Tuesday, 20 May 2025
AstroG.in

രാഹു, കേതുക്കൾ  രാശിമാറി ; ഇവർക്ക് ഇനി ഭാഗ്യ കാലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

അശോകൻ

ജ്യോതിഷത്തിലെ നവഗ്രഹങ്ങളിൽ ആകർഷണബലം ഏറ്റവും കൂടുതൽ പറയുന്ന രാഹുവും കേതുവും ഇക്കഴിഞ്ഞ രാത്രി രാശി മാറി. രാഹു കുംഭത്തിലേക്കും കേതു ചിങ്ങം രാശിയിലേക്കുമാണ് പകർന്നത്. തുടർന്ന് 2026 ഡിസംബർ 5 വരെയുള്ള 18 മാസക്കാലം രാഹു, കേതുക്കൾ ഈ രാശികളിൽ സ്ഥിതി ചെയ്യും.

ഇപ്പോഴത്തെ രാഹു മാറ്റം മേടം, കന്നി, ധനുകൂറുകാർക്ക് സൗഭാഗ്യദായകമാണ്. മറ്റ് കൂറുകാർക്ക് കൂടുതലായി പറയുന്നത് ദോഷഫലമാണ്. ഇതേസമയം കേതു രാശി മാറ്റം തുലാം, മീനം, മിഥുനം കൂറുകാർക്കാണ് കൂടുതൽ ഗുണകരമായി പറയുന്നത്. മറ്റ് കൂറുകളിൽ ജനിച്ചവർക്ക് ദോഷഫലങ്ങളാണ് കാണുന്നത്.

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
രാഹുമാറ്റം പൊതുവേ വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ ഗുണകരമായി കാണുന്നത് മേടം രാശിക്കാണ്. പതിനൊന്നിലെ രാഹു ഇവർക്ക് പ്രതാപശക്തി വർദ്ധിക്കും. സാമ്പത്തികമായും തൊഴിൽ രംഗത്തും മികച്ച ചില നേട്ടങ്ങൾ കൈവരിക്കും. വിവാഹ തടസ്സം നീങ്ങും. എന്നാൽ അഞ്ചിലേക്കുള്ള കേതുമാറ്റം ഇവർക്ക് ഒട്ടും നല്ലതല്ല. സന്താന ക്ലേശം, ഉദരരോഗം, ശത്രുശല്യം തുടങ്ങിയവ ഉണ്ടായേക്കാം.

ഇടവക്കൂറ്
( കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ഇടവക്കുറുകാർക്ക് പത്തിലേക്കുള്ള രാഹു മാറ്റത്താൽ രോഗദുരിതം, ധനക്ലേശം, അപകീർത്തി എന്നിവയാണ് കാണുന്നത് എന്നാൽ ഇവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. കേതുമാറ്റം വഴി ശത്രുശല്യം, സന്താനക്ലേശം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മിഥുനക്കൂറിന് രാഹു ഒൻപതിലാണ്. ശത്രുക്കൾ വർദ്ധിക്കും. കർമ്മരംഗത്ത് നേരിട്ട ദുരിതങ്ങൾക്ക് ഒരു പരിധി വരെ ശമനം ലഭിക്കും. ഒറ്റപ്പെടൽ, ദുഷ്കീർത്തി എന്നിവ നേരിടും. എന്നാൽ ഇവർക്ക് കേതുമാറ്റം ഗുണകരമാണ്. ധനലാഭം, അഭിമാനകരമായ നേട്ടങ്ങൾ, രോഗമുക്തി, സ്വാശ്രയത്വം എന്നിവ ലഭിക്കും.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
കർക്കടകക്കൂറുകാർക്ക് രാഹു എട്ടിലായതിനാൽ ധനപരമായ വിഷമതകൾ ഉണ്ടാകും. കുടുംബത്തിൽ അസ്വസ്ഥതകൾ, അലച്ചിൽ, യാത്രാദുരിതം, ഭാഗ്യഹീനത, കാര്യതടസ്സം എന്നിവയ്ക്ക് സാധ്യത. എന്നാൽ വ്യാഴ ദൃഷ്ടി ഈ ദുർഗതികൾ രൂക്ഷമാക്കില്ല രണ്ടിലെ കേതു കാരണം തസ്‌കര ഭീതിയുണ്ടാകും. ശത്രുക്കളുടെ ഉപദ്രവം, മേലുദ്യോഗസ്ഥരുടെ അപ്രീതി എന്നിവ വർദ്ധിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ചിങ്ങക്കൂറുകാർക്ക് രാഹു ഏഴിൽ വരുന്നത് അല്പം അശ്വാസം നൽകും. എന്നാൽ ഇവർക്ക് ധന നഷ്ടം, അപകീർത്തി എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കുടുംബ പ്രശ്നങ്ങൾ വഷളാക്കരുത്, ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കരുത്. ജന്മത്തിലെ കേതു രോഗ  ദുരിതങ്ങൾ, പ്രത്യേകിച്ച് ത്വക് രോഗങ്ങൾ രൂക്ഷമാക്കാം. ശത്രുശല്യം, ദുഷ് കീർത്തി, കാര്യതടസം എന്നിവ സൃഷ്ടിക്കും.

കന്നിക്കൂറ്
(ഉത്രം 2, 3, 4 , അത്തം, ചിത്തിര 1 , 2 )
കന്നിക്കൂറിന് രാഹു ആറിലാണ്. കാര്യവിജയം, ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നുള്ള മോചനം, ഏറെ നാളായി ശല്യം ചെയ്യുന്ന രോഗ ദുരിതങ്ങളിൽ നിന്നും മോചനം, ജോലിയിൽ ഉയർച്ച, ബിസിനസ്സിൽ വളർച്ച, ഉദ്യോഗലാഭം എന്നിവയാൽ ഇവർ അനുഗ്രഹീതരാകും.
കേതുവിൻ്റെ മാറ്റം ചെലവുകൾ വർദ്ധിപ്പിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. ധന ക്ലേശം , നേത്ര രോഗം എന്നിവയുണ്ടാക്കും. എങ്കിലും ജീവിതത്തിൽ പുരോഗതി ദൃശ്യമാകും.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
തുലാക്കൂറിന് രാഹു അഞ്ചിലായി. സന്താനങ്ങളിൽ നിന്നും അകന്ന് നിൽക്കേണ്ടി വരും. മാനസിക സമ്മർദ്ദം വർദ്ധിക്കും. കർമ്മ ശേഷി കുറയും. കടുംപിടുത്തം ദോഷം ചെയ്യും. ശരിയായ നിലപാടുകൾ സ്വീകരിക്കാൻ ആശയക്കുഴപ്പങ്ങൾ കാരണം കഴിയാതെ വരും. കേതു പതിനൊന്നിൽ വരുന്നത് കാരണം ധനസമൃദ്ധി, കാര്യ വിജയം, ലൗകിക സുഖം, മത്സര വിജയം എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറിന് രാഹു നാലിൽ വന്നത് കാരണം ചില വിഷമതകളുണ്ടാകും. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ വരാതെ നോക്കണം. ചിലർക്ക് ജീവിത പങ്കാളിയിൽ നിന്നും അകന്ന് നിൽക്കേണ്ടി വരും. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വിഷമിക്കും. ബന്ധുക്കളുമായി കലഹിക്കരുത്. പരുഷ സ്വഭാവം നിയന്ത്രിക്കണം. കേതു പത്തിൽ വരുന്നതിനാൽ കർമ്മരംഗത്ത് പ്രശ്നങ്ങൾ വരാം. ധന നഷ്ടത്തിന് സാധ്യത കൂടുതലാണ്. ജോലി മാറാൻ പറ്റിയ സമയമല്ല. അപവാദവും ശത്രു ശല്യവും ഭയക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ധനുക്കൂറിന് രാഹു മൂന്നിൽ വന്നു. ഇവർക്ക് രാഹു മാറ്റം വളരെ ഗുണകരമാണ്. പലതരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സാമ്പത്തിക അഭിവൃദ്ധി, കാർഷിക രംഗത്ത് നേട്ടങ്ങൾ, ആഗ്രഹ സാഫല്യം ഇവ ഉറപ്പാണ്. മാനസിക വിഷമങ്ങൾ മാറും. അംഗീകാരം, സ്ഥാന പ്രാപ്തി, തൊഴിൽ വിജയം ഇവ പ്രതീക്ഷിക്കാം. കേതുവിൻ്റെ ഒൻപതിലെ സ്ഥിതി രോഗക്ലേശം, കാര്യ തടസം, നിർഭാഗ്യം എന്നിവയ്ക്ക് കാരണമാകും.

മകരക്കൂറ്
( ഉത്രാടം 2, 3, 4 , തിരുവോണം, അവിട്ടം 1 , 2 )
മകരക്കൂറിന് രാഹു രണ്ടിലായി. ഇത് കുടുംബ കലഹം, അലച്ചിൽ, യാത്ര ക്ലേശം, വാഗ് ദോഷം, പരുഷ ഭാഷണം എന്നിവയ്ക്ക് കാരണമാകും. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യത്തിൽ
നല്ല ശ്രദ്ധ വേണം. കേതു ഇവർക്ക് എട്ടിലാണ്. ഇത് കാരണം ശത്രുക്കളുടെ ഉപദ്രവം വളരെ വർദ്ധിക്കും. അപകീർത്തിക്ക് സാധ്യയുണ്ട്. കച്ചവടത്തിൽ തിരിച്ചടി നേരിടാം. രക്തദൂഷ്യം കാരണമുള്ള രോഗങ്ങൾ ശല്യം ചെയ്യും.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1 , 2 , 3 )
കുംഭക്കൂറുകാർക്ക് രാഹു ജന്മത്തിലാണ്. ഇതിൻ്റെ ഫലമായി പലതരം ദുരിതങ്ങൾ മറികടക്കേണ്ടി വരാം. ജോലി സംബന്ധമായ പ്രശ്നങ്ങൾ, രോഗ ക്ലേശം, ബന്ധുക്കളുമായി അസ്വാരസ്യം, സ്വജനങ്ങൾക്ക് ദുരിതങ്ങൾ എന്നിവ നേരിടാം. ധൈര്യം കുറയും. വിഷം, അഗ്നി തുടങ്ങിയവ കാരണം ഭയം , യാത്രാ ക്ലേശം
എന്നിവ നേരിടും. കേതുവിൻ്റെ ഏഴിലെ സ്ഥതിയും
ഇവർക്ക് നല്ലതല്ല. ദാമ്പത്യ കലഹം, ശത്രുശല്യം, നേത്ര രോഗം, തൊഴിൽ തടസം, ബിസിനസ് പങ്കാളിയുമായി അഭിപ്രായ ഭിന്നത എന്നിവയ്ക്ക് സാധ്യതയുണ്ട്.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മീനക്കൂറുകാർക്ക് രാഹു പന്ത്രണ്ടിലായി. ഇവർക്ക് സങ്കടങ്ങൾ ഒഴിയില്ല. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത കൂടുതലാണ്. അന്യദേശ വാസം കാണുന്നു. സഞ്ചാര ക്ലേശം കൂടുതലായി അനുഭവപ്പെടും. അസ്ഥിര ചിന്തകൾ ദോഷം ചെയ്യും. സ്ഥാനമാനങ്ങൾ നഷ്ടമാകാം. ഇവർക്ക് ആറിലെ കേതു സ്ഥിതി നല്ലതാണ്. ജോലിയിൽ
ഉയർച്ചയും ശത്രുക്കളിൽ നിന്നും സംരക്ഷണവും ലഭിക്കും. ആത്മവിശ്വാസവും ധൈര്യവും കൂടും. സന്താന ഭാഗ്യം, ദാമ്പത്യ പ്രശ്നങ്ങളിൽ നിന്നും മോചനം എന്നിവയാണ് കാണുന്നത്.

Story Summary: Rahu, Kethu Transit 2025: Remedy for removing Bad effects

Tags

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!