Thursday, 21 Nov 2024
AstroG.in

സത്യമാകുന്ന പ്രവചനങ്ങൾ

കൃത്യമായ പ്രവചനങ്ങളാണ് തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ പെരുമ. അതു കൊണ്ടു തന്നെ പ്രശ്ന വിഷയങ്ങളിലെല്ലാം പ്രത്യേകിച്ച് ദേവപ്രശ്നത്തിൽ അഗ്രഗണ്യനാണ് ഉദയകുമാർ. ദിവംഗതനായ താന്ത്രികാചാര്യൻ പറവൂർ ശ്രീധരൻ തന്ത്രിയുടെ ശിക്ഷണവും അനുഗ്രഹവുമാണ് ഉദയകുമാറിന്റെ ഊർജ്ജം.

ഒരു വ്യാഴവട്ടക്കാലം ഒരു ദിവസം മുടങ്ങാതെ കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും  ദേവപ്രശ്നത്തിന് പോകുമായിരുന്നു.

ഇപ്പോഴും ദേവപ്രശ്നം തന്നെയാണ് തൃക്കുന്നപ്പുഴ ഉദയകുമാറിനു പ്രധാനം. ആയിരക്കണക്കിന് ദേവപ്രശ്നങ്ങള്‍ക്ക് പോയെങ്കിലും ഒരിക്കലും  മറക്കാത്ത രണ്ടു ദേവപ്രശ്നങ്ങള്‍  ഉദയകുമാറിന്റെ ഓർമ്മയിലുണ്ട്. അതിലൊന്ന് പറന്തല്‍ എന്ന സ്ഥലത്ത്  നടന്നതാണ്.  

പറന്തല്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു ദേവപ്രശ്നം. പ്രശ്നം കഴിഞ്ഞ് പതിനെട്ടാം ദിവസം ആ സ്ഥലത്തിന്  പടിഞ്ഞാറ് ഭാഗത്തുള്ള മലഇടിഞ്ഞു വീഴുമെന്നും അതില്‍ അനേകം ആളപായം ഉണ്ടാകാം  എന്നും കണ്ടു.  പരിഹാരമായി ശ്രീധരന്‍ തന്ത്രി മഹാമൃത്യുഞ്ജയഹോമം നടത്തി. കൃത്യം പതിനെട്ടാം ദിവസം പടിഞ്ഞാറ് ഭാഗത്തുള്ള പാറ രണ്ടായി പിളര്‍ന്ന് വീണു. എന്നാല്‍ ഉച്ചസമയത്ത് എല്ലാ ജോലിക്കാരും ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. അന്ന് ഊണു കഴിക്കാന്‍ പോകുന്നില്ലെന്നു പറഞ്ഞ് അവിടെവിശ്രമിക്കുകയായിരുന്ന രണ്ടുപേരെ മറ്റുള്ളവര്‍ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടുപോയി. അതുകൊണ്ടുമാത്രം അവരും രക്ഷപ്പെട്ടു.

മറ്റൊന്ന് പന്തളത്തു ഒരു സര്‍പ്പവിഷയം നോക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായതാണ്. ദേവപ്രശ്നം നടക്കുന്ന ആ ഭൂമിയില്‍  ഒരു വിഷ്ണുക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ടായിരുന്നെന്നും അതിന്‍റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ടെന്നും പ്രവചിച്ചു.. പ്രശ്നം നോക്കിയവർ  ജെസിബി കൊണ്ടുവന്ന് ഭൂമി പൊളിച്ചു നോക്കിയപ്പോള്‍ രണ്ടു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളും ഒരു ശിവലിംഗപ്രതിഷ്ഠയും കണ്ടെത്തി. അവിടെ പിന്നീട് പുനരുദ്ധാരണം നടത്തി രണ്ടു ക്ഷേത്രങ്ങൾ പണിത് പുനപ്രതിഷ്ഠ നടത്തി. ഇതുപോലെ നൂറു നൂറ് കഥകള്‍ ഉദയകുമാറിന്  പറയാനുണ്ട്.

തൃക്കുന്നപ്പുഴ തമ്പുരാന്‍ മഠത്തില്‍ ഗോപാലനാശാന്‍റെയും തങ്കമ്മയുടെയും മകനാണ്.    പല്ലന കൊച്ചുകേശവന്‍ ജ്യോത്സ്യരാണ് ആദ്യഗുരു. 1970 മുതല്‍ അദ്ദേഹത്തിനടുത്ത് നിന്നു ജ്യോതിഷത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചു.  ഗണിതം പഠിക്കുന്നതിനായി കല്ലറ മധുരവേലി ഭാസ്കരന്‍ ജ്യോത്സ്യന്റെ അരികിലെത്തി. ഇതിനിടെ  കൃഷി വകുപ്പിൽ  ഉദ്യോഗസ്ഥനായി. കായംകുളം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് സീനിയര്‍ സുപ്രണ്ടായി റിട്ടയര്‍ ചെയ്തു.
 
2000 മുതലാണ്‌ പറവൂര്‍ ശ്രീധരന്‍ തന്ത്രികൾക്കൊപ്പം ദേവപ്രശ്നങ്ങള്‍ക്ക് പോയിത്തുടങ്ങിയത്. 2011 ൽ ശ്രീധരൻ തന്ത്രികൾ ദിവംഗതനാകുന്നതുവരെയും  ആ പതിവ് തുടർന്നു.
 
ഷീബയാണ് ഉദയകുമാറിന്‍റെ ഭാര്യ. മകൾ  ഡോ.സ്വാതികൃഷ്ണ. മകന്‍ യദുകൃഷ്ണന്‍. യദു കാനഡയിലാണ്.
 

error: Content is protected !!