Sunday, 12 May 2024
AstroG.in

പത്താമുദയം മംഗള കർമ്മങ്ങൾക്ക് ശുഭദിനം; തുടങ്ങുന്നതെല്ലാം വിജയിക്കും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഏതൊരു മംഗളകാര്യത്തിനും ദിവസം ശുഭകരമായ ദിവസമാണ് പത്താമുദയം. സംരംഭങ്ങൾ ആരംഭിക്കാൻ യാതൊരു ദോഷവും ഇല്ലാത്ത ഏറ്റവും ശുഭദിനമായി പത്താമുദയത്തെ പറയുന്നു. പത്താമുദയം, വിജയദശമി എന്നീ ദിവസങ്ങൾ പൂർണ്ണമായും ശുദ്ധമാണെന്നും അതുകൊണ്ട് ഏതൊരു മംഗളകാര്യവും ഈ ദിവസം തുടങ്ങാം എന്നും വിശ്വാസവും ധാരാളം ആളുകൾക്ക് അനുഭവമുണ്ട്. ആചാരപരമായ വിശ്വാസങ്ങളിൽ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ ഇതിന് അംഗീകാരം കാണുന്നില്ല. എങ്കിലും സൂര്യഭഗവാനെ സ്മരിച്ച് ഈ ദിവസം ചെയ്യുന്ന ഏതൊരു പ്രവർത്തനവും പൂർണ്ണവിജയമാണ് എന്നാണ് ഭൂരിപക്ഷാഭിപ്രായം. പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും മാത്രമല്ല ഈ ദിവസം തുടങ്ങുന്ന പുതിയകാര്യങ്ങൾക്കും പൂർണ്ണഫലപ്രാപ്തിയുണ്ട്. 2024 ഏപ്രിൽ 23 ചൊവ്വാഴ്ച ആണ് പത്താമുദയം. അന്ന് തന്നെയാണ് മേടത്തിലെ
പൗർണ്ണമിയായ ചിത്രാപൗർണ്ണമിയും ഹനുമദ് ജയന്തിയും.

സൂര്യൻ ഉച്ചസ്ഥിതിയിൽ
സൂര്യൻ പരിപൂർണ്ണതേജസോടെ ഉച്ചസ്ഥിതിയിൽ ഭൂമിയിൽ ഉദിക്കുന്ന ദിവസമാണ്‌ പത്താമുദയം അഥവാ
മേടപ്പത്ത്. ഏറെ പുണ്യദായകമായ ഈ അപൂർവ്വദിവസം സൂര്യചൈതന്യം പൂർണ്ണാനുഗ്രഹകലയായി മാറുകയും സൂര്യമണ്ഡലത്തിലൂടെ എല്ലാമൂർത്തികളും അനുഗ്രഹം ചൊരിയുകയും ചെയ്യും. അന്ന് പ്രഭാതത്തിൽ കുളിച്ച് ഓം ഘൃണി സൂര്യാദിത്യ എന്ന് 108 പ്രാവശ്യം ജപിച്ചാൽ ദുരിതങ്ങൾ നീങ്ങും. ഉത്തമനായ ഒരു കർമ്മിയെക്കൊണ്ട് ഈ ദിവസം ഗായത്രി ഹോമം ചെയ്യിച്ചാൽ അതിന്റെ സുകൃതം അളവറ്റതായിരിക്കും. ധനാഭിവൃദ്ധിക്കും
ലക്ഷ്മി പൂജയും വൈശ്രവണപൂജയും ഈ ദിവസം ഒരു കർമ്മിയെക്കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ്.
വിജയാഘോഷം മേടപുലരിയുടെ പത്താം ദിവസമാണ് പത്താമുദയം. ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ചതോടുകൂടി ലോകം മുഴുവൻ ശാന്തിയും സമാധാനവും തിരിച്ചും വന്നു എന്നും സൂര്യൻ പൂർണ്ണതേജസോടെ വീണ്ടും ഉയർന്ന പത്താമുദയ ദിവസം പ്രപഞ്ചം മുഴുവൻ വിജയാഘോഷം നടത്തിയെന്നും ഐതിഹ്യം. ചുരുക്കത്തിൽ രാവണനെ സൂര്യൻ പോലും ഭയന്നിരുന്നു എന്ന് സാരം. ലോകം മുഴുവനും ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ സ്മരണയാണ് പത്താമുദയം എന്ന് ഈ ഐതിഹ്യത്തിൽ പറയുന്നു.

കുബേര അവതാരദിനം
സമ്പത്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാഥനായ കുബേരന്റെ അവതാരദിനമായും ചിലയിടത്ത് പത്താമുദയത്തെ പറയുന്നു. ഈ ഐതിഹ്യത്തിനെല്ലാം അപ്പുറത്ത് കേരളീയരെ സംബന്ധിച്ചിടത്തോളം ധാരാളം ക്ഷേത്രങ്ങളിലെ പ്രാദേശികമായ ഉത്സവാഘോഷത്തിന്റെ കാലം കൂടിയാണ് പത്താമുദയം.

ഇഷ്ടദേവതാ പ്രാർത്ഥന
മേടപ്പത്തിന് വ്രതം അനുഷ്ഠിച്ച് സ്വന്തം ഇഷ്ടദേവനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്. ഇഷ്ടദേവതാ സങ്കല്പം ഇല്ലാത്തവർ ഓം നമോ നാരായണായ മന്ത്രം പരമാവധി ജപിക്കുന്നത് ഗുണകരമാണ്. പാപശാന്തിക്കും വിഘ്‌നങ്ങൾ നീക്കുന്നതിനും ദുരിതം നീങ്ങുന്നതിനും ഈ മന്ത്രജപം പ്രയോജനപ്പെടും.

അരയാൽ പ്രദക്ഷിണം
പത്താം ഉദയം ദിവസം വ്രതം പാലിച്ച് അരയാലിന് 21 പ്രദക്ഷിണം ചെയ്താൽ മുൻജന്മപാപം പോലും മാറും. ഈറനോടെ ചെയ്യുന്നത് കൂടുതൽ നല്ലതാണ്. പാപശാന്തിക്ക് 21 പ്രാവശ്യവും തടസ്സം നീങ്ങുന്നതിന് 18 പ്രാവശ്യവും കാര്യവിജയത്തിന് 36 പ്രാവശ്യവും പ്രദക്ഷണം ചെയ്യാം.

തുളസിദാനം
ഈ ദിവസം തുളസിച്ചെടിയും വസ്ത്രവും ദക്ഷിണയും ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നതും അന്നദാനം നൽകുന്നതും ശാപദോഷങ്ങൾ മാറുന്നതിന് ഗുണകരമാണ്. പാവപ്പെട്ടവർക്ക് ഈ ദിവസം വസ്ത്രം, ഭക്ഷണം എന്നിവ ദാനം ചെയ്താൽ അതിന്റെ പുണ്യം എക്കാലവും നമ്മെ രക്ഷിക്കും എന്നാണ് സങ്കല്പം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 944702 0655

Story Summary : The tenth day on Malayalam month Medam is known as Pathamudayam. This day is also popular as Medapath and is auspicious for new beginnings, agricultural operations, Mantra chating etc..The importance of Vishu festival will last till Medapath

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!