ലക്ഷ്മീനരസിംഹത്തെ ഭജിക്കൂ ; ഭയം,ശത്രുശല്യം, വിവാഹതടസ്സം വേഗം മാറും

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
മംഗളഗൗരി
വൈഷ്ണവ സങ്കൽപ്പത്തിലുള്ള ദേവതകളെ ഭജിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി അല്പം വൈകിയേ ലഭിക്കൂ എന്നാണ് പൊതുവേയുള്ള വിശ്വാസം. വൈഷ്ണവ മൂർത്തികൾക്ക് പറഞ്ഞിട്ടുള്ള മന്ത്രജപം കുറച്ചു കാലം നിഷ്ഠയോടെ തുടർന്നാൽ മാത്രമേ ഫലം കാണാറുള്ളു എന്ന് കരുതുന്നു. സാക്ഷാൽ മഹാവിഷ്ണു മന്ത്രങ്ങളായാലും ശ്രീകൃഷ്ണ, ശ്രീരാമ മന്ത്രങ്ങളായാലും ഇതാണ് കാണപ്പെടുന്നത്. എന്നാൽ അതിവേഗം ഫലം നൽകുന്ന, അതിശക്തമായ വൈഷ്ണവ ഭാവമാണ് ലക്ഷ്മീ നരസിംഹം.
ലക്ഷ്മീ നരസിംഹ ധ്യാനം
ഓം സത്യജ്ഞാന സുഖസ്വരൂപമമലം
ക്ഷീരാബ്ധി മദ്ധ്യസ്ഥിതം
യോഗാരൂഢമതി പ്രസന്നവദനം
ഭൂഷാ സഹസ്രോജ്ജ്വലം
ത്ര്യക്ഷം ചക്ര പിനാക സാഭയവരം
ബിഭ്രാണമർക്കച്ഛവിം
ഛത്രീഭൂത ഫണീന്ദ്രമിന്ദു ധവളം
ലക്ഷ്മീ നൃസിംഹം ഭജേ
പാൽക്കടലിൽ, ബോധസമുദ്ര മധ്യത്തിൽ, സത്യം, ജ്ഞാനം, ആനന്ദം എന്നിവയുടെ സ്വരൂപമായി വളരെ ആകർഷകമായ യോഗാസനത്തിൽ അനേകായിരം സൂര്യന്മാരുടെ വികിരണത്താൽ അതി പ്രസന്നവാനായി ജ്വലിച്ച് , ശംഖ്, ചക്രം, ഗദ, താമരപ്പൂവ്, അഭയ മുദ്ര, വരമുദ്ര എന്നിവ കൈകളിൽ ധരിച്ച്, മൂന്നു കണ്ണുകളുള്ള, സ്വർണ്ണനിറമുള്ള, അനന്തന്റെ ഫണങ്ങളാകുന്ന കുട കൊണ്ട് ശോഭിക്കുന്ന, മഞ്ഞപ്പട്ടുടുത്ത, ലക്ഷ്മിയാൽ ആലിംഗനം ചെയ്യപ്പെടുന്ന ശരീരത്തോടുകൂടിയ, നീലനിറമുള്ള കഴുത്തുള്ള ശ്രീ ലക്ഷ്മിനൃസിംഹ മൂർത്തി അനുഗ്രഹം ചൊരിയട്ടെ എന്നാണ് ഈ ധ്യാനത്തിൽ പ്രാർത്ഥിക്കുന്നത്.
ആലംബമില്ലാത്തവർക്ക് അഭയം
ശ്രീ മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹമൂർത്തി. ആരും
ആലംബമില്ലാതെ കരഞ്ഞ ഭക്തൻ്റെ രക്ഷയ്ക്ക്
നിമിഷാർദ്ധത്തിൽ അവതരിച്ച മൂർത്തി.
ശത്രുസംഹാരത്തിന് അവതരിച്ച ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ, പ്രത്യേകിച്ച്
ആലംബനീനരിൽ അതിവേഗം പ്രസാദിക്കുന്ന ദേവനാണിത്. സ്വന്തം പിതാവ് തന്നെ
അതിക്രൂരമായി ദണ്ഡിച്ച പ്രഹ്ലാദൻ്റെ വിളികേട്ട നിമിഷം തൂണ് പിളർന്നാണ് നരസിംഹമൂർത്തി പ്രത്യക്ഷപ്പെട്ടത്. ശത്രുസംഹാരത്തിന്റെ പ്രധാനമൂർത്തിയായി ഭജിക്കുന്ന
നരസിംഹമൂർത്തിക്ക് ധാരാളം ക്ഷേത്രങ്ങളുണ്ട്.
അകാരണ ഭയം അകറ്റാനും ദുരിതമോചനത്തിനും
നരസിംഹ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത് ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രങ്ങൾ ചൊല്ലുന്നതും ക്ഷേത്രദർശനം നടത്തുന്നതും പെട്ടെന്ന് കാര്യസിദ്ധി നൽകുമെന്നാണ് വിശ്വാസം.
ലക്ഷ്മീനൃസിംഹ അഷ്ടോത്തരം
കാര്യസിദ്ധി ആഗ്രഹിക്കുന്നവർ ക്ഷേത്രദര്‍ശന
വേളയിൽ ലക്ഷ്മീ നരസിംഹ അഷ്ടോത്തര ശതനാമാവലി ജപിക്കുന്നത് നല്ലതാണ്. ദേവിയുമൊത്ത് ഭഗവാൻ ശാന്തഭാവത്തിൽ വസിക്കുന്ന സങ്കല്പത്തിലുള്ള ഈ മന്ത്രജപത്തിന് എണ്ണിയാൽ തീരാത്ത ഫലസിദ്ധി പറയുന്നുണ്ട്. പ്രധാനമായും ഭീതികളെല്ലാം അകറ്റി സുരക്ഷിതത്വവും ജീവിതപുരോഗതിയും മന:ശാന്തിയും സമ്മാനിക്കും. വിവാഹതടസങ്ങൾ മാറാൻ ലക്ഷ്മീനരസിംഹ പ്രീതി ഏറെ ഗുണകരമാണ്. ശത്രുശല്യം, രോഗപീഡ, ദൃഷ്ടിദോഷം എന്നിവ മാറുന്നതിനും കർമ്മരംഗത്ത് ഉയർച്ച, വ്യാപാരാഭിവൃദ്ധി ഇവയ്ക്കും ഉത്തമമാണ്. മനസ്സിനെ ശാന്തമാക്കി ഏകാഗ്രത വർദ്ധിപ്പിച്ച് മനക്കരുത്ത് ആത്മീയ ഉന്നതി എന്നിവ ആർജ്ജിക്കാനും നെഗറ്റീവ് ചിന്തകളിൽ നിന്നും മുക്തി നേടാനും ഈ ജപം സഹായിക്കും. ആശങ്ക, ഉത്കണ്ഠ, അശുഭ ചിന്ത തുടങ്ങിയ വ്യക്തിപരമായ ഭീതികളിൽ നിന്നും രക്ഷിച്ച് ഭക്തർക്ക് ചുറ്റും ശക്തമായ ഒരു രക്ഷാകവചം തീർക്കും. ദു:സ്വാധീനങ്ങളിൽ നിന്ന് മാറ്റി നിറുത്തും. ബുധൻ, വ്യാഴം, ചോതി നക്ഷത്രം, ശുക്ലപക്ഷ ചതുർദ്ദശി, വൈശാഖത്തിലെ നരസിംഹ ജയന്തി ദിവസങ്ങളിൽ ജപിച്ചാൽ ഇരട്ടി ഫലം ചെയ്യും. ലക്ഷ്മീ നൃസിംഹ അഷ്ടോത്തരം ജപിക്കുന്നവർ ധ്യാനത്തിൽ പറയുന്ന രൂപത്തിൽ ഭഗവാനെ സങ്കല്പിക്കണം: പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ലക്ഷ്മിനൃസിംഹ അഷ്ടോത്തരം കേൾക്കാം:
Story Summary : Chanting the Lakshmi Narasimha Ashtottara is believed to bring several benefits, including protection from enemies, removal of misfortunes, fears, marriage obstacles and give peace of mind, prosperity, spiritual growth. It is also believed to alleviate troubles, bestow strength, and help in achieving one’s goals.
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved