Tuesday, 7 May 2024
AstroG.in

വ്യാഴം മേയ് 1 ന് ഇടവം രാശിയിൽ; ഈ അഞ്ച് കൂറുകാർക്ക് നല്ല കാലം

ജ്യോതിഷരത്നം വേണു മഹാദേവ്
നവഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സർവദേവതാ സാന്നിദ്ധ്യമുള്ള ഗ്രഹമായ വ്യാഴം 2024 മേയ് 1 ബുധനാഴ്ച പകൽ 2 മണി 4 മിനിട്ടിന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറും. തുടർന്ന് 2025 മേയ് 15 വരെ വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കും. ഇതിന്റെ ഗുണവും ദോഷവും സകലരും അനുഭവിക്കേണ്ടി വരും.

വ്യാഴത്തിന്‍റെ രാശിമാറ്റം എപ്പോഴും വളരെ പ്രധാനമാണ്. ഏതൊരാള്‍ക്കും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും ഒപ്പം അവയുടെ ദശാപഹാരകാലവും കൂടി മോശമാകുകയും ചെയ്താൽ അത് വളരെയധികം കഷ്ടതരമാകും. സന്താനം, സമ്പത്ത്, കീര്‍ത്തി, ബന്ധു ഗുണം, ബുദ്ധി ശക്തി, സുഖാനുഭവങ്ങൾ, ഈശ്വരഭക്തി, ദയ, ദാമ്പത്യ സൗഖ്യം തുടങ്ങിയവയുടെ നാഥനാണ് വ്യാഴം. വ്യാഴം അനുകൂലമായാല്‍ ഇവയില്‍ നിന്നെല്ലാം നല്ല ഫലം കിട്ടും. പ്രതികൂലമായാല്‍ മോശം ഫലം നേരിടേണ്ടി വരും.

വ്യാഴം 12 രാശി പിന്നിടാൻ 11 വര്‍ഷവും 10 മാസവും 12 ദിവസവുമെടുക്കും. സാമാന്യമായി പറഞ്ഞാല്‍ 12 വര്‍ഷം അതായത് ഒരു വ്യാഴവട്ടം. അപ്പോള്‍ ഒരു രാശിയില്‍ വ്യാഴം നിൽക്കുന്നത് ഒരു വര്‍ഷമായിരിക്കും. ഇപ്പോൾ ഇടവത്തിലേക്ക് മാറുന്ന വ്യാഴം മേടം, കർക്കടകം, കന്നി, വൃശ്ചികം, മകരം രാശിക്കാർക്ക് സൗഭാഗ്യകരമാണ്.

എന്നാൽ മറ്റ് രാശിക്കാർക്ക്, ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം, മീനം കുറുകാർക്ക് സമ്മിശ്ര ഫലമാകും നൽകുക. ഇപ്പോഴത്തെ വ്യാഴ മാറ്റ പ്രകാരം ഇടവക്കൂറിന് ( ജന്മവ്യാഴം), മിഥുനക്കൂറിന് (12 ൽ വ്യാഴം),
ചിങ്ങക്കൂറിന് ( 10 ൽ വ്യാഴം), തുലാക്കൂറിന് ( അഷ്ടമ വ്യാഴം), ധനുക്കൂറിന് ( ആറിൽ വ്യാഴം), കുംഭക്കൂറിന് (4 ൽ വ്യാഴം), മീനക്കൂറിന് ( 3 ൽ വ്യാഴം) ദോഷം ചെയ്യും എന്ന് കാണുന്നു. ഇതിൽതന്നെ ഏറ്റവുമധികം സമയദോഷം സംഭവിക്കുക 3, 6, 8, 12 ഭാവങ്ങളിൽ വ്യാഴം നിൽക്കുന്ന മീനം, ധനു, തുലാം, മിഥുനം കൂറുകളിൽ ജനിച്ചവർക്കാണ്.

ഇവർക്ക് ആരോഗ്യം, ബന്ധങ്ങൾ, സമ്പത്ത് എന്നിവയിൽ വ്യാഴമാറ്റം കൊണ്ട് ദുരിതങ്ങൾ പ്രതീക്ഷിക്കാം.
ഇതിന് പരിഹാരമായി ഇവർ ഗുരുവിന്റെ ബലം കൂട്ടണം. അതിന് വ്യാഴഗ്രഹശാന്തി പൂജ, ഹോമം, മഹാവിഷ്ണു പൂജ എന്നിവ നടത്തണം. കൂടാതെ വ്യാഴ – ശനി ദോഷ പരിഹാരമായി ഗുരുവായൂരപ്പനെയും അയ്യപ്പനെയും പൂജിക്കണം. ധർമ്മ ശാസ്താവ് വിഷ്ണുവും ശിവനും ചേർന്ന ദേവതയാണ്. വിഷ്ണു വ്യാഴത്തിന്റെ ദേവനും ശിവൻ ശനിയുടെ ദേവനുമാണ്. അതിനാൽ അയ്യപ്പന് പ്രത്യേക പൂജകൾ നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ ഗുരുവായൂരപ്പനെ ദർശിക്കുന്നതിലൂടെ വ്യാഴ ദോഷങ്ങൾ തീരും. ഓം നമോ നാരായണായ എന്നും
ജപിക്കണം.

എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്‍റെ ദൃഷ്ടി ലക്ഷം ദോഷങ്ങൾ വരെ പരിഹരിക്കും എന്നാണ് പ്രമാണം. വ്യാഴം ശുഭസ്‌ഥാനത്ത് വരികയും അതോടൊപ്പം വ്യാഴ ദൃഷ്ടികൂടി ലഭിക്കുകയും ചെയ്യുന്ന കൂറുകാർക്ക് ഈ വ്യാഴമാറ്റം സദ്ഫലം നൽകും.

ഈ വ്യാഴമാറ്റം ഗുണം ചെയ്യുന്നത് 5 കൂറുകാർക്ക്

1) മേടക്കൂറ്
(അശ്വതി, ഭരണി,കാര്‍ത്തിക ആദ്യകാൽ)

2) കര്‍ക്കടകക്കൂറ്
(പുണര്‍തം അവസാന കാൽ, പൂയം, ആയില്യം)

3) കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

4)വൃശ്ചികക്കൂറ്
(വിശാഖം അവസാനകാൽ, അനിഴം, തൃക്കേട്ട)

5) മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി )

ഈ വ്യാഴമാറ്റം കൂടുതൽ ദോഷം ചെയ്യുന്നത് 4 കൂറുകാർക്ക്

1) മീനക്കൂറ്
(പൂരുരുട്ടാതി അവസാനകാൽ, ഉത്തൃട്ടാതി, രേവതി)

2) ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യകാൽ)

3) തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)

4) മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാൽ)‍
മീനം, ധനു, തുലാം, മിഥുനം

ഈ വ്യാഴമാറ്റം സമ്മിശ്ര ഫലം നൽകുന്നത് 3 കൂറുകാർക്ക്

1) ഇടവക്കൂറ്
(കാര്‍ത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി )

3) ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)

5) കുംഭക്കുറ്
(അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യമുക്കാൽ )

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Significance Jupiter in Taurus (Guru in Edavam Rashi) May 1, 2024 and how it affects your zodiac sign

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!