വിദ്യയും ധനവും സുഖവും സന്തോഷവുംകീർത്തിയും നേടാൻ ഇത് എന്നും ജപിക്കൂ
മംഗള ഗൗരി
വിശ്വത്തിന്റെ നാഥനായ സാക്ഷാൽ മഹാദേവനെ സ്തുതിക്കുന്ന പ്രസിദ്ധ സ്തുതിയാണ് വിശ്വനാഥാഷ്ടകം. വിശ്വസ്രഷ്ടാവും പരിപാലകനും സംഹർത്താവുമായ സദാശിവൻ കാശിനഗരത്തിൽ വാഴുന്നതായി കരുതി വണങ്ങുന്ന എട്ട് ശ്ലോകങ്ങളടങ്ങിയ സ്തോത്രമാണിത്. കാശീപുരാധീശ്വരൻ ശിവനും കാശീപുരാധീശ്വരീ അന്നപൂർണ്ണാദേവിയുമാണ്. അനേകമനേകം ശിവഭക്തർ ഈ സ്തോത്രം നിത്യവും ജപിക്കുന്നു. വാരാണസിയുടെ, കാശിപുരത്തിന്റെ നാഥനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവന്റെ ഈ അഷ്ടകം ജപിക്കുന്നവർക്ക് സമ്പത്തും വിദ്യയും സുഖവും സന്തോഷവും കീർത്തിയും മാത്രമല്ല എല്ലാവിധ ഐശ്വര്യങ്ങളും ഇഹലോകവാസം കഴിഞ്ഞ് മോക്ഷവും ലഭിക്കും. അഷ്ടകശ്ലോകങ്ങൾക്ക് ശേഷം ഫലശ്രുതി കൂടിയടങ്ങിയ വിശ്വനാഥാഷ്ടകം അർത്ഥം സഹിതം ഇവിടെ ചേർക്കുന്നു. കുളിച്ച് ശുദ്ധമായി എല്ലാ ദിവസവും രാവിലെ ഇത് ചൊല്ലുക. ശിവ സന്നിധിയിൽ വച്ച് ജപിക്കാൻ സാധിക്കുമെങ്കിൽ കൂടതൽ നല്ലത്. പ്രദോഷം, തിങ്കളാഴ്ച തുടങ്ങി ശിവ പ്രധാനമായ ദിവസങ്ങളിൽ ജപിക്കുന്നത് ഏറ്റവും ഗുണപ്രദമാണ്. ശിവഭഗവാന്റെ മാത്രമല്ല ശിവ കുടുംബത്തിന്റെ മുഴുവൻ അനുഗ്രഹം വിശ്വനാഥാഷ്ടകം ജപിക്കുന്നവരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു.
വിശ്വനാഥാഷ്ടകം
വിശ്വനാഥാഷ്ടകം വരികളും അർത്ഥവും
ഗംഗാതരംഗരമണീയജടാകലാപം
ഗൗരീനിരന്തരവിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(ഗംഗയിലെ തിരമാലകള്‍കൊണ്ട് മനോഹരമായ ജടാമണ്ഡലത്തോടു കൂടിയവനും എപ്പോഴും ശ്രീപാര്‍വ്വതിയാല്‍ അലങ്കരിക്കപ്പെട്ട ഇടതുഭാഗത്തോടു കൂടിയവനും നാരായണപ്രിയനും കാമദേവന്റെ അഹങ്കാരത്തെ നശിപ്പിച്ചവനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
വാചാമഗോചരമനേകഗുണസ്വരൂപം
വാഗീശവിഷ്ണുസുരസേവിതപാദപീഠം
വാമേന വിഗ്രഹവരേണ കളത്രവന്തം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്തവിധം അനേകം ഗുണങ്ങളുടെ സ്വരൂപമായവനും ബ്രഹ്മാവ്, വിഷ്ണു, ദേവന്മാര്‍ എന്നിവര്‍ സേവിക്കുന്ന പാദപീഠത്തോടുകൂടിയവനും ഇടതുഭാഗത്തെ ശ്രേഷ്ഠശരീരം തന്നെ ഭാര്യയായുള്ളവനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം
പാശാങ്കുശാഭയവരപ്രദശൂലപാണിം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(ഭൂതഗണാധിപനും സര്‍പ്പങ്ങളാകുന്ന ആഭരണങ്ങളാല്‍ അലങ്കരിക്കപ്പെട്ട അംഗങ്ങളോടു കൂടിയവനും വ്യാഘ്രചര്‍മ്മമാകുന്ന വസ്ത്രം ധരിച്ചിരിക്കുന്നവനും, ജടയോടുകൂടിയവനും ത്രിനേത്രനും പാശം, അങ്കുശം, അഭയം, വരദം, ശൂലം എന്നിവ കൈകളില്‍ ധരിച്ചിരിക്കുന്നവനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
ശീതാംശുശോഭിതകിരീടവിരാജമാനം
ഫാലേക്ഷണാനലവിശോഷിതപഞ്ചബാണം
നാഗാധിപാരചിതഭാസുരകര്‍ണ്ണപൂരം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(ചന്ദ്രക്കലയാല്‍ ശോഭിക്കുന്ന കീരീടംകൊണ്ട് പ്രകാശിക്കുന്നവനും നെറ്റിത്തടത്തിലെ നേത്രത്തില്‍നിന്നുണ്ടായ അഗ്നികൊണ്ട് കാമദേവനെ ദഹിപ്പിച്ചവനും സര്‍പ്പങ്ങളെ പ്രകാശിക്കുന്ന കുണ്ഡലങ്ങളാക്കി ധരിച്ചിരിക്കുന്നവനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
പഞ്ചാനനം ദുരിതമത്തമതംഗജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലം മരണശോകജരാടവീനാം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(പാപങ്ങളാകുന്ന മദയാനകള്‍ക്ക് സിംഹമായുള്ളവനും അസുരശ്രേഷ്ഠന്മാരാകുന്ന സര്‍പ്പങ്ങള്‍ക്ക് ഗരുഡനായുള്ളവനും മരണദു:ഖം, വാര്‍ദ്ധക്യം എന്നിവയാകുന്ന വനങ്ങള്‍ക്ക് കാട്ടുതീയായുള്ളവനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
തേജോമയം സഗുണനിര്‍ഗുണമദ്വിതീയം
ആനന്ദകന്ദമപരാജിതമപ്രമേയം
നാദാത്മകം സകളനിഷ്‌കളമാത്മരൂപം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(തേജസ്വരൂപനും പ്രാപഞ്ചികവിഷയത്തില്‍ സഗുണനും യഥാര്‍ത്ഥത്തില്‍ നിര്‍ഗുണനും ഏകനും, രണ്ടാമതായി മറ്റൊന്നില്ലാത്തവനും ആനന്ദത്തിനു കാരണഭൂതനും ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്തവനും നിര്‍ണ്ണയിക്കാനാവാത്ത വൈഭവത്തോടുകൂടിയവനും ശബ്ദബ്രഹ്മസ്വരൂപനും സകളവും നിഷ്‌കളവുമായ രൂപം കൈക്കൊള്ളുന്നവനും ആത്മസ്വരൂപനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃത്കമലമധ്യഗതം പരേശം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(വിഷയാഭിലാഷത്തെ വെടിഞ്ഞും പരനിന്ദയെ പരിഹരിച്ചും പാപകര്‍മ്മത്തിലുള്ള ആസക്തിയെ തടഞ്ഞും മനസ്സിനെ ഏകാഗ്രതയില്‍ നിര്‍ത്തിയും ഹൃദയകമലത്തെ പ്രാപിച്ച്, പരേശനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
രാഗാദിദോഷരഹിതം സ്വജനാനുരാഗ-
വൈരാഗ്യശാന്തിനിലയം ഗിരിജാസഹായം
മാധുര്യധൈര്യസുഭഗം ഗരളാഭിരാമം
വാരാണസീപുരപതിം ഭജ വിശ്വനാഥം
(രാഗം തുടങ്ങിയ ദോഷങ്ങളില്ലാത്തവനും ഭക്തവാത്സല്യം, വൈരാഗ്യം, ശാന്തി എന്നിവകള്‍ക്ക് ഇരിപ്പിടമായവനും പാര്‍വ്വതീസമേതനും മാധുര്യം, ധൈര്യം എന്നിവയാല്‍ സുന്ദരനും കഴുത്തിലെ വിഷത്താല്‍ ശോഭിക്കുന്നവനും കാശീപുരനാഥനുമായ വിശ്വനാഥനെ ഭജിച്ചാലും.)
ഫല ശ്രുതി
വാരാണസീപുരപതേ: സ്തവനം ശിവസ്യ
വ്യാഖ്യാതമഷ്ടകമിദം പഠതേ മനുഷ്യ:
വിദ്യാം ശ്രിയം വിപുലസൗഖ്യമനന്തകീര്‍ത്തിം
സംപ്രാപ്യ ദേഹവിലയേ ലഭതേ ച മോക്ഷം
(കാശീപുരനാഥനായ ശിവന്റെ വിശേഷേണ പറയപ്പെട്ടിരിക്കുന്ന ഈ അഷ്ടക സ്‌തോത്രത്തെ പഠിക്കുന്ന മനുഷ്യന്‍ വിദ്യ, ഐശ്വര്യം, മഹത്തായ സുഖം, അനന്തമായി കീര്‍ത്തി എന്നിവയേയും ഒടുവില്‍ ദേഹനാശശേഷം മോക്ഷത്തേയും പ്രാപിക്കുന്നു.)
Story Summary: Vishwanatha Ashtakam is a beautiful and powerful stotram in praise of the Lord of Varanasi Puram, Kashi Vishwanathan. Ashtakam implies the composition has got 8 stanzas and phala srurhi ( Favorable results ). This is one of the most popular hymns of Lord Mahadeva and recitating thousands of devotees daily.