Sunday, 24 Nov 2024
AstroG.in

സൂര്യഗ്രഹണം ; തിങ്കളാഴ്ച
വൈകുന്നേരം ഒരു മണിക്കൂർ
ക്ഷേത്രനട അടച്ചിടും

ഭാഗിക സൂര്യഗ്രഹണം നടക്കുന്നതിനാൽ 2022 ഒക്ടോബർ 25 തിങ്കളാഴ്ച വൈകിട്ട് ഒരു മണിക്കൂർ ക്ഷേത്രനട അടച്ചിടും. അന്ന് വൈകിട്ട് 5:04 മുതൽ 6:23 വരെ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടുമെന്ന് ദേവസ്വം അറിയിച്ചു. 2022 നവംബർ 8 ന് ചന്ദ്രഗ്രഹണമായതിനാൽ അന്ന് ഉച്ചപൂജ കഴിഞ്ഞ് 2 മണിക്ക് ഗുരുവായൂർ നട അടയ്ക്കും. തുടർന്ന് വൈകുന്നേരം 6:45 ന് നട തുറന്ന് ശീവേലിയും പിന്നിട് ദീപാരാധന, അത്താഴപൂജ, ശീവേലി, വിളക്ക് എന്നിവ ക്രമമായി നടത്തും. സൂര്യ – ചന്ദ്രഗ്രഹണ ദിവസങ്ങളിലെ അപ്പം, അട, അവിൽ, അഹസ്സ്, രാത്രി പാൽപായസം, എന്നിവയുടെ ഓൺലൈൻ ബുക്കിംഗ് അവസാനിപ്പിക്കുവാനും ദേവസ്വം തീരുമാനിച്ചു.

തുലാമാസ പൂജകൾ കഴിഞ്ഞ് അടയ്ക്കുന്ന ശബരിമല ക്ഷേത്രനട ചിത്തിര ആട്ടവിശേഷത്തിനായി വീണ്ടും ഒക്ടോബർ 24 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 25 നാണ് ആട്ട ചിത്തിര. അന്ന് രാവിലെ 5 മണിക്ക് തുറക്കുന്ന നട ഉച്ചക്ക് ഒരു മണിക്ക് അടയ്ക്കും. അന്ന് സൂര്യഗ്രഹണം ആയതിനാൽ വൈകുന്നേരം 6.30ന് ആയിരിക്കും തിരുനട വീണ്ടും തുറക്കുക. തുടർന്ന് ദീപാരാധന. രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് തുറന്നിരിക്കുന്ന ഏക ക്ഷേത്രം കോട്ടയത്തെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മാത്രമാണ്.

2022 ഒക്ടോബർ 25 ചൊവ്വാഴ്ച ഇന്ത്യൻ സമയം 14:29 ന് ആരംഭിക്കുന്ന ഭാഗിക സൂര്യഗ്രഹണം യൂറോപ്പ്, ആഫ്രിക്കയുടെ വടക്ക് ഭാഗം, പശ്ചിമ ഏഷ്യ എന്നീ സ്ഥലങ്ങളിൽ ദൃശ്യമാണ്. ഈ സൂര്യഗ്രഹണം പൂർണ്ണ സൂര്യഗ്രഹണം അല്ല. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസർഗോഡ് ഭാഗങ്ങളിൽ സൂര്യബിംബത്തിന്റെ 10 ശതമാനം വരെ മറയ്ക്കപ്പെടും. തെക്കോട്ടു പോകുന്തോറും ഇതിന്റെ അളവ് കുറഞ്ഞു വരും.

കേരളത്തിൽ വൈകുന്നേരം 17 :12 മുതൽ സൂര്യാസ്തമയം വരെയാണ് ദൃശ്യമാകുക. കാസർകോട്: 17:12 മണി, കണ്ണൂർ: 17:14, കോഴിക്കോട്: 17:17, കൊച്ചി: 17:23, തിരുവനന്തപുരം: 17:30 എന്നീ സമയങ്ങളിലായി സൂര്യ ബിംബത്തിന്റെ വടക്ക് വശത്ത് വച്ച് ചന്ദ്രൻ സൂര്യനെ മറയ്ക്കാൻ ആരംഭിക്കുന്നു. ഈ സമയങ്ങളിൽ സൂരൃനെ നേരിട്ട് നോക്കുന്നത് കണ്ണിന് ദോഷം ചെയ്യും. സൂര്യൻ അസ്തമിക്കുമ്പോൾ സൂര്യവ്യാസത്തിന്റെ 0.16 ഭാഗം ചന്ദ്രനാൽ മറഞ്ഞിരിക്കും. സൂര്യൻ അസ്തമിക്കുമ്പോഴും ഗ്രഹണം തീർന്ന് കഴിയില്ല.
ഗ്രഹണത്തിനു മുമ്പ് സൂര്യന്റെ വടക്കുഭാഗത്തായിരിക്കും ചന്ദ്രൻ. പിന്നീട് ചന്ദ്രൻ സൂര്യനു മുന്നിലൂടെ തെക്ക് – കിഴക്ക് ഭാഗത്തേക്ക് മുറിച്ചു കടക്കുമ്പോഴാണ് ഗ്രഹണം നടക്കുന്നത്. ഈ സ്ഥാനത്തെയാണ് കേതു എന്നു പറയുന്നത്. ചക്രവാളം മേഘാവൃതമല്ലെങ്കിൽ അസ്തമയത്തോടൊപ്പം ചന്ദ്രന്റെ സാന്നിദ്ധ്യം നേരിൽ കാണാൻ കഴിയും. കോഴിക്കോട് അന്ന് 18:05 മണിക്കാണ് സൂര്യാസ്തമയം. സൂര്യാസ്തമയത്തിന് ശേഷം 81 സെക്കന്റ് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കുന്നു. അഞ്ചു മണിക്ക് ശേഷമാണ് ഗ്രഹണം നടക്കുന്നതെങ്കിലും സൂര്യപ്രകാശ തീവ്രത കുറഞ്ഞിട്ടുണ്ടാകില്ല. അതിനാൽ നഗ്നനേത്രം കൊണ്ട് നോക്കരുത്. സൺ ഫിൽട്ടർ പേപ്പർ ,എക്സ്റേ ഫിലിമിന്റെ കറുത്ത ഭാഗം, വെൽഡർമാർ ഉപയോഗിക്കുന്ന ഗ്ലാസ്സ് ഇവയിൽ ഏതെങ്കിലുമാകാം.

14 ദിവസം കഴിഞ്ഞ് നവംബർ 8 ന് നടക്കുന്ന ചന്ദ്രഗ്രഹണം കിഴക്ക് ചന്ദ്രോദയം മുതൽ 20 മിനിറ്റ് നേരം നമുക്ക് കാണാം. പൗർണമി നാളിലാണ് ചന്ദ്രഗ്രഹണം വരുന്നത്. അന്ന് ഉച്ചയ്ക്ക് ശേഷം 2: 40 ന് ഗ്രഹണം തുടങ്ങുമെങ്കിലും നമുക്ക് ചന്ദ്രനെ കാണാൻ കഴിയില്ല. എങ്കിലും ഗ്രഹണം മൂന്നര മണിക്കൂറിലധികം നീണ്ടു നിൽക്കുന്നുണ്ട്. അതിനാൽ സൂര്യൻ അസ്തമിക്കുന്ന സമയത്തും ഗ്രഹണം തീർന്നിട്ടുണ്ടാവില്ല. വെളുത്തവാവ് ആയതിനാൽ സൂര്യൻ അസ്തമിക്കുമ്പോൾ തന്നെ ചന്ദ്രൻ കിഴക്കുദിക്കും. അതിനാൽ ചന്ദ്രഗ്രഹണത്തിന്റെ വാലറ്റം നമുക്ക് കാണുവാനാകും. അതായത് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ നിന്നും പുറത്തുവരുന്നത് കാണാം. സംശയ നിവാരണത്തിന് പയ്യന്നൂർ അസ്ട്രോ ഡയറക്ടർ കെ ഗംഗാധരൻ വെള്ളൂരിനെ ബന്ധപ്പെടാം: 944668 0876

Story Summary: Partial Solar Eclipse 2022: Temples will shut down nearly one hour in Kerala to ward off negative energy


error: Content is protected !!