Sunday, 12 May 2024
AstroG.in

പ്രധാന ശയനമുറി തെക്ക് പടിഞ്ഞാറ് വേണം; പടികൾ ഇരട്ട, പൂജാ മുറി വടക്കു കിഴക്ക്

ഗൃഹം നിർമ്മിക്കുമ്പോൾ പ്രധാന ശയനമുറി, മാസ്റ്റർ ബെഡ്‌റൂം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അതായത് കന്നിമൂല വരുന്ന ഭാഗത്താകുന്നതാണ് ഉത്തമമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇതിനു പുറമെ രണ്ട് ഭാഗങ്ങൾ കൂടി ബെഡ്‌റൂമിനായി തിരഞ്ഞെടുക്കാം.വടക്ക് പടിഞ്ഞാറ് ഭാഗം അതായത് വായുകോണും വടക്ക് കിഴക്കേ മൂലഭാഗം അതായത് ഈശാനകോണും. ഇതിൽ തെക്ക് പടിഞ്ഞാറ് ഭാഗമാണ് ദമ്പതികൾക്ക് അനുയോജ്യം. വടക്ക് പടിഞ്ഞാറ് ഭാഗം വിവാഹപ്രായമെത്തിയ യുവതികൾക്ക് ഉത്തമമാണ്. വടക്ക് കിഴക്കേ മൂലഭാഗം പ്രായമായ ദമ്പതിമാർക്ക് ഉപയോഗിക്കാം. പഠിക്കുന്ന കുട്ടികൾക്ക് കിഴക്ക് ഭാഗത്തും പടിഞ്ഞാറു ഭാഗത്തും വടക്കുഭാഗത്തും വരുന്ന മുറികൾ എടുക്കുന്നതിൽ തെറ്റില്ല.

ഗൃഹനിർമ്മാണം ആരംഭിക്കുന്ന വേളയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം പടികളും തൂണുകളും ജനലുകളും സംബന്ധിച്ചാണ് . പടികളായാലും തൂണുകളായാലും വാതിൽ ആയാലും ജനലുകളായാലും ഇരട്ടസംഖ്യയിൽ വരുന്നതാണ് നല്ലതെന്ന് വാസ്തു ശാസ്ത്ര ആചാര്യന്മാർ വ്യക്തമാക്കുന്നു.

അതുപോലെ ഒരു വീട്ടിൽ പൂജാമുറിക്ക് ഉത്തമസ്ഥാനം വടക്ക് കിഴക്കേ മൂലഭാഗമായ ഈശാനകോണാണ്. അതല്ലെങ്കിൽ തെക്ക് കിഴക്കേമൂലഭാഗം ഒഴിവാക്കി കിഴക്കിന്റെ മറ്റ് ഭാഗങ്ങളിൽ എവിടെയെങ്കിലും ആകാം. പൂജാമുറിയ്ക്ക് ദർശനം പടിഞ്ഞാറോ കിഴക്കോ ആയിരിക്കണം. വളരെ ചെറിയ വീട് പണിയുന്നവർക്ക് പൂജാമുറിക്കായി പ്രത്യേക സ്ഥലം എടുക്കാൻ സാധിക്കാത്ത സാമ്പത്തിക അവസ്ഥ ആണെങ്കിൽ പ്രസ്തുത ഗൃഹാന്തരീക്ഷത്തിന് അനുസൃതമായി ഉചിതമായ സ്ഥലത്ത് ഒരു സ്റ്റാൻഡ് സ്ഥാപിച്ച് അത്യാവശ്യം ആരാധ്യദേവതകളുടെ ചിത്രങ്ങൾ വച്ച് വിളക്ക് കൊളുത്തി ആരാധിക്കാവുന്നതാണ്. ഇരുനില കെട്ടിടം ആണെങ്കിൽ പൂജാമുറി താഴത്തെ നിലയിൽ ആകുന്നതാണ് നല്ലത്. അപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കും. ഫ്‌ളാറ്റുകൾക്ക് ഇത് ബാധകമല്ല.

error: Content is protected !!