പൊളളലേറ്റാൽ 2l വീട്ടു ചികിത്സകൾ
ആർക്കും എപ്പോൾ വേണമെങ്കിലും പൊള്ളലേൽക്കാം; അടുക്കളയിൽ കയറുന്നവർക്ക് പ്രത്യേകിച്ച്. ഇത് ശ്രദ്ധക്കുറവ് കൊണ്ടാകണമെന്നില്ല. എന്തായാലും ചെറുതായാലും വലുതായാലും പൊള്ളൽവല്ലാതെ വേദനിപ്പിക്കും. പക്ഷെ ഒരു കാരണവശാലും പൊള്ളലേറ്റ ഭാഗത്ത് തൊടാൻ പാടില്ല. തൊട്ടാൽ പൊള്ളിക്കുടുന്നത് പൊട്ടുകയും അവിടെ വ്രണം ഉണ്ടാകുകയും ചെയ്യും. പൊള്ളലേറ്റൽ അടിയന്തരമായി പ്രാഥമിക ശുശ്രൂഷ ചെയ്യണം. ഇതിന് ധാരാളം മാർഗ്ഗങ്ങൾ നമ്മുടെ നാട്ടറിവുകളിലുണ്ട്. പരമ്പരാഗതമായി കൈമാറി വരുന്ന ഈ പ്രാഥമിക ശുശ്രൂഷകളുടെ പ്രയോഗം സാരമായ പൊള്ളലുകളെപ്പോലും പലപ്പോഴും ലഘൂകരിക്കും. അത്ര വലിയ പൊള്ളൽ അല്ലെങ്കിൽ വീട്ടമ്മയുടെ നാട്ടു ചികിത്സയിലൂടെ മിക്കവാറും ഭേദപ്പെടും. പൊള്ളൽ സാരമാണെങ്കിൽ പ്രഥമ ശുശ്രൂഷ ചെയ്തിട്ട് ആശുപത്രിയിലെത്തണം. പൊള്ളിയാൽ പെട്ടെന്ന് ചെയ്യാവുന്ന ചില പൊടിക്കൈകൾ :
1 ആദ്യം ചെയ്യേണ്ടത് പൊള്ളലേറ്റ ഭാഗത്ത് വെളളം ഒഴിക്കുകയാണ്. ഗൗരവമുള്ള പൊള്ളലാണങ്കിൽ മിനിട്ടുകളോളം പൈപ്പുതറന്നിട്ട് അതിന്റെ ചുവട്ടിൽ പൊള്ളലേറ്റ ആളിനെ ഇരുത്തണം.
2 പൊള്ളിയാലുടനെ നല്ല ചെറുതേൻ ധാര കോരും പോലെ പൊള്ളിയ ഭാഗത്ത് ഒഴിക്കുന്നത് നല്ലതാണ്. ഇത് നല്ല ആശ്വാസമേകും. തേൻ പൊള്ളലിന് മരുന്ന് പോലെയാണ്.
3 ഉപ്പുവെള്ളം മോര് ഇവയിൽ ഏതെങ്കിലും പൊള്ളലേറ്റ ഭാഗത്ത് തുടർച്ചയായി ഒഴിക്കുന്നതാണ് ഉടൻ ചെയ്യാവുന്ന മറ്റൊരു പരിഹാരം.
4 ചുണ്ണാമ്പുവെള്ളം കൊണ്ടോ പശുവിൻ നെയ് കൊണ്ടോ ധാര ചെയ്യുക. പൊള്ളൽ സാരമുള്ളതാകാതിരിക്കാൻ ഏറ്റവും നല്ലതാണ് ഇത്. പൊള്ളൽ കാരണമുണ്ടാകുന്ന വ്രണം ഉണങ്ങാനും കൊള്ളാം.
5 ചെമ്പരത്തിപ്പൂവിന്റെ ചാറ് പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക.
6 വേപ്പില അരച്ചു വ്രണത്തിൽ വച്ചു കെട്ടുക.
7 നേന്ത്രപ്പഴം വെള്ളം ചേർക്കാതെ അരച്ചു പുരട്ടുന്നത് വ്രണം ഉണങ്ങാൻ സഹായിക്കും.
8 തേനും നെയ്യും ചേർത്ത് പൊള്ളിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
9 ആട്ടിൻനെയ്യ് ആണ് പൊള്ളലിന് പറ്റിയ മറ്റൊരു ഔഷധം.
10 പൊള്ളിയഭാഗത്ത് വെറ്റിലച്ചാറു പുരട്ടുക.
11 മരച്ചീനിയുടെ കിളുന്നില വെള്ളം ചേർക്കാതെ അരച്ചു പുരട്ടുക.
12 പച്ചമഞ്ഞൾ വെളിച്ചെണ്ണയിൽ വേവിച്ച് അരച്ചു തേക്കുക.
13 ചിതൽപ്പുറ്റിന്റെ ഉള്ളിലെ മണ്ണ് വെളിച്ചെണ്ണയിൽ മൂപ്പിച്ച് തേക്കുക.
14 മണ്ണെണ്ണ കൊണ്ട് ധാര കോരുക; പൊള്ളൽ സാരമാകില്ല.
15 കാട്ടുജീരകം സമൂലം ചതച്ച് എണ്ണ കാച്ചി പുരട്ടിയാൽ പൊള്ളൽ സുഖപ്പെടും.
16 പശുവിന്റെ മോര്, തൈര്, നെയ്യ് ഇവയിൽ ഏതെങ്കിലും ഒന്നു കൊണ്ട് ധാര കോരുക.
17 പൊള്ളിയാൽ ഉടനെ കുമ്പളങ്ങയുടെ കഴമ്പ് കുരുവോടുകൂടെ എടുത്ത് പൊള്ളിയഭാഗത്തു പൊതിയുക. ഇല ഇടിച്ചു പിഴിഞ്ഞ നീര് പുരട്ടുകയോ ധാര ചെയ്യുകയോ ആവാം.
18 കൊന്ന മരത്തിന്റെ തൊലി, ഇല ഇവ ചതച്ച് എണ്ണകാച്ചി പുരട്ടുന്നത് പൊള്ളലിന് നല്ലതാണ്.
19 പൊള്ളിയിടത്ത് കറ്റാർ വാഴനീര് പുരട്ടുക.
20 കോഴിമുട്ട വെളിച്ചെണ്ണ ചേർത്തു പുരട്ടുക.
21 വായിലോ നാക്കിലോ ചൂടുവെള്ളമോ മറ്റോ കൊണ്ട് പൊള്ളലേറ്റാൽ ഉടൻ ഒരു ടീസ്പൂൺ പഞ്ചസാര നാക്കിൽ ഇടുക. അതു സാവധാനം അലിയിച്ചു കഴിച്ചാൽ പൊള്ളലിന് ആശ്വാസം കിട്ടും.