോൾ തലയുടെ ഇരു വശങ്ങളിലും ചെവിയോടു ചേർത്തുപിടിക്കേണ്ടതാണ്.  ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവർത്തിക്കാവുന്നതാണ്. കൈമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതിനു വളരെയധികം സഹായിക്കുന്ന യോഗാസനമാണിത്. പുറത്തെ പേശികൾക്കുള്ള നീർവീഴ്ച കുറയുകയും നല്ല അയവും വഴക്കും കിട്ടുന്നു. തോളുകൾക്കും നട്ടെല്ലിനും നീർക്കെട്ടു മൂലമുണ്ടാകുന്ന വേദന ശമിക്കുന്നു. തോളുകൾക്കുണ്ടാകുന്ന വേദനയും ചലനശേഷിയുടെ ന്യൂനതകളും പരിഹരിക്കപ്പെടുന്നു.


ഭുജംഗാസനം ചെയ്യുന്നവിധം: ഇരുകാലുകളും ചേർത്തുവച്ച് തറയിൽ കമഴ്ന്നു കിടക്കുക. നെറ്റി തറയിൽ പതിഞ്ഞിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇനി ഇരു കൈപ്പത്തികളും നെഞ്ചിനോടു ചേർത്ത് ഇരുതോളുകൾക്കും താഴെയായി തറയിൽ പതിച്ചു വയ്ക്കേണ്ടതാണ്. സാവധാനം ശ്വാസമെടുത്തു കൊണ്ട് നെഞ്ചും തലയും തറയിൽ നിന്നുയർത്തുകയും സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുകയും ചെയ്യുക.നെഞ്ചും തലയും ഉയർത്തുന്ന അവസ്ഥയിൽ കൈകൾ രണ്ടും നിവർന്ന് വരാതെയും അടിവയർ തറയിൽ നിന്ന് ഉയർന്നു വരാതെയും ശ്രദ്ധിക്കേണ്ടതാണ്. ഈ ആസനം എട്ടോ പത്തോ തവണ ആവർത്തിക്കാവുന്നതാണ്.
( ജൂൺ 21 അന്താരാഷ്ട്ര യോഗദിനം)

വിവരങ്ങൾക്ക് കടപ്പാട്: യോഗാചാര്യൻ എ.കെ. പ്രേമചന്ദ്രൻ നായർ.

– പി.എം. ബിനുകുമാർ+91 9447694053

error: Content is protected !!