Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്വർഗ്ഗം തുറക്കുന്ന ദിവസം

സ്വർഗ്ഗം തുറക്കുന്ന ദിവസം

by NeramAdmin
0 comments
ധനുമാസത്തിലെ  സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം നോറ്റാൽ സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം .

ഏകാദശികളില്‍ ഏറെ ശ്രേഷ്ഠമാണ് ധനു മാസത്തിലെ ശുക്‌ളപക്ഷ ഏകാദശി. ഇത് വൈകുണ്ഠ ഏകാദശി, മോക്ഷ ഏകാദശി, സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്നു.
അന്ന് പരലോകം പൂകുന്നവർക്ക്  സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുമത്രേ. അതിനാലാണ് സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഇത്ര പ്രാധാന്യം ഉണ്ടായത്.   ഈ ദിവസം വ്രതമെടുക്കുന്നതും ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ നടത്തുന്നതും സാധുക്കള്‍ക്ക് വസ്ത്രം, ഭക്ഷണം, എള്ള്, എണ്ണ, നെയ്യ് തുടങ്ങിയവ ദാനം ചെയ്യുന്നതും  സര്‍വ്വ ഐശ്വര്യങ്ങളും കൈവരാന്‍ സഹായിക്കും. ഈ ദിവസം സ്വര്‍ണദാനം ചെയ്താല്‍ ജന്‍മാന്തര ദുരിതമോചനം ഫലം. വെള്ളിദാനം രോഗശാന്തിയും മധുരപദാര്‍ത്ഥദാനം  ഇഷ്ടകാര്യ ലബ്ധിയുമേകും.  വിശ്വാസം.പിതൃദോഷശമനത്തിന് ഉപകരിക്കുന്ന ഈ ദിവസം പിതൃപ്രീതികരമായ കർമ്മങ്ങൾ ചെയ്താൽ പിതൃദോഷ ശാപങ്ങൾ അകന്ന് ഐശ്വര്യം ലഭിക്കും.
വിഷ്ണുദേവന് ഏറ്റവും പ്രിയപ്പെട്ട പതിനൊന്നാമത്തെ തിഥി ദിവസമായ ഏകാദശി  ദിവസം വിവാഹം, ശില്പകർമ്മങ്ങൾ, ഉത്സവം, ആഭരണധാരണം, വ്രതം  മുതലായവയ്ക്ക്  ഏറ്റവും ഉത്തമമാണ്. ഏകാദശിയുടെ നാലാം കാലില്‍ ഹരിവാസരം ആരംഭിക്കും. ഹരിവാസരം ചോറൂണിന്  വര്‍ജ്ജിക്കണം. ഏകാദശി തിഥി ദിവസം ജനിക്കുന്നവര്‍ക്ക് വിദ്വത്വം, നല്ല ഭൃത്യന്‍മാര്‍, നല്ല ബുദ്ധി, സൗന്ദര്യം, സല്‍സ്വഭാവം, സാമ്പത്തിക ഭദ്രത, ദൈവഭക്തി എന്നിവയുണ്ടാകും. സ്വര്‍ഗ്ഗവാതില്‍ ഏകാദശി നിഷ്ഠയോടെ ഉപവാസ വ്രതമായി അനുഷ്ഠിക്കുന്നവര്‍ക്കും അവരുടെ മോക്ഷപ്രാപ്തി ലഭിക്കാതെ അലയുന്ന പൂര്‍വ്വികരായ പിതൃക്കള്‍ക്കും ഗുണകരമാണ്. ഇവർക്ക്  വ്രതഫലം ലഭിക്കുകയും മോക്ഷദായകനായ വൈകുണ്ഠനാഥന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. അതിനാല്‍ പിതൃദോഷശമനത്തിന് ഉപകരിക്കുന്ന പുണ്യദിനം എന്ന പ്രത്യേകതയും സ്വര്‍ഗ്ഗവാതില്‍ ഏകാദശിക്കുണ്ട്.
ഈ ദിവസം വ്രതമെടുത്ത് വിഷ്ണുക്ഷേത്രത്തിലെ ഒരു നടയിലൂടെ പ്രവേശിച്ച് ഭഗവദ് ദര്‍ശനം നടത്തി മറ്റൊരു നടയിലൂടെ പുറത്തുകടന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ഫലം ലഭിക്കുമെന്നാണ് സങ്കല്‍പ്പം. ഏകാദശി വ്രതാനുഷ്ഠാനത്താല്‍ സര്‍വ്വരോഗശമനവും പൂര്‍ണാരോഗ്യവും മനഃസുഖവും എല്ലാവിധ ഐശ്വര്യലബ്ധിയും കൈവരും.
ഏകാദശി വ്രതമെടുക്കുന്നവര്‍ വ്രതനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം. ഏകാദശിയുടെ തലേദിവസം പകല്‍ ഒരു നേരം മാത്രമേ അരി ആഹാരം കഴിക്കാവൂ. ഏകാദശി ദിവസം ശുദ്ധോപവാസം വേണം. ഏകാദശിയുടെ പിറ്റെ ദിവസവും പകല്‍ ഒരു നേരം മാത്രം അരി ആഹാരം. ഇങ്ങനെ മൂന്നു ദിവസം രാത്രി ഊണ് ഉപേക്ഷിക്കണം. പഴങ്ങളും മറ്റും കഴിക്കാം. പകല്‍ ഉറങ്ങരുത്. ഏകാദശി ദിവസം തുളസീതീര്‍ത്ഥം കുടിക്കാം.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?