Tuesday, 3 Dec 2024
AstroG.in

പുതിയ വീടിന്റെ ഐശ്വര്യ പൂജകൾ, ഒരുക്കങ്ങൾ

പുതിയ വീടു വയ്ക്കുമ്പോൾ  വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്ന  ഉത്തമമായ പൂജകൾ നടത്തുന്നത് ഗൃഹനിർമ്മാണ  തടസ്സങ്ങൾ നീങ്ങുന്നതിനും വീടിന്റെ ഐശ്വര്യത്തിനും നല്ലതാണ്.വീട് വയ്ക്കുവാൻ ഭൂമി തിരഞ്ഞെടുത്താലുടൻ  ഭൂമിപൂജ ചെയ്യണം. അതിവേഗം ചെയ്യുന്ന എല്ലാ കാര്യങ്ങളും ശുഭകരമായിത്തീരുമെന്നാണ് പരമ്പരാഗത പ്രമാണം. ഭൂമി പൂജ  വടക്ക് കിഴക്ക് ഭാഗത്തിരുന്നാണ് ചെയ്യേണ്ടത്.  ഇതിന്റെ കൂടെ  തറരക്ഷയും ചെയ്യണം. 

അതിനൊപ്പം കിണറിന്റെ സ്ഥാനം കാണണം.മകരം, കുംഭം, മീനം, മേടം, ഇടവം രാശികളിൽ കിണർ എടുക്കാവുന്നതാണ്. ഇതിൽ മീനം രാശിയിലും കുംഭം രാശിയിലും കിണർ എടുക്കുന്നതാണ് ഏറ്റവും നല്ലത്.  പുറത്തുനിന്ന് വരുന്ന ജലം ആയാലും മഴവെള്ളം ശേഖരിക്കുന്ന ടാങ്ക് ആയാലും വടക്ക് കിഴക്കേ ഭാഗത്ത് വരുന്നതാണ് ഉത്തമം.  വീടിന്റെ മുകളിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നത് കിഴക്കും വടക്കും പടിഞ്ഞാറും ആകാം. എന്നാൽ അധികം ഭാരമുള്ള വലിയ ടാങ്ക് ആണെങ്കിൽ തെക്ക് ഭാഗത്ത് ക്രമീകരിക്കണം.
സെപ്ടിക്ക് ടാങ്കിന്റെ സ്ഥാനം നിർണ്ണയിക്കുന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. വീടിന് സ്ഥാനം നിശ്ചയിക്കും മുൻപ്  സെപ്ടിക്ക് ടാങ്കിന്റെ സ്ഥാനം കാണണം. വീടിന്റെയും ഭൂമിയുടെയും മൂലകളിൽ സെപ്ടിക്ക്ടാങ്കിന് സ്ഥലം എടുക്കരുത്.  സൂര്യകിരണങ്ങൾ കൂടുതൽ പതിക്കുന്ന കിഴക്ക് പടിഞ്ഞാറ് ഭാഗത്തും  വടക്ക് പടിഞ്ഞാറ് ഭാഗത്തും സെപ്ടിക് ടാങ്ക് വരുന്നതാണ് ഉത്തമം. വീടിന്റെ പ്രധാനപ്പെട്ട നാലുകോണുകളിലും ചേർത്ത് മാൻഹോൾ എടുക്കരുത്.  പകരം  പൈപ്പ്  ലൈൻ ഇടുന്നതിൽ അപാകതയില്ല.

വലിയ വൃക്ഷങ്ങൾ നിൽക്കുന്നിടത്തു നിന്നും കുറഞ്ഞത്  പത്തടിയെങ്കിലും മാറ്റി വേണം വീട് വയ്ക്കാൻ. മരമുണ്ടെങ്കിൽ മുറിച്ച് മാറ്റുക.വീട് വച്ച ശേഷം മാവ് പോലുള്ളവ നടാൻ  ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ ഈ കണക്ക് നോക്കണ്ട. 

വീടിന്റെ അടിസ്ഥാനത്തിന്റെ പണി പൂർത്തിയായി  കഴിഞ്ഞാൽ പ്രധാന കട്ടളപ്പടി സ്ഥാപിക്കുന്നതിന്റെ തലേന്ന് ആദ്യ  വാസ്തുബലി ചെയ്യണം. വീടുപണി പൂർത്തിയായിക്കഴിഞ്ഞാൽ ഗൃഹപ്രവേശനത്തിന്റെ തലേദിവസം അടുത്ത വാസ്തുബലി നടത്തണം. ഗൃഹപ്രവേശ ദിവസം വെളുപ്പാൻ കാലത്ത് ഗണപതിഹോമവും, ലക്ഷ്മീനാരായണപൂജയും വൈകുന്നേരം സത്യനാരായണപൂജയും  ചെയ്യുന്നത്  ഉത്തമമാണ്. ഇതിന് ദേശ ഭേദമുണ്ട്; ചില സ്ഥലങ്ങളിൽ ഗൃഹപ്രവേശ ദിവസം വെളുപ്പിന്  ഗണപതിഹോമവും  വൈകിട്ട് ഭഗവതിസേവയുമാണ് നടത്തുന്നത്.

വീടുപണി പൂർത്തിയാക്കുന്നതിനൊപ്പംഗേറ്റും ചുറ്റുമതിലും നിർമ്മിക്കണം. വീടിന്റെ ഐശ്വര്യം നിലനിറുത്തുന്ന പ്രധാന ഘടകങ്ങളാണ് ചുറ്റുമതിലും ഗേറ്റും. ഒരു വീട് പണിയിച്ചിട്ട് ചുറ്റുമതിൽ ഇല്ലെങ്കിൽ വീടിന്റെ ഐശ്വര്യം കുറയും. ചുറ്റുമതിലിന്റെ ഉത്തമ സ്ഥാനത്ത് തന്നെയായിരിക്കണം പ്രധാനഗേറ്റ്. ചുറ്റുമതിൽ കെട്ടുമ്പോൾ  കിഴക്ക്ഭാഗവും വടക്ക്ഭാഗവും സ്ഥലം കൂട്ടിയും തെക്കും പടിഞ്ഞാറും മറ്റ് രണ്ട് ഭാഗത്തെക്കാൾ കുറച്ചും എടുക്കേണ്ടതാണ്.

അതേ സമയം തന്നെ വീടിന്റെ ഏത് ഭാഗത്തു ആണ് വളർത്തു മൃഗങ്ങളുടെ സ്ഥാനം വരേണ്ടതെന്നും തീരുമാനിച്ച് നിർമ്മാണം പൂർത്തിയാക്കണം.പശുക്കളുടെ തൊഴുത്ത് കിഴക്കും വടക്കും ഭാഗത്ത് വരുന്നത് നല്ലതാണ്. പട്ടിക്കൂട്, പക്ഷിക്കൂട് എന്നിവ വടക്ക് പടിഞ്ഞാറ് ഭാഗത്ത് വരാം. കൃഷിക്ക് ഉപയോഗിക്കുന്ന കാള, പോത്ത് എന്നിവയ്ക്ക് സ്ഥാനം തെക്കാണ്.

– മണികണ്ഠൻ ആചാരി 

error: Content is protected !!