വ്യാഴം തുണച്ചാൽ അത്ഭുത നേട്ടങ്ങൾ, പിഴച്ചാൽ എല്ലാം പിഴച്ചു ; പരിഹാരം ഇതെല്ലാം
മംഗള ഗൗരി
ഏതൊരു വ്യക്തിയെയും ഏറ്റവും സ്വാധീനിക്കുന്ന
ഗ്രഹമാണ് വ്യാഴം. ജാതകത്തിൽ വ്യാഴം അനുകൂലമായി
നിൽക്കുന്നവർക്ക് സർവൈശ്വര്യങ്ങളും സമൃദ്ധിയും ലഭിക്കും. അതേസമയം പ്രതികൂലമായാൽ ഇത്രയും മോശം ഫലങ്ങൾ നൽകുന്ന വേറെ ഒരു ഗ്രഹവും ഇല്ല.
ധനുരാശിയും മീനം രാശിയുമാണ് വ്യാഴത്തിന്റെ സ്വക്ഷേത്രം. കർക്കടകം രാശി ഉച്ഛക്ഷേത്രം. മകരം രാശി നീചക്ഷേത്രം. ജനന സമയ ഗ്രഹനിലയിൽ വ്യാഴത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ പലവിധത്തിലുള്ള ശാരീരിക, സാമ്പത്തിക, മാനസിക വൈഷമ്യങ്ങൾ അനുഭവിക്കും. അതിനാലാണ് വ്യാഴം പിഴച്ചാൽ എല്ലാം പിഴച്ചു എന്ന് പറയുന്നത്. ജീവിതത്തിൽ അനുഭവയോഗം കൂടാനും അത്ഭുതകരമായ നേട്ടങ്ങൾ സംഭവിക്കാനും സുപ്രധാന കാര്യങ്ങൾ നടക്കാനും വ്യാഴ ബലം അനിവാര്യമാണ്.
വ്യാഴബലമില്ലാത്ത ജാതകക്കാർക്ക് ലളിതമായ ചില അനുഷ്ഠാനങ്ങളിലൂടെ വ്യാഴദോഷങ്ങൾക്ക് പരിഹാരം കാണാം. അതിൽ മുഖ്യം വിഷ്ണു പ്രീതി നേടുകയാണ്. മറ്റൊന്ന് വ്യാഴാഴ്ചവ്രതമാണ്. ജാതകവശാൽ വ്യാഴ ദോഷമുള്ളവരും വ്യാഴദശയിലും അപഹാരത്തിലും കഴിയുന്നവരും വ്യാഴാഴ്ചനാൾ വ്രതം എടുത്താൽ ദോഷ കാഠിന്യം കുറയ്ക്കാനാകും. ഏകാദശി വ്രതാനുഷ്ഠാനം ആണ് മറ്റൊരു പരിഹാരം. ഇവ നോൽക്കുന്നവർ കഴിയുന്നത്ര വിഷ്ണു മൂലമന്ത്രം ഓം നമോ നാരായണായ ദ്വാദശാക്ഷരി ഓം നമോ ഭഗവതേ വാസുദേവായ എന്നിവയും മഹാ സുദർശന മന്ത്രവും നിശ്ചിത തവണ ജപിക്കണം. പതിവായുള്ള സുദർശന മന്ത്ര ജപം അത്യുത്തമമായ വ്യാഴദോഷ പരിഹാരമാണ്.
വ്യാഴപ്രീതി ഉണ്ടായാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ തനേ വരും. ലക്ഷം ദോഷങ്ങൾ ഇല്ലാതാക്കാൻ വ്യാഴ ബലം മാത്രം മതി. ജാതകത്തിൽ വ്യാഴം അനുകൂലമായി വരുന്ന സന്ദർഭങ്ങളിൽ മറ്റു ഗ്രഹങ്ങൾ മൂലമുള്ള സർവ്വ ദോഷങ്ങൾക്കും ശാന്തി ലഭിക്കും. വ്യാഴം നീച രാശിയിൽ നിൽക്കുമ്പോൾ ജനിക്കുന്ന ഒരു ജാതകന്റെ ആരോഗ്യം മോശമായിരിക്കും. ഇവർ 16 വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് ധന്വന്തരി ക്ഷേത്രദർശനം നടത്തി ധന്വന്തര പൂജ ചെയ്യുന്നത് ഏറ്റവും ഉത്തമ ദോഷപരിഹാര മാർഗ്ഗമാണ്. നെയ്യ് വിളക്ക് കൊളുത്തുന്നതും മഞ്ഞ പൂക്കൾ കൊണ്ടുള്ള പുഷ്പാഞ്ജലിയും പാൽപ്പായസം, പാൽ, നെയ്യ് ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന നിവേദ്യവും ഈ ഈ വ്രത ഭാഗമായുള്ള ഉത്തമ സമർപ്പണമാണ്. ഇവ ക്ഷേത്രങ്ങളിൽ നടത്താവുന്നതാണ്. വ്യാഴാഴ്ചദിവസം ഉപവസിച്ച് തലേന്ന് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വ്യാഴാഴ്ച വ്രതം നോൽക്കാം. വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുപുരാണം എന്നിവ വായിക്കുന്നതും വിഷ്ണു പ്രീതികരമാണ് .
16 വ്യാഴാഴ്ച എന്നത് മാസത്തിൽ ഒരു വ്യാഴാഴ്ചയായും തുടർച്ചയായ വ്യാഴാഴ്ചകൾ എന്ന കണക്കിലും അനുഷ്ഠിക്കാം. വ്രതം എടുക്കുന്ന വ്യക്തിയുടെ സൗകര്യം പോലെ തെരഞ്ഞെടുക്കുക.
ജാതകത്തിൽ വ്യാഴം മകരത്തിലോ, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളിലും സ്ഥിതിചെയ്യുന്നവർ വ്യാഴ ദോഷത്തിന് പരിഹാരം ചെയ്യണം. ശനി, രാഹു, കേതു ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ വ്യാഴത്തിന് ഉള്ളവരും വ്യാഴ പ്രീതി നേടണം. ഇടവം, മിഥുനം, മകരം കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർക്ക് വ്യാഴദശ അനുകൂലമാകില്ല. അശ്വതി, മകം, മൂലം, കാർത്തിക, ഉത്രം, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ചാരവശാൽ വ്യാഴം 1, 3, 4, 6, 8, 10, 12 എന്നീ രാശികളിൽ സഞ്ചരിക്കുമ്പോഴും വ്യാഴ പ്രീതി വരുത്തണം. വ്യാഴം മോശമായാൽ ഇത്രയും മോശമായത് വേറെ ഒന്നുമില്ല. ഏറ്റവുമധികം വിവാഹമോചനം നടക്കുന്നത് വ്യാഴത്തിന് വളരെയധികം ബലക്കുറവുള്ള വ്യക്തികൾക്കിടയിലാണ്.
വ്യാഴം ദുർബലമാകുന്ന ജാതകർക്ക് പൊതുവേ ഈശ്വരവിശ്വാസം കുറവായിരിക്കും. വിഷാദാത്മത്വം ശുഭാപ്തി വിശ്വാസകുറവ്, തീവ്രമായ പെരുമാറ്റങ്ങൾ, ആത്മവിശ്വാസക്കുറവ്, ധൂർത്ത്, കടം വാങ്ങൽ, എല്ലാ രംഗത്തും പരാജയം, ശാരീരികമായ ഊർജ്ജസ്വലത കുറഞ്ഞും, കഫ സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, ബുദ്ധി വൈകല്യങ്ങൾ തുടങ്ങിയവയും വ്യാഴം ദുർബലമായ വ്യക്തിയുടെ ലക്ഷണമാണ്.
മൂലമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
സുദർശന മന്ത്രം
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹ
വിഷ്ണുഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
വിഷ്ണു അഷ്ടോത്തരം
Story Summary: Astrological Benefits and Drawbacks of Jupiter, the Planet of luck, fortune, success and generosity in our life