Thursday, 21 Nov 2024
AstroG.in

വെളളി ഗജവിഗ്രഹം വീട്ടിൽ വച്ചാൽ…….

ആറ്റുകാൽ ദേവീദാസൻ
ഗൃഹത്തിലേക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ പരമ്പരാഗതവും പൗരാണികവുമായ പല ആചാരങ്ങളും സാധാരണക്കാർ പിൻതുടരുന്നു. നമ്മുടെ വിജയ വഴിയിലെ തടസങ്ങൾ അകറ്റി സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കാൻ ചില ശാസ്ത്രങ്ങൾ ദോഷ പരിഹാര ക്രിയകൾ നിർദ്ദേശിക്കാറുമുണ്ട്. അത്തരത്തിൽ ഒരു വാസ്തു വിശ്വാസത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ഹിന്ദുമത വിശ്വാസികൾക്ക് ആന പുണ്യ പ്രതീകമാണ്. ഭീമാകാരമുള്ള വെറും മൃഗമായല്ല ആനയെ ഹൈന്ദവർ കാണുന്നത്. അവർക്ക് ആന ഈശ്വരതുല്യമാണ്. ഏറ്റവും പ്രിയപ്പെട്ട ഉപാസനാ മൂർത്തിയായ എല്ലാ തടസങ്ങളും അകറ്റുന്ന ഗണപതി ഭഗവാൻ ഗജമുഖ വദനനാണ്. ഗണേശന്റെ അനുഗ്രഹം ലഭിച്ചാൽ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ എല്ലാം അവസാനിക്കും. സന്തോഷവും ആയുരാരോഗ്യ സൗഖ്യവും സമ്പത്തും നൽകി ഗണേശൻ ഭക്തരെ അനുഗ്രഹിക്കും.

ഗണേശഭഗവാനെ ആരാധിക്കുകയും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ചെയ്യുന്നതിന് ഒപ്പം ഗണേശപ്രീതി നേടാൻ ചില പൊടിക്കൈകൾ കൂടി ചെയ്താൽ ജീവിതം സുരഭിലമാക്കാമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. വീട്ടിൽ ആന വളർത്തുകയും ആനയെ ഊട്ടുകയുമാണ് അതിന് വാസ്തു ശാസ്ത്രം നിർദ്ദേശിക്കുന്ന ഒരു പോംവഴി. ഇത് എല്ലാവർക്കും സാദ്ധ്യമല്ലാത്തതിനാൽ ആ ചിന്ത ഉപേക്ഷിക്കുകയേ നിവർത്തിയുള്ളൂ. എന്നാൽ ഇതിനു പകരമായി ആർക്കും ചെയ്യാവുന്ന ഒരു വഴിയുണ്ട്. വെള്ളിയിൽ തീർത്ത ഒരു ചെറിയ ഗജവിഗ്രഹം വീട്ടിൽ സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ വീട്ടിലെ ഐശ്വര്യവും ഭാഗ്യവും ഇരട്ടിയാകും എന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇപ്രകാരം ഒരു വെള്ളി ആനയെ വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ജോലി സ്ഥലത്തോ സ്ഥാപിച്ചാൽ എല്ലാവിധ വാസ്തുദോഷങ്ങളും അവസാനിക്കും. ഇങ്ങനെ വീട്ടിൽ നിന്നും സ്ഥാപനത്തിൽ നിന്നും വാസ്തു ദോഷങ്ങൾ അകന്നാൽ അവിടേക്ക് ലക്ഷ്മിഭഗവതി കയറിവരും.

വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ വയ്‌ക്കേണ്ട ഗജവിഗ്രഹത്തിന് നിശ്ചിത ഭാരമോ വലിപ്പമോ നിശ്ചയിച്ചിട്ടില്ല. ഒരോരുത്തർക്കും സ്വന്തം കഴിവിനൊത്ത ഗജവിഗ്രഹം വയ്ക്കാം. ഒരു വെള്ളി വിഗ്രഹം വാങ്ങാനുള്ള കഴവില്ലെങ്കിൽ വെള്ളി ഗജവിഗ്രഹത്തിന്റെ ഒരു ഫോട്ടോ വീട്ടിൽ സൂക്ഷിച്ചാലും മതി. ഇത് ആ കുടുംബത്തിന്റെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല അവർക്ക് ജീവിതവിജയത്തിന്റെ വാതിലുകൾ തുറന്നു കൊടുക്കുകയും ചെയ്യുമെന്ന് ചിലർ വിശ്വസിക്കുന്നു. ഈ വെള്ളി വിഗ്രഹം ഓൺലൈൻ ഷോപ്പിംഗ് കാർട്ടുകൾ വഴി എളുപ്പം വാങ്ങാം.

വെള്ളി ഗജവിഗ്രഹമായാലും ചിത്രമായാലും വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ അത് എപ്പോഴും വടക്ക് ദർശനമായി സ്ഥാപിക്കുവാൻ ശ്രദ്ധിക്കണം.

ആറ്റുകാൽ ദേവീദാസൻ, +91 98475 75559

error: Content is protected !!