വാസ്തു പിഴച്ചാല്‍ വിവാഹമോചനം
സമൂഹത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ് വിവാഹമോചനങ്ങള്‍. വ്യത്യസ്ത കാരണങ്ങളാല്‍ സംഭവിക്കുന്ന വിവാഹ മോചനങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീകള്‍ ശക്തിയാര്‍ജ്ജിക്കുന്നതിന്റെ സൂചനയാണെങ്കിലും ഇത് കുടുംബബന്ധങ്ങളെയും സമൂഹത്തെ ആകമാനവും ശിഥിലമാക്കുന്നു. വൈകാരികവും മാനസികവുമായ യോജിപ്പ്, പരസ്പര ധാരണ, സ്‌നേഹം, ബഹുമാനം ഇതെല്ലാം ഏത് ബന്ധവും നിലനില്‍ക്കുന്നതിന് ആവശ്യമാണ്. എന്നാല്‍ എത്ര സൂക്ഷിച്ചാലും ഈശ്വരാനുഗ്രഹം ഒഴിഞ്ഞു നില്‍ക്കുകയും ശാപങ്ങളും വാസ്തുദോഷവും പിന്‍തുടരുകയും ചെയ്താല്‍ ദാമ്പത്യബന്ധം മുറിഞ്ഞ് പോകും. പ്രേമവിവാഹിതരാണെങ്കില്‍ പോലും ആരോഗ്യപരമായ ചുറ്റുപാടില്‍ സന്തോഷപൂര്‍വം ജീവിച്ചാല്‍ മാത്രമേ ദാമ്പത്യബന്ധം നിലനില്‍ക്കുകയുള്ളു. ഒന്നിച്ചു കഴിയുന്ന വീട്ടില്‍ ഒന്നിച്ചുറങ്ങുന്ന കിടപ്പുമുറിയില്‍ അനുകൂല തംരംഗങ്ങള്‍ നിറഞ്ഞുനിൽക്കണം. എങ്കിലേ ജീവിതം ആഹ്ലാദപ്രദമാകൂ. അതിനാല്‍ ദമ്പതികളെ സംബന്ധിച്ച് ശയനമുറി ഏറ്റവും പ്രധാനമാണ്. അവരുടെ സന്തോഷത്തിനും ദു:ഖത്തിനും ശാരീരബന്ധത്തിനുമെല്ലാം നിശബ്ദ സാക്ഷിയാണ് കിടപ്പറ. അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അനുകരണങ്ങൾ ഓരോരുത്തരുടേയും ജീവിതത്തെ മൊത്തം സ്വാധീനിക്കും. അതുകൊണ്ടുതന്നെ ശയനമുറിയില്‍ പോസിറ്റീവ് തരംഗങ്ങള്‍ നിറഞ്ഞുനില്‍ക്കണം. ഇല്ലെങ്കില്‍ കാലപ്പഴക്കത്തില്‍ ദാമ്പത്യബന്ധം വഷളാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.
ഇതൊഴിവാക്കാന്‍ ശയനമുറിയൊരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1) വീടിന്റെ വടക്ക്, വടക്ക് കിഴക്ക്, അല്ലെങ്കില്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് ശയനമുറി സജ്ജീകരിക്കണം. ഇത് മൊത്തത്തില്‍ അനുകൂല തംരംഗം സൃഷ്ടിക്കും. ദമ്പതികളില്‍ പരസ്പരാകര്‍ഷണമുണ്ടാക്കും. പ്രണയഭരിതവും സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞതുമായ മാനസികാവസ്ഥ സംജാതമാക്കും.
2) ടി.വി, കംപ്യൂട്ടര്‍ തുടങ്ങിയവ കിടപ്പുമുറിയില്‍ സജ്ജീജീകരിക്കരുത്. ഇതിലെ വൈദ്യുത തരംഗങ്ങള്‍ ചുറ്റുമുള്ള മറ്റ് തരംഗങ്ങളെ നശിപ്പിക്കും. എപ്പോഴും വൈദ്യുത, കാന്തിക തരംഗങ്ങള്‍ പ്രസരിക്കുന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞാല്‍ ദമ്പതികള്‍ക്കിടയില്‍ തെറ്റിദ്ധാരണയും സംഘര്‍ഷവും കലഹവും സ്വയമറിയാതെ ഉടലെടുക്കും.
3) ദൈവങ്ങളുടെയും പൂര്‍വികരുടെയും ചിത്രങ്ങള്‍ ശയനമുറിയില്‍ വയ്ക്കരുത്. പകരം ഇണക്കുരുവികള്‍ ഇണ അരയന്നങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ വയ്ക്കണം. അത് ദമ്പതികൾക്കിടയില്‍ പ്രണയമുണ്ടാക്കും; പരസ്പരധാരണ വളര്‍ത്തും.
4) പ്രധാന കിടക്ക ഒരു കാരണവശാലും വാതിലിന് ദര്‍ശനമായി ഒരുക്കരുത്.
5) ദമ്പതികള്‍ ഒരേ കിടക്കയില്‍ തന്നെ കിടക്കണം; രണ്ട് മെത്തയിട്ട് അകന്ന് കിടക്കരുത്.
6) പൊട്ടിയ കട്ടില്‍, കീറിയ കിടക്ക വിരി എന്നിവ പ്രതികൂല തരംഗങ്ങള്‍ സൃഷ്ടിക്കും; അവ മാറ്റിക്കളയണം.