Friday, 20 Sep 2024
AstroG.in

ശോഭയോടെ കത്തുന്ന വിളക്ക് സ്വപ്നം കണ്ടാൽ സന്താനങ്ങൾക്ക് എന്ത് സംഭവിക്കും?

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
ജാഗ്രതാവസ്ഥയിലുള്ള മന‌സാണ് നമ്മൾ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ സ്വാധീനിക്കുന്നത്. ഈ മനസ് ഏതെങ്കിലും വിഷയത്തിൽ കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ അത് സ്വപ്ന മനസിനെ സ്വാധീനിക്കുകയും ആ വിഷയസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വപ്നരൂപത്തിൽ നമുക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു. നമ്മുടെയൊക്കെ ഭാവി പ്രപഞ്ചമനസിൽ സജീവാവസ്ഥയിൽ കിടപ്പുണ്ട്. ഇവ സ്വപ്ന മനസിനെ ബാധിക്കുകയും വ്യക്തിയുടെ വരും കാലത്തെക്കുറിച്ച് അതായത് ഭാഗ്യം, ദൗർഭാഗ്യം, സുഖം, സമ്പത്ത്, അനുഭവങ്ങൾ, മരണം, അപകടം എന്നിത്യാദി കാര്യങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

ആന്തരികബോധത്തിന്റെ നേർ രേഖ പിൻതുടരുന്നതിനു പകരം ഭൗതികചിന്തയുടെ വളവും തിരിവുമുള്ള വഴി അവലംബിക്കുമ്പോഴാണ് ഭാവിയെക്കുറിച്ച് നമുക്ക് മനസിലാക്കാൻ കഴിയാതെ പോകുന്നത്. എത്രയോ അധികം നൂറ്റാണ്ടുകളായി മൺമറഞ്ഞും ജലത്തിലാണ്ടും കിടക്കുന്ന ദേവതാവിഗ്രഹങ്ങളുടെ സ്ഥാനം മഹാജ്ഞാനികൾ സ്വപ്നത്തിൽ മനസ്‌സിലാക്കിയ നൂറുകണക്കിന് കഥകൾ കേരളീയഐതിഹ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മോഷണമുതൽ കുഴിച്ചിട്ട സ്ഥലം മോഷ്ടാക്കളുടെ വിവരങ്ങൾ, ബന്ധുജനങ്ങളുടെ വേർപാട്, രോഗങ്ങൾ, അത്യാഹിതങ്ങൾ എന്നിങ്ങനെ എത്രയെത്ര എണ്ണിയാലൊടുങ്ങാത്ത സ്വപ്നാനുഭവങ്ങൾ പങ്കുവയ്ക്കാൻ നാട്ടിൽ ധാരാളം ആളുകളുണ്ട്. പുരാണേതിഹാസങ്ങളിലെല്ലാം ഇത്തരം സ്വപ്നദർശനങ്ങളെക്കുറിച്ച് അസംഖ്യം വിവരണങ്ങൾ കാണുന്നു. ഉഷ അനിരുദ്ധന്റെ രൂപം സ്വപ്നം കാണുകയായിരുന്നല്ലോ കൃഷ്ണനും ബുദ്ധനുമെല്ലാം എബ്രഹാമും നബിയും സ്വപ്നങ്ങൾ കണ്ടിരുന്നു. അവയെല്ലാം പ്രവചനസ്വഭാവമുള്ളവയും ആയിരുന്നു.

ജ്യോതിഷപ്രകാരം നാം കാണുന്ന ഓരോ സ്വപ്നത്തിനും ഗുണദോഷഫലങ്ങൾ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സ്വപ്നത്തിൽ നമുക്ക് ഗോചരമാകുന്ന ഓരോ കാഴ്ചയ്ക്കും അനുസരിച്ച് വ്യത്യസ്ത ഫലങ്ങളാകും ഉണ്ടാവുക. സ്വപ്നത്തിലെ ചില കാഴ്ചകൾ തികഞ്ഞ ശുഭനിമിത്തമാവുമ്പോൾ ചിലത് അശുഭങ്ങളാണ്. ഈ പരമ്പരയിൽ നമ്മൾ പതിവായി കാണുന്ന ചില സ്വപ്നങ്ങളും അതിന്റെ ഗുഢാർത്ഥവുമാണ് പറയുന്നത്.

1 നല്ല തെളിഞ്ഞ വെള്ളമുള്ള കിണർ സ്വപ്നത്തിൽ ദർശിച്ചാൽ ധനലാഭമുണ്ടാകാം.
2 ആരാധനാലയങ്ങളുടെ പടം കണ്ടാൽ ദീർഘദൂരയാത്രഫലം.
3 സ്വഗൃഹത്തിൽ മലിനജലം തളിച്ചതായി കണ്ടാൽ ദുരിതങ്ങൾ ആസന്നഭാവിയിലുണ്ടാകും.
4 ഏകനായി ഒരു ഗുഹയിൽ തനിച്ചു കഴിയുന്നതായി കണ്ടാൽ ധനനഷ്ടം, കാര്യനാശം ഫലം.
5 നിരപ്പില്ലാത്തതും താഴ്ന്നതുമായ പ്രദേശത്ത് സകലഫല വർഗ്ഗങ്ങളും നട്ടിരിക്കുന്നതു കണ്ടാൽ ആപത്ത് ഫലം.
6 ഭിത്തിയിൽ നിന്ന് താഴേക്ക് പതിക്കുന്നതായി കണ്ടാൽ ഉദ്യോഗത്തിൽ നിന്നും തരം താഴ്ത്തപ്പെടാം.
7 മലയുടെ മുകളിൽ കയറിനിൽക്കുന്നതു കണ്ടാൽ ആപത്തുകൾ ഒഴിഞ്ഞുപോകും.
8 പർവ്വതാരോഹണത്തിനിടെ കാലുതെറ്റി വീഴുന്നത് കണ്ടാൽ ആരോഗ്യം നശിക്കും.
9 സ്വപ്നദർശനത്തിൽ അഗ്‌നികണ്ടാൽ ശുഭഫലമുണ്ടാകും.
10 ശോഭയോടെ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക്, പന്തം ഇവയിൽ ഏതെങ്കിലും കണ്ടാൽ സന്താനങ്ങളുടെ ഭാവി ശോഭനമാകും. അവർക്ക് കാര്യസിദ്ധി, വിവാഹപ്രാപ്തി, സൽക്കീർത്തി, ധനലാഭം എന്നിവ ഫലം.

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാ പണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിൽ പ്രണവത്തിൽ താമസിക്കുന്നു. മൊബൈൽ : +91 94 97836666
വെബ് സൈറ്റ്: www.mnandakumar.com )

error: Content is protected !!