Friday, 20 Sep 2024
AstroG.in

വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന
10 ചെടികൾ

പൂന്തോട്ടവും വീടും ഓഫീസുമെല്ലാം അലങ്കരിക്കുന്ന  മിക്ക ചെടികൾക്കും അപൂർവ്വമായ ചില ശക്തി വിശേഷങ്ങളുണ്ടെന്ന സത്യം എത്ര പേർക്കറിയാം? കണ്ണിന് കുളിരേകുക മാത്രമല്ല  ഇവ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിൽ ചുറ്റുപാടും പോസിറ്റീവ് എനർജി  നിറയ്ക്കും.  ചില ചെടികൾക്ക്‌ അന്തരീക്ഷ വായുവിനെ  ശുദ്ധീകരിക്കാൻ  സാധിക്കും.  മറ്റു ചിലതിന്  ശാന്തിയും സുഖവും സന്തോഷവും ക്ഷേമവും  പകരാൻ കഴിയും.  മനസംഘർഷങ്ങളകറ്റാൻ കഴിവുള്ളതാണ് വേറെ ചില സസ്യങ്ങൾ. നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജി അകറ്റുന്നത് ശാരീരികാരോഗ്യവും സന്തോഷവും നിലനിറുത്തുന്ന കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.  ഇനി പറയുന്ന ചെടികൾ വീട്ടിനുള്ളിലോ പരിസരത്തോ വളർത്തിയാൽ പോസിറ്റീവ് എനർജി നിറച്ച് ജീവിതം തന്നെ പ്രകാശമാനമാക്കാം. നമ്മുടെ മനസ്സിനും ശരീരത്തിനും നവോന്മേഷവും ആരോഗ്യവും തരുന്ന 10 ചെടികൾ: 

1 ജമന്തി

വിശുദ്ധിയുടെയും സത്യസന്ധതയുടെയും പ്രതീകമാണ്ജമന്തിപ്പൂക്കൾ. മുറിവ്  ഉണക്കുന്നതിന് ഇത്  വളരെ നല്ലതാണെന്ന് കരുതപ്പെടുന്നു. വീട്ടിലെ വായുവിൽ നിന്നും മാലിന്യങ്ങൾ അകറ്റി ശുദ്ധീകരിക്കുന്നതിനുളള കഴിവ് ജമന്തിപ്പൂക്കൾക്കുണ്ട്. നമുക്ക് ദീർഘായുസും സൗഖ്യവും ഉറപ്പാക്കുവാൻ ജമന്തിച്ചെടികൾക്ക് കഴിയുമത്രേ. സംഘർഷമകറ്റി ശാന്തിനേടാൻ ജമന്തിച്ചെടി വീട്ടിൽ നട്ടുവളർത്തുക. 

2 മണിപ്‌ളാന്റ്

ഫെങ്ഷൂയി പ്രകാരം മണിപ്‌ളാന്റ് പോസിറ്റീവ് എനർജി ഒഴുക്കുന്ന ചെടിയാണ്. പോരാത്തതിന് വീട്ടിലേക്ക് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും. ഇത് നിരത്തിയോ പടർത്തിയോ വളർത്താം.  ദുർചിന്തകൾ, ഉത്കണ്ഠ, ക്ഷീണം ഇവയെല്ലാം അകറ്റുന്ന മണിപ്‌ളാന്റിന്റെ മുളകൾ മുകളിലേക്ക് വച്ചാൽ അത് നിങ്ങളിൽ ആരോഗ്യവും ഐശ്വര്യവും നിറയ്ക്കും.

3 പീസ്‌ലില്ലി

മാനസികമായും ശാരീരികമായും ആത്മീയമായും ഉണർവും ഐശ്വര്യവുമേകുന്ന ചെടിയാണ് പീസ്‌ലില്ലി.വീട്ടിലേക്കുള്ള നല്ല ഊർജ്ജപ്രവാഹം ഇത് വർദ്ധിപ്പിക്കും. വീട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ദുഷിച്ച വായുവിനെ അകറ്റും. അങ്ങനെ വീടിനെയും നമ്മളെയും ശുദ്ധീകരിക്കും. അധികം വെളിച്ചമേൽക്കാത്ത  ഇരുണ്ട സ്ഥലങ്ങളിൽ വളരുന്ന പീസ് ലില്ലി ഓഫീസ് മുറികളിലും വീടിന്റെ മുലകളിലും വയ്ക്കാൻ പറ്റിയതാണ്. ശയനമുറിയിൽ പീസ്‌ലില്ലി വച്ചാൽ മനശാന്തിയും ശാന്തമായ ഉറക്കവും ലഭിക്കും.

4 മുല്ലപ്പൂ

പരിസരമാകെ സൗരഭ്യമൊഴുക്കുന്ന മുല്ലപ്പൂക്കൾ പൂന്തോട്ടത്തിലും വീട്ടിലും പോസിറ്റീവ് എനർജിയും നിറയ്ക്കും. ബന്ധങ്ങൾ ദൃഢമാക്കുന്ന മുത്തുമണികൾ പോലുള്ള മുല്ലമലരുകൾ  പ്രണയം തളിരിതമാക്കും. മുല്ലപ്പൂവിന്റെ മധുരസുഗന്ധം സംഘർഷഭരിതമായ മനസിനെ തഴുകി തലോടി   നല്ല ഊർജ്ജം സമ്മാനിക്കും.  മുറിക്കുള്ളിലാണെങ്കിൽ മുല്ലപ്പൂ തെക്ക് ദിക്കിൽ ജനാലയ്ക്ക് അരികിൽ വയ്ക്കണം. പൂന്തോട്ടത്തിൽ ഇത് നട്ടുവളർത്തേണ്ടത് വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക്കിഴക്ക് ഭാഗത്ത് വേണം. 

5 റോസ്‌മേരി

മന:സുഖവും ശാരീരിക ക്ഷേമവും സമ്മാനിക്കുന്ന റോസ്‌മേരിച്ചെടി വീട്ടിലെ അന്തരീക്ഷം ശുദ്ധീകരിക്കും; വായുവിനെ വിഷമാലിന്യ മുക്തമാക്കും. റോസ്‌മേരിപ്പൂവിന്റെ മണം  ക്ഷീണിതരിൽ അതിവേഗംഉന്മേഷം നിറയ്ക്കും; ഉത്കണ്ഠ അകറ്റും; ഓർമ്മശക്തി വർദ്ധിപ്പിക്കും; ആത്മശാന്തിക്കും നല്ല ഉറക്കം കിട്ടുന്നതിനും ഇതിന്റെ സുഗന്ധം നല്ലതാണ്. വെളിച്ചമുള്ള സ്ഥലത്ത് വേണം റോസ്‌മേരി വളർത്തേണ്ടത്. ഒരു കാരണവശാലും കൂടുതൽ വെള്ളം ഒഴിക്കരുത്. 

6 ലക്കി ബാംബു

ആയിരക്കണക്കിന് വർഷങ്ങളായി ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് ലക്കി ബാംബു. ഫെങ്ഷൂയിപ്രകാരം കുത്തനെയുള്ള ലക്കിബാംബു തടി മൂലകമാണ്. അത് നമ്മുടെ ഊർജ്ജവും ഓജസും വർദ്ധിപ്പിച്ച് കർമ്മോന്മുഖത കൂട്ടും. അധികം ചെലവില്ലാതെ വളർത്താവുന്ന ലക്കിബാംബു മുറിയിൽ വെളിച്ചം കുറഞ്ഞ സ്ഥലത്ത് വച്ച് വളർത്തുക. നേരിട്ട് വെളിച്ചമടിക്കരുത്. ഒരു ഗ്‌ളാസ് പാത്രത്തിൽ ഒരിഞ്ച് ഉയരത്തിൽ ശുദ്ധീകരിച്ച വെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ ഒഴിച്ച് അതിൽ വേണം ലക്കിബാംബു വയ്ക്കാൻ. 

7 ഓർക്കിഡ്

വീടിനും വീട്ടുകാർക്കും  പുതിയ ഊർജ്ജം പകർന്ന് നവോന്മേഷമേകുന്ന  ഓർക്കിഡ് മൊത്തത്തിൽ തന്നെ പോസിറ്റീവ് എനർജി സമ്മാനിക്കും. ഏറെക്കാലം പൂത്തുനിൽക്കുന്ന ഓർക്കിഡ് പൂവിന് വ്യത്യസ്ത രൂപവും  വലിപ്പവുമുണ്ട്. രാത്രിയിൽ ഓക്‌സിജൻ പുറന്തള്ളുന്ന ഓർക്കിഡ് ശയനമുറിയിൽ വയ്ക്കുന്നത്  മാനസികോല്ലാസം വർദ്ധിപ്പിക്കും.

8 കറ്റാർവാഴ

ഭാഗ്യവും നവോന്മേഷവും പ്രദാനം ചെയ്യുന്ന ചെടിയാണ് കറ്റാർവാഴ അഥവാ അലോവര. വിവിധ തരത്തിലുള്ള മുറിവുകൾ ഉണക്കുന്ന അലോവര ത്വക് രോഗങ്ങൾക്ക് നല്ലൊരു മരുന്നാണ്. ശരീര കാന്തി പ്രത്യേകിച്ച് മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് അലോവര ജെൽ ഒന്നാന്തരമാണ്. നേരിട്ട്‌ വെളിച്ചം ഏൽക്കാത്ത സ്ഥലത്ത് തഴച്ചുവളരും. പതിവായിനനയ്ക്കണം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കരുത്; നിന്നാൽ അഴുകിപ്പോകും. കറ്റാർവാഴയുടെ സാന്നിദ്ധ്യം ദൗർഭാഗ്യങ്ങളും ചീത്ത മനോഭാവവും അകറ്റുമെന്ന് അനുഭവമുള്ളവർ പറയുന്നു. 

9 തുളസി

അന്തരീക്ഷത്തിൽ നിന്നും പ്രതികൂല ഊർജ്ജം നീക്കി വായുവിനെ ശുദ്ധീകരിക്കുന്ന തുളസി ഏത് സ്ഥലത്തും പോസിറ്റീവ് എനർജി നിറയ്ക്കും. ബാക്ടീരിയകളെയും ഫംഗസുകളെയുമെല്ലാം നശിപ്പിക്കും;  വിഷവായുവിനെയും തുരത്തും. തുളസിച്ചെടി വളർത്തുന്നത് ആത്മീയ ഉണർവിനും രോഗമുക്തിക്കും നല്ലതാണ്. വീടിന്റെയോ പൂന്തോട്ടത്തിന്റെയോ വടക്കോ, കിഴക്കോ, വടക്കുകിഴക്കോ ഭാഗത്ത് വളർത്തണം.  

10 കർപ്പൂര തുളസി

അവിശ്വസനീയമായ ശുചീകരണ ശക്തിയുള്ള ചെടിയാണ് കർപ്പൂര തുളസി. ദുർവികാരങ്ങളായ കോപം, ഭീതി ഇതെല്ലാം നമ്മളിൽ നിന്നും അകറ്റുവാൻ കർപ്പൂര തുളസിയുടെ സാമീപ്യം സഹായിക്കും. ഇത്  ഭവനത്തിലെ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും. പല മരുന്നുകൾക്കും കർപ്പൂര തുളസി ഉപയോഗിക്കുന്നുണ്ട്. ഉണങ്ങിവരണ്ട സ്ഥലങ്ങളിൽ കർപ്പൂര തുളസി വളർത്തരുത്.

– സരസ്വതി ജെ. കുറുപ്പ് 

Mobile: +91 90745 80476

error: Content is protected !!