Thursday, 9 May 2024
AstroG.in

വീടിന് ദൃഷ്ടിദോഷം വന്നാൽ താമസക്കാർ ശത്രുക്കളെ പോലെ പെരുമാറുമോ?

മീനാക്ഷി
വീടിന് ദൃഷ്ടിദോഷം സംഭവിക്കുമോ? വാസ്തു ശാസ്ത്രപരമായി എല്ലാ നിയമങ്ങളും പാലിച്ച വീടിനും ദൃഷ്ടിദോഷം ബാധിക്കുമോ? ഗൃഹപ്രവേശം കഴിഞ്ഞ് കുറച്ചു കാലം സന്തോഷപൂർണ്ണമായ ജീവിതം നയിച്ച ശേഷം പ്രസ്തുത വീട്ടിൽ താമസിക്കുന്നവർ ശത്രുക്കളെ പോലെ പെരുമാറുന്നത് ദൃഷ്ടി ദോഷത്തിന്റെ ലക്ഷണമാണോ ? പുതിയ വീട്ടിൽ താമസിക്കുന്ന ചിലർക്ക് രോഗങ്ങൾ ഒഴിയാത്തത് ഇത് കാരണമാണോ ? വീടിന്റെ ദൃഷ്ടിദോഷം സംബന്ധിച്ച് ഇങ്ങനെ നൂറു നൂറു സംശയങ്ങളാണ് വാസ്തു ശാസ്ത്ര വിശ്വാസികൾക്ക്.

ശരിയാണ് ചില വീടുകളെ ദൃഷ്ടി ദോഷം ബാധിക്കുക തന്നെ ചെയ്യും എന്ന് പ്രസിദ്ധ വാസ്തു പണ്ഡിതനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥപതിയുമായ ഡോ.കെ.മുരളീധരൻ നായർ പറയുന്നു. ” വീടുകൾക്ക് ദൃഷ്ടി ദോഷം ബാധിക്കാം. ചില ഗൃഹങ്ങൾക്ക് അത് ശക്തമായ ദോഷം ചെയ്യും. ഗൃഹപ്രവേശന വേളയിൽ നമ്മൾ ക്ഷണിച്ച് വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉണ്ട്. അവിടെ വരുന്ന എല്ലാവരും തന്നെ പല രീതിയിലാണ് വീടിനെ വീക്ഷിക്കുന്നത്. ആസൂയാ മനോഭാവത്തോട് കൂടി വീടിനെ കാണുന്നവർ ഉണ്ടാകും. എനിക്കില്ലാത്തത് നിനക്കും വേണ്ട എന്ന ഭാവത്തിൽ കൂടുതൽ ബന്ധുക്കൾ ഉണ്ടാകും. വീടിന്റെ പല ഭാഗങ്ങളിലും മനുഷ്യരുടെ ദൃഷ്ടി പതിയും. “

” എല്ലാവരുടെയും കണ്ണ് ഒരുപോലെ അല്ല. അതിന് ഒരു ഉദാഹരണം മനോഹരമായി പൂത്ത് നിൽക്കുന്ന ഒരു ചെടിയെ നോക്കി എന്ത് മനോഹരമാണ് ഇതിലെ പൂക്കൾ എന്ന് ചിലർ പറഞ്ഞിട്ട് പോയാൽ പിറ്റേ ദിവസം ആ ചെടി കരിഞ്ഞ് നിൽക്കുന്നതായി കാണാം. ഇതാണ് ദൃഷ്ടിദോഷം. ചിലരുടെ ദൃഷ്ടിക്ക് അപാരമായ ശക്തി ഉണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ വീടിന്റെ എലിവേഷൻ പുറത്ത് നിന്ന് പല ആൾക്കാരും വീക്ഷിക്കും. അതിൽ ചില ആൾക്കാരുടെ കണ്ണ് പറ്റും. ഇതിന് പരിഹാരമായി ദൃഷ്ടിദോഷം അകറ്റുന്നതിന് വേണ്ടി വിദഗദ്ധനായ ഒരു കർമ്മിയെ സമീപിച്ച് പരിഹാരപൂജകൾ ചെയ്ത് വീട്ടിൽ ഉള്ളവരുടെ മനോനില സന്തോഷപൂർണ്ണമാക്കുവാൻ സാധിക്കും.” ഡോ.കെ.മുരളീധരൻ നായർ പറഞ്ഞു.

ഗൃഹത്തിൽ നില നിന്ന സന്തോഷവും സമാധാനവും ഭാഗ്യവും പെട്ടെന്ന് നഷ്ടമായാൽ അതിൽ നിന്നും മുക്തിനേടാൻ ‘ ഈവിൾ ഐ ‘ യെ ആശ്രയിക്കുകയാണ് മറ്റൊരു മാർഗ്ഗം. ലോകം മൊത്തമുള്ള ഭൂരിഭാഗം ആളുകളും ദൃഷ്ടി ദോഷത്തിൽ വിശ്വസിക്കുന്നവരാണ്. ഇതിന് പ്രതിവിധിയായി വാസ്തുശാസ്ത്ര വിദഗ്ധർ നിർദ്ദേശിക്കുന്നത് കമനീയമായ നിറങ്ങളിലുള്ള ചില മുത്തുകൾ വീട്ടിൽ എല്ലാവരും കാണുന്ന സ്ഥലങ്ങളിൽ തൂക്കിയിടുകയാണ്. അസൂയക്കണ്ണുകളിൽ നിന്നും മറ്റ് ദോഷങ്ങളിൽ നിന്നും വീടിനെയും വീട്ടുകാരെയും സംരക്ഷിക്കാൻ ‘ ഈവിൾ ഐ ‘ കഴിയുമെങ്കിൽ വീടിന്റെ പ്രധാന വാതിലിൽ തന്നെ തുക്കിയിടാനാണ് വാസ്തു
ശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇത് ദൃഷ്ടിദോഷം മാത്രമല്ല അശുഭോർജ്ജം പ്രവേശിക്കാതിരിക്കാനും സഹായിക്കും. പ്രവേശന വാതിലിൽ അല്ലെങ്കിൽ ലിവിംഗ് റൂമിൽ എല്ലാവരുടേയും ശ്രദ്ധ നേടുന്ന തരത്തിൽ ഈവിൾ ഐ തുക്കിയിട്ടാലും മതി. നീല നിറത്തിലുള്ള ഈവിൾ ഐയാണ് ഗൃഹരക്ഷയ്ക്ക് ഉത്തമം. ഇത് ഓൺലൈനിൽ വാങ്ങാൻ കിട്ടും.

Story Summary: Home Protection form Evil Eye

error: Content is protected !!