ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ജൂൺ എട്ടിന് മഹാകുംഭാഭിഷേകം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ 2025 ജൂൺ എട്ടിന്
മഹാകുംഭാഭിഷേകം നടക്കും.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പിന്നാലെയുള്ള കലശപൂജകൾ ജൂൺ രണ്ടിന് തുടങ്ങും. ശ്രീകോവിലിൻ്റെ താഴികക്കുടങ്ങളുടെ സമർപ്പണം, വിഷ്വക്സേന
വിഗ്രഹത്തിൻ്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവ ഒന്നിച്ച് നടത്തും. മാർത്താണ്ഡവർമ മഹാരാജാവ്
1750-ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തി 275 വർഷങ്ങൾക്കു ശേഷമാണ് സ്തുപികാ സമർപ്പണം ഇപ്പോൾ നടത്തുന്നത്.
ജൂൺ എട്ട് ഞായറാഴ്ച രാവിലെ 7.45-ന് കുംഭാഭിഷേക ച്ചടങ്ങുകൾ ആരംഭിക്കും. ജൂൺ രണ്ടുമുതൽ ശുദ്ധിക്രിയകളും കലശപൂജകളും തുടങ്ങും.
തന്ത്രിമാരായ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്,
സജി നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിക്കും.
2017 മാർച്ചിൽ സുപ്രീംകോടതി നിയമിച്ച വിദഗ്‌ധസമിതിയാണ് നവീകരണത്തിനു നിർദേശിച്ചത്. ശയനമൂർത്തിയുടെ മൂലബിംബത്തിലെ കേടുപാടുകൾ തീർക്കുന്നതു മുതൽ വിവിധ ഘട്ടങ്ങളിലെ നവീകരണമാണ് കാണിപ്പയ്യൂർ കൃഷ്ണൻനമ്പൂതിരിപ്പാട്, ചെറുവള്ളി ഈശ്വരൻ നമ്പൂതിരി, പഴങ്ങാപ്പുറം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവരടങ്ങുന്നതായിരുന്നു സമിതി
ശുപാർശ ചെയ്തത്. ഇതിൻ്റെ
ആദ്യഘട്ടമായി നാലു കൊല്ലം മുൻപ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെള്ളിക്കൊടിമരം സ്ഥാപിച്ചിരുന്നു. ഇപ്പോൾ ശ്രീകോവിലിനു മുകളിൽ മൂന്ന്
സ്വർണ്ണത്താഴികക്കുടങ്ങളും ഒറ്റക്കൽ മണ്ഡപത്തിനു മുകളിൽ ഒരു
താഴികക്കുടവുമാണ് സ്ഥാപിക്കുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം നടത്തും. ശ്രീപദ്‌മനാഭസ്വാമിയുടെ പാദത്തിന് താഴെയാണ് വിഷ്വക്സേന വിഗ്രഹവും ക്ഷേത്രവും ഉള്ളത്. കടുശർക്കര യോഗത്തിലുള്ള വിഗ്രഹത്തിൻ്റെ പുനർനിർമാണവും ക്ഷേത്രത്തിൻ്റെ
നവീകരണവും ശില്പി ശിവഗംഗ തിരുക്കോട്ടിയൂർ മാധവൻ്റെ നേതൃത്വത്തിൽ പൂർത്തിയായി. 2021 ൽ നിർമാണജോലികൾ ആരംഭിച്ചു.
എട്ടരയോഗക്കാർ, പുഷ്പാഞ്ജലി സ്വാമിയാർ, ക്ഷേത്രം സ്ഥാനി തുടങ്ങിയവർ സംബന്ധിക്കുമെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി മഹേഷ്, മാനേജർ ബി ശ്രീകുമാർ എന്നിവർ പറഞ്ഞു
Story Summary: Maha Kumbh Abhishek at Sree Padmanabha Swamy Temple on June 8
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved