Friday, 16 May 2025
AstroG.in

മേയ് 16 മുപ്പെട്ടു വെള്ളി; ഗണപതിയെയും ലക്ഷ്മിയെയും ഭജിച്ചാൽ ദുരിതം ഒഴിയും

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തരവത്ത് ശങ്കരനുണ്ണി
മുപ്പെട്ടു വെള്ളിയാഴ്ച എന്നാൽ മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച എന്നർത്ഥം. സൂര്യൻ, ചന്ദ്രൻ, ചൊവ്വ. ഇത്യാദിഗ്രഹങ്ങൾ സൗരയൂഥത്തിന്റെ ഭാഗങ്ങളാകയാൽ അവയുടെ രശ്മികൾ സൂര്യരശ്മികളോട് ചേർന്നാണ് ഭൂമിയിലെത്തുന്നത്. ഓരോ ദിവസത്തേയും ഉദയഹോര (മണിക്കൂർ) യിൽ ഏതുഗ്രഹത്തിന്റെ രശ്മിയാണോ സൂര്യനോട് ചേർന്ന് ഭൂമിയിൽ പതിക്കുന്നത് ആഗ്രഹത്തിന്റെ പേരാണ് അന്നേ ദിവസത്തിനു നൽകിയിരിക്കുന്നത്. അതിനാൽ ശുക്രന്റെ സ്വാധീനം ഭൂമിയിലുണ്ടാവുന്ന ആഴ്ച വെള്ളിയാഴ്ച.


ഇനി മുപ്പെട്ടിന്റെ പ്രാധാന്യം എന്തെന്ന് നോക്കാം. ഭൂമിക്കു ചുറ്റുമുള്ള നക്ഷത്രപ്രപഞ്ചത്തെ (360 ഡിഗ്രി) മുപ്പതുഡിഗ്രി വരുന്ന 12 രാശികളായി തരം തിരിച്ചിട്ടുണ്ട്. അതിൽ വരുന്ന നക്ഷത്രഗണങ്ങൾ അശ്വതി, ഭരണി, കാർത്തിക കാൽ മേടം രാശി എന്ന കണക്കിൽ രണ്ടേകാൽ നാൾ വച്ച് കണക്കാക്കാം. ഈ രാശിയിൽ വരുന്ന നക്ഷത്രങ്ങളുടെ സമന്വയം മേഷം (ആട്) തുടങ്ങിയ രൂപങ്ങളിൽ കാണുന്നു. ഇങ്ങനെ സമന്വയിപ്പിച്ച നക്ഷത്രരശ്മിവ്യൂഹം പ്രസ്തുത രാശിയിൽ ഒരു പ്രത്യേകതരം രാസസമന്വയം സൃഷ്ടിക്കുന്നുണ്ട്. ഈ രാസസമന്വയത്തിലേക്ക് ആദിത്യൻ പ്രവേശിക്കുന്ന വേളയാണ് സംക്രമം. സ്വയം കറങ്ങികൊണ്ട് ഈ രാശിയിൽ പ്രവേശിക്കുന്ന ആദിത്യനോടൊപ്പം ഓരോ ഗ്രഹങ്ങളുടെ രശ്മികളാണ് രാശിയിൽ വന്നു ചേരുക. സൂര്യാദിഗ്രഹങ്ങളുടെ രാസസമുച്ചയവും പ്രസ്തുതരാശിയിലെ രാശി സമുച്ചയവുമായി ചേരുമ്പോൾ പ്രകൃതിയിലും ജീവജാലങ്ങളിലും ഉണ്ടാകുന്ന രാസമാറ്റങ്ങൾ ഞാറ്റുമേലകളായും മറ്റും നാം കാണുന്നതാണ്.


ഇപ്രകാരം ഓരോ ഗ്രഹത്തിന്റെയും രശ്മികൾ ഓരോ ദിവസം കൊണ്ട് രാശിയുമായി ലയം പ്രാപിക്കും. ശുക്രൻ ലയം പ്രാപിക്കുന്ന ദിവസമാണ് മുപ്പെട്ടു വെള്ളിയാഴ്ച. അന്നേദിവസം അന്തരീക്ഷത്തിൽ അമൃതവും വിഷവുമായ പല രാസോല്പന്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ശരീരത്തെ ആപൽക്കരമായി ബാധിക്കാതിരിക്കാനാണ് വ്രതാനുഷ്ഠാനങ്ങൾ എടുക്കുന്നത്. ഓരോ ഗ്രഹത്തിനും അധിദേവതകളുണ്ട്. വർണ്ണം, ലോഹം, രത്‌നം, ധാന്യം എന്നിവയുമുണ്ട്. ഇവയുടെ സഹായത്തോടെ വ്രതമെടുത്താൽ ശരീരത്തിന് അമൃതശക്തി ലഭിക്കുന്നു.

ഇത്തരത്തിൽ ഈ ഇടവത്തിലെ ആദ്യ വെള്ളിയാഴ്ച 2025 മേയ് 16 മുപ്പെട്ടു വെള്ളിയാണ്. മുപ്പെട്ടു വെള്ളി മഹാലക്ഷ്മി പ്രീതിക്കായുള്ള വ്രതമായതിനാൽ പൂർണ്ണ ഉപവാസം വേണ്ട. പക്ഷേ അമിത ഭക്ഷണവും പാടില്ല. മഹാലക്ഷ്മിയെയും ഗണപതിയെയും ദിവസം മുഴുവൻ സ്മരിക്കണം. ദാന ധർമ്മങ്ങൾ നൽകണം. ഈ മുപ്പെട്ടു വെള്ളി ഗണപതി പ്രധാനമായ ചതുർത്ഥി കൂടിയായതിനാൽ ഏറെ വിശേഷമാണ്. ലക്ഷ്മി, ഗണേശ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ, വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കണം. രാവിലെ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ഗം ഗണപതയേ നമഃ , ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ഗണേശ അഷ്ടോത്തരം, ഗണേശ ദ്വാദശനാമം, മഹാലക്ഷ്മി ധ്യാനം, മൂലമന്ത്രം, അഷ്ടോത്തരം, ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മി അഷ്ടോത്തരം, മഹാലക്ഷ്മി അഷ്ടകം എന്നിവ രാവിലെയും വൈകിട്ടും ജപിക്കുക.

സാധാരണ ലക്ഷ്മിയെയും ഗണപതിയെയും
പൂജിക്കാൻ മുപ്പെട്ടു വെള്ളി വ്രതമെടുക്കുന്നവർ അന്ന് ദേവിക്ക് വെളുത്ത പൂക്കളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കും. അല്ലെങ്കിൽ ക്ഷേത്രത്തിൽ പുഷ്‌പാഞ്‌ജലി നടത്തി ഗണപതി ഹോമം, പാൽപ്പായസം എന്നിവ വഴിപാടായി നേദിക്കും. ഇതിൽ സ്വന്തം കഴിവിനൊത്തത്
ചെയ്യുക. എന്തായാലും ഗണപതി, ഭഗവതി ക്ഷേത്ര ദർശനം മുടക്കരുത്.

ഗണേശ ദ്വാദശനാമ സ്തോത്രം
പ്രഥമം വക്രതുണ്ഡം ച ഏകദന്തം
ദ്വിതീയകം ത്രിതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോദരം പഞ്ചമം ച ഷഷ്ഠം
വികട മേവ ച സപ്തമം
വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
( മൊബൈൽ +91 9847118340)

മഹാലക്ഷ്മി അഷ്ടകം

Story Summary: Significance and Benefits of Muppettu Velli, Chathurthi falling together

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!