Saturday, 23 Nov 2024
AstroG.in

പൊന്നു മക്കളെ… നിങ്ങൾക്ക് വേണ്ടി…

സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. നല്ല സന്താനലബ്ധിക്കും സന്താന ക്ഷേമത്തിനും സർവൈശ്വര്യത്തിനും  സർവകാര്യ സാധ്യത്തിനുമാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് . എല്ലാ മാസത്തിലെയും   കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് വ്രതമെടുക്കേണ്ടത്. അന്ന് സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉണ്ടായിരിക്കണം.( 08/06/2019 ശനിയാഴ്ച ഷഷ്ഠിവ്രത ദിവസമാണ് )

ഷഷ്ഠി വ്രതത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഒന്നിതാണ്: 

ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാല്‍ അസുരന്‍ തന്നെയും സുബ്രഹ്മണ്യനെയും ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അദൃശനാക്കി. മകനെ കാണാതെ ശ്രീപാര്‍വ്വതി വിഷമിച്ചു. 

ദേവഗണങ്ങളും ദേവിയും അന്നം  ഉപേക്ഷിച്ച് വ്രതം തുടങ്ങി. ഒടുവിൽ തുലാം മാസത്തിലെ ഷഷ്ഠിനാളില്‍  മുരുകൻ ശൂരപത്മാസുരനെ വധിച്ച ശേഷം ദേവന്മാര്‍ക്ക് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായി. 

ശത്രു നശിച്ചതു കണ്ട്  എല്ലാവരും അന്ന് ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച്  ആഹാരം കഴിച്ചു.  ഷഷ്ഠിവ്രതത്തെ സംബന്ധിച്ച്  മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.

അതിങ്ങനെ: 
പ്രണവത്തിന്‍റെ അര്‍ത്ഥം പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിന്‍റെ മറുപടിയില്‍ തൃപ്തനാകാതെ സുബ്രഹ്മണ്യന്‍ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി. ഒടുവില്‍ ശ്രീ പരമേശ്വരനെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ബാല സുബ്രഹ്മണ്യനെ ശാന്തനാക്കി. ഭഗവാന്‍ ബ്രഹ്മ രഹസ്യം മകന് പകർന്നു നൽകി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യന്‍ പശ്ചാത്താപം കാരണം സര്‍പ്പവേഷം സ്വീകരിച്ച് മറഞ്ഞു. മകനെ തിരിച്ചു കിട്ടാൻ പാര്‍വ്വതി ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം ഷഷ്ഠി വ്രതം അനുഷ്ഠിച്ചു. ഒന്‍പതു വര്‍ഷം കൊണ്ട്  108 ഷഷ്ഠി വ്രതം അനുഷ്ഠിച്ച് ദേവി രൂപമാറ്റം വരുത്തി പുത്രനെ തിരിച്ചുകൊണ്ടുവന്നു. 

ഷഷ്ഠി ദിനത്തിന്റെ തലേന്നും ഷഷ്ഠി ദിവസവുമാണ് മിക്കവരും വ്രതം അനുഷ്ഠിക്കുന്നത്. മത്സ്യമാംസാദികളും ശാരീരിക ബന്ധവും വെടിഞ്ഞ് ഒരിക്കൽ മാത്രം അരി ആഹാരം കഴിച്ച് മറ്റ് നേരങ്ങളിൽ ലഘുവായി പഴവും ഫലങ്ങളും കഴിച്ചാണ് വ്രതമെടുക്കേണ്ടത്. വ്രതമെടുക്കുമ്പോൾ  കുളികഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യ നാമ ഭജനം  നടത്തണം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തുക.  ഉച്ചസമയത്തെ ഷഷ്ഠി പൂജ തൊഴുത് ക്ഷേത്രത്തിൽ നേദിച്ച പടച്ചോറ് കഴിച്ചാണ് വിധി പ്രകാരം വ്രതം പൂർത്തിയാക്കേണ്ടത്. ഇപ്പോൾ ജോലിക്ക് പോകുന്നവരും മറ്റും  ഉച്ചസമയത്തെ  ക്ഷേത്രദർശനമില്ലാതെ നേരത്തേ ക്ഷേത്രത്തിൽ നിന്നും നിവേദ്യച്ചോറ് വാങ്ങി സൂക്ഷിച്ച് ഉച്ചയ്ക്ക് കഴിച്ച് വ്രതമെടുക്കാറുണ്ട്.

ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്ന് തുളസീതീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ചിലർ ഷഷ്ഠി ദിവസം ഉച്ചയ്ക്ക് നിവേദ്യം കഴിച്ച്  വ്രതം മുറിക്കാറുണ്ട്. 

വ്രതദിനങ്ങളിൽ പ്രഭാത സ്നാനത്തിനു ശേഷം 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും നല്ലതാണ്.സര്‍പ്പദോഷശാന്തി, ത്വക് രോഗ ശാന്തി എന്നിവയ്ക്കും ഷഷ്ഠിവ്രതാനുഷ്ഠാനം ഉത്തമമാണ് .

ജാതകവശാൽ ചൊവ്വ അനിഷ്ടസ്ഥാനത്തു നിൽക്കുന്നവരും ചൊവ്വാദോഷമുള്ളവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ദുരിതമോചനത്തിന് ഉത്തമമാണ്.

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും  ജാതകത്തില്‍  മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും സുബ്രഹ്മണ്യ പ്രീതി നേടണം. ഇതിന് ഇവർ എല്ലാ ദിവസവും  കഴിയുന്നത്ര തവണസുബ്രഹ്മണ്യഗായത്രി ജപിക്കണം.

വിധിപ്രകാരമുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിച്ച് അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തന്നെ താമസിച്ച് കഠിനഷഷ്ഠി അനുഷ്ഠിക്കുന്ന ഭക്തരുമുണ്ട്. ഷഷ്ഠി വ്രതമെടുക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ:

സുബ്രഹ്മണ്യ ഗായത്രി

സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ മന്ത്രം

ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം. 

മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓം ശരവണ ഭവ: എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. 

സുബ്രഹ്മണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം 

രുദ്രസ്യ സൂനും സുരലോക നാഥം 

ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ

ആശ്ചര്യവീരം സുകുമാരരൂപം 

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം 

സ്കന്ദം വിശാഖം സതതം നമാമി 

സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ 

സുബ്രഹ്മണ്യയായ തേ നമ 

-ജ്യോത്സ്യൻ വേണു മഹാദേവ്,

Mobile#: +91 9847475559

error: Content is protected !!