Monday, 29 Apr 2024
AstroG.in

രേവതി വിളക്ക് വ്യാഴാഴ്ച്ച; തൊഴുതാൽ അക്ഷയ പുണ്യം

മംഗള ഗൗരി
ദേവിചൈതന്യത്തിന്റെ അക്ഷയതീർത്ഥമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവ ഭാഗമായ രേവതി വിളക്കിനൊരുങ്ങി; മാർച്ച് 23 വ്യാഴാഴ്ചയാണ് രേവതിവിളക്ക്. കോടാനുകോടി ജനങ്ങൾക്ക് അഭയമേകുന്ന ആദിപരാശക്തിക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ് മീനത്തിലെ രേവതി നക്ഷത്രം. ദേവി ദാരികനെ നിഗ്രഹിച്ച് വിജയം വരിച്ചത് ഈ രേവതി നാളിലാണെന്ന് വിശ്വസിക്കുന്നു. രേവതിനാൾ സന്ധ്യയ്ക്ക് ഭദ്രകാളീ ക്ഷേത്രദർശനം നടത്തുന്നത് ഏറ്റവും വലിയ പുണ്യമാണ്.

തൃച്ചന്ദനച്ചാർത്ത് അശ്വതി നാളിൽ
അശ്വതി ദിവസമാണ് കൊടുങ്ങല്ലൂർ ഉത്സവ ഭാഗമായ തൃച്ചന്ദനച്ചാർത്ത്. അന്ന് ഉച്ചയ്ക്കു മുൻപ് അത്താഴപൂജ വരെയുള്ള ചടങ്ങുകൾ നടത്തിയശേഷം ശ്രീകോവിൽ കഴുകി ദേവിയുടെ ആടയാഭരണങ്ങൾ അഴിച്ചുമാറ്റി തൃച്ചന്ദനച്ചാർത്തിനുള്ള ഒരുക്കം തുടങ്ങും. ഏറെ താന്ത്രിക പ്രാധാന്യമുള്ള ഈ പൂജ രഹസ്യവിധികൾ അടങ്ങിയതാണ്. അടികൾമാരാണ് ഈ പൂജ നടത്തുക. അന്യജന സാന്നിദ്ധ്യം പാടില്ലാത്ത ഈ പൂജ ശാക്തേയ പൂജാവിധിയിലെ കൗളാചാര പ്രകാരമാണ്. മദ്യത്തിനു പകരം മൂടുവെട്ടിയ കരിക്കും തൃമധുരവുമാണ് നേദിക്കുന്നത്. കരിക്കിൻവെള്ളത്തിൽ മഞ്ഞൾപ്പൊടി കുഴച്ചാൽ മാംസത്തിന്റെ ഗുണം ലഭിക്കുമെന്ന സങ്കല്പ പ്രകാരം അതും ഉപയോഗിക്കുന്നു. അശ്വനി ദേവന്മാരുടെ സാന്നിദ്ധ്യത്തിലാണ് പൂജ നടക്കുന്നത്. മീനഭരണി നാളിൽ ഒരു പൂജയേ ഉള്ളൂ. അതുകഴിഞ്ഞ് നട അടച്ചാൽ പിന്നീട് ആറാം ദിവസമേ തുറക്കൂ. അതുവരെ രഹസ്യപൂജയാണ്. ഇതിനായി കിഴക്കേ വാതിലിലൂടെ അടികൾ മാത്രം അകത്തു കടക്കുന്നു. ഓരോ യാമത്തിലും ഓരോ പൂജ എന്ന കണക്കിൽ വളരെയധികം സവിശേഷതയുള്ള ഒരു പൂജയാണിത്. ദാരികനുമായുള്ള യുദ്ധത്തിൽ മുറിവേറ്റ ദേവിക്കുള്ള ചികിത്സയാണിത്. തൃച്ചന്ദനച്ചാർത്ത് കഴിഞ്ഞ് നട തുറന്നാൽ കാവുതീണ്ടലാണ്. കോമരങ്ങളും ഭക്തരും ചേർന്ന് അതിവേഗത്തിൽ കമ്പുകൊണ്ട് ക്ഷേത്രത്തിന് ചുറ്റും അടിച്ച് ശബ്ദമുണ്ടാക്കി 3 തവണ പ്രദക്ഷിണം വയ്ക്കുന്നു. ശബ്ദകോലാഹലവും പൊടി പടലവും കൊണ്ട് ഭീതിദവും യുദ്ധസമാനവുമായഅന്തരീക്ഷമാണ് ഇത്. മീന ഭരണി നാൾ ക്ഷേത്രത്തിൽ ഒരു ആഘോഷവും കാണില്ല. ഏഴാം ദിവസം മുതൽ സാധാരണ പൂജകൾ ആരംഭിക്കും.

ഉത്സവം ഒരു മാസം
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവം മീനഭരണിയാണ്. ഈ ഉത്സവത്തിന്റെ കൊടിയേറ്റം ഒരു മാസം മുൻപ് കുംഭ ഭരണി ദിവസം ഉച്ചയ്ക്കു മുൻപാണ്. ചെറുഭരണി എന്നാണ് ഇത് അറിയപ്പെടുന്നത്. കൊടിമരം ഇല്ലാത്ത കൊടുങ്ങല്ലൂരിലെ ആലുകളിലാണ് കൊടിയേറ്റ്. ഇതിന് മുഹൂർത്തം കുറിക്കില്ല. ഉച്ചയ്ക്കു മുൻപ് നടത്തും. മലയൻതട്ടാനാണ് കൊടിയേറ്റുന്നത്. അന്നു മുതൽ കോമരങ്ങൾ എത്താൻ തുടങ്ങും. പാലക്കാട് വയനാട്, കോഴിക്കോട് ഭാഗങ്ങളിൽ നിന്നാണ് കോമരങ്ങൾ വരുന്നത്. ചെറുഭരണി മുതൽ വിവാഹങ്ങളും മറ്റ് ശുഭ കാര്യങ്ങളും ക്ഷേത്രത്തിൽ നടത്താറില്ല. മീനത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്ന ചടങ്ങുണ്ട്. കല്ലുമൂടിയശേഷമാണ് ഭരണിപ്പാട്ട് ആരംഭിക്കുന്നത്.

ഭരണിപ്പാട്ട്
അഹല്യാമോക്ഷം, ഉഷാചരിതം മുതലായ പുരാണ കഥകൾ പാടുന്നതാണ് ഭരണിപ്പാട്ട്. മനസ്സിലെ അഴുക്കു മുഴുവൻ കളഞ്ഞ് ദേവീസന്നിധിയിൽ വച്ച് ശുദ്ധിയാവുക എന്നതാണ് ഈ അനുഷ്ഠാനത്തിന്റെ പൊരുൾ. കുറച്ചു നാൾ മുൻപുവരെ അശ്ലീലം കലർത്തിയായിരുന്നു ഭരണിപ്പാട്ട് പാടിയിരുന്നത്. ജാതിമതഭേദമില്ലാതെ ഏതൊരു വിശ്വാസിക്കും കൊടുങ്ങല്ലൂരമ്മയെ കണ്ട് തൊഴാം എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രനാഥനായി ശ്രീപരമേശ്വരന്റെ അനുഗ്രഹവർഷവും ഇവിടെയുണ്ട്.

ഭദ്രകാളീക്ഷേത്രങ്ങൾ
കൊടുങ്ങല്ലൂരമ്മയെ കുടിയിരുത്തിയ ക്ഷേത്രങ്ങൾ കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്നതോ കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചു പ്രതിഷ്ഠിച്ചിട്ടുള്ളതോ ആയ അനേകം ഭദ്രകാളീക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

മാവേലിക്കരയിലെ ചെട്ടിക്കുളങ്ങര, മാനന്തവാടിയിലെ വള്ളിയൂർക്കാവ്, പാലക്കാട്ടിലെ ചെനക്കത്തൂർ, ഹരിപ്പാട് കരിമരത്തിങ്കൽ, പത്തനംതിട്ടയിലെ വലഞ്ചൂഴി, കുരമ്പാല പുത്തൻകാവ്, വൈക്കത്തെ ഇളംകാവ്, തൊടുപുഴയിലെ കാരിക്കോട്, എളവൂർ പുത്തൻകാവ്, അയിരൂർ പാലപ്പെട്ടി, ചിറയിൻകീഴ് ശാർക്കര, ആറ്റുകാൽ ദേവീ ക്ഷേത്രം, വടകര ലോകനാർക്കാവ്, മൂരിയാട് തറയ്ക്കൽ, വടക്കാഞ്ചേരി തിരുവാണിക്കാവ്, ചേലക്കര ചൊവ്വാക്കാവ്, പുതുക്കോട് കണ്ണമ്പ്രക്കാവ്, അടൂരിലെ ഏഴംകുളം എറണാകുളം തിരുവാണിയൂർ, ചേർത്തല ചെമ്മനാട്, പിറവം പിഷാരുകോവിൽ, കുടമാളൂർ പടിഞ്ഞാറ്റുക്കാവ് തുടങ്ങിയ ഒട്ടനേകം ക്ഷേത്രങ്ങൾ കൊടുങ്ങല്ലൂരുമായി ഈ തരത്തിൽ ബന്ധമുണ്ട്. ഭാരതത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളായ കാശിയിലെ അന്നപൂർണ്ണേശ്വരിക്കും അസമിലെ കാമാഖ്യയ്ക്കും മധുരമീനാക്ഷിക്കുമൊപ്പമുള്ള പ്രാധാന്യം കൊടുങ്ങല്ലൂർ ഭദ്രയ്ക്കും കാളിക്കുമുണ്ട്. ഹിമാലയത്തിലെ യോഗിമാരിൽ ദേവിയുടെ ഉപാസകർ കൊടുങ്ങല്ലൂരിനെ പ്രധാന ശക്തിപീഠമായാണ് ഗണിക്കുന്നത്.

കണ്ണകിയുമായി ബന്ധം
കൊടുങ്ങല്ലൂരമ്മയ്ക്കും കണ്ണകിയുമായി ബന്ധമുണ്ട് നെടുംചേരലാതന്റെ മരണശേഷം മൂത്തമകൻ ചേരൻ ചെങ്കുട്ടുവാൻ രാജാവായപ്പോൾ അനുജൻ ഇളംകോഅടികൾ കൊടുങ്ങല്ലൂരിൽ നിന്നും അല്പം കിഴക്കുമാറി തൃക്കണ്ണാമതിലകത്ത് താമസമാക്കി.
സന്ന്യാസിയെപ്പോലെ ജീവിച്ച അദ്ദേഹം തിരിച്ചെങ്കുന്നിൽ തീർത്ഥാടനത്തിനു പോയി. അവിടെയുള്ളവരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അവിടെ ഒരു വേങ്ങമരച്ചുവട്ടിൽ നിന്ന് ഒരു ദേവസ്ത്രീ വെള്ളിത്തേരിൽ ആകാശത്തേക്ക് പറന്നുപോയെന്നറിഞ്ഞു. ഇത് അന്വേഷിച്ചചേരൻചെങ്കുട്ടുവനും ഇളംകോവടികളും കണ്ണകിയുടെ കഥയറിഞ്ഞ് ആ ദേവിക്ക് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന് നിശ്ചയിച്ചു. ഇളം കോഅടികൾ ഈ കഥ ഒരു മഹാകാവ്യമായി രചിച്ചു. ചേരൻ ചെങ്കുട്ടുവൻ ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ചു. പ്രതിഷ്ഠയ്ക്കുള്ള ശില ഹിമാലയത്തിൽ നിന്നും കൊണ്ടു വന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് കുറച്ചു തെക്കുമാറി ശ്രീ കുരുംബാമ്പലത്തിലാണ് കണ്ണകീദേവിയെ പ്രതിഷ്ഠിച്ചത്. ഈ പ്രതിഷ്ഠ നടക്കുമ്പോൾ കൊടുങ്ങല്ലൂർ ക്ഷേത്രവും ഭദ്രകാളീ പ്രതിഷ്ഠയുമുണ്ടായിരുന്നു. ഏറെ കാലത്തിന് ശേഷം ചോളപാണ്ഡ്യരാജാക്കന്മാർ ചേര രാജ്യം ആക്രമിച്ചപ്പോൾ കണ്ണകിയെ കുടുംബക്കാവിൽ നിന്നും ആവാഹിച്ച് കൊടുങ്ങല്ലൂരമ്മയിൽ ലയിപ്പിച്ചു. അങ്ങനെ കൊടുങ്ങല്ലൂരമ്മ കണ്ണകിയായും അറിയപ്പെട്ടു തുടങ്ങി. കണ്ണകിയെ ആദ്യം പ്രതിഷ്ഠിച്ച സ്ഥലം ഇന്നും അവിടെയുണ്ട്. കൊടുങ്ങല്ലൂരിലെ താലപ്പൊലി അവിടെ ആണ് ആരംഭിക്കുന്നത്.

ഭദ്രകാളി സ്തുതി
ഭദ്രകാളി മഹാദേവി
ഭദ്രതേ രുദ്ര നന്ദിനി
യാനസന്ത്രായസേ നിത്യം
നമസ്തസ്യെെ നമോ നമ:

ഭദ്രകാളിയുടെ മൂലമന്ത്രം
ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

Story Summary: Significance of Meena Bharani the annual festival at the Sree Kurumba Bhagavathy Temple, Kodungallur

error: Content is protected !!