വിനയെല്ലാം മാറ്റിത്തരുന്ന പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം നവീകരണ ശേഷം പുനഃപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നു. ചുറ്റുമതിലില്ലാതെ തറനിരപ്പ് ഉയര്‍ത്തി പുതുക്കിപ്പണിത ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഇനി ഷർട്ട് ധരിച്ച് ഗണപതി ഭഗവാനെ സോപാനത്തിന് തൊട്ടു മുന്നിൽ നിന്ന് വേണമെങ്കിലും തൊഴാം. ശ്രീകോവിലിന്റെ ചുറ്റുമതിൽ പോയതു കാരണമാണ് ഷർട്ട് പാടില്ല എന്ന നിയന്ത്രണം അവസാനിക്കുന്നത്.

നവീകരിച്ച ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ജൂലൈ 5 ന് ആരംഭിക്കും. ജൂലൈ പതിനൊന്നിനാണ് പുന:പ്രതിഷ്ഠയും മഹാ കുംഭാഭിഷേകവും. പുനഃപ്രതിഷ്ഠ ജൂലൈ 11ന് രാവിലെ 11 മണിക്ക് തുടങ്ങും. 11.40 ന് മുൻപ് പൂർത്തിയാകും. ജൂലൈ 16ന് അവസാനിക്കുന്ന ചടങ്ങുകൾക്ക് തന്ത്രി ദേവനാരായണന്‍ പോറ്റി മുഖ്യകാര്‍മ്മികത്വം വഹിക്കും.ഉപദേവതകളായ ദുര്‍ഗാ ഭഗവതി, ധര്‍മ്മ ശാസ്താവ്, നാഗർ എന്നിവര്‍ക്കും പുതിയ ആലയങ്ങൾ നിര്‍മ്മിക്കുന്നുണ്ട്. അതിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. മൂന്നുനിലകളുള്ള ഗോപുരനിര്‍മ്മാണവും പുരോഗമിക്കുകയാണ്.
മൈലാടിയില്‍ നിന്നുള്ള കൃഷ്ണശിലയിലാണ് ഇപ്പോൾ ക്ഷേത്രം നിര്‍മ്മിക്കുന്നത്. തേക്കന്‍തടിയില്‍ ചെമ്പ് പാകിയുള്ള മേല്‍ക്കൂരയുടെ പണികളും തീരാറാകുന്നു. നിലത്ത് കല്ല് പാകും. മഴക്കാലത്ത് വെള്ളം കയറാതിരിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും.

32 ഗണേശരൂപങ്ങൾ ചുവരുകൾ അലങ്കരിക്കും. മാവേലിക്കര രാധാകൃഷ്ണന്‍ ആചാരിക്കാണ് നിര്‍മ്മാണച്ചുമതല. സുനില്‍ പ്രസാദാണ് സ്ഥപതി.ദേവപ്രശ്‌നത്തിലാണ് ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന നിര്‍ദേശമുണ്ടായത്. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴയ ക്ഷേത്രം പൂര്‍ണമായി പൊളിച്ചുമാറ്റി. കിള്ളിയാറിലെ കല്ലന്‍പാറയില്‍ നിന്നു കൊണ്ടുവന്ന കല്ലുകളിലാണ് പൊളിച്ചുമാറ്റിയ ക്ഷേത്രം നിര്‍മ്മിച്ചിരുന്നത്.പ്രധാന പ്രതിഷ്ഠയായ ഗണപതിയെയും ഉപദേവതകളെയും ബാലാലയത്തിലേക്കു മാറ്റിയിരുന്നു. ഇപ്പോൾ അവിടെയാണ് ദർശനം.അഞ്ചുവര്‍ഷം മുമ്പ് വിഗ്രഹത്തിന് തങ്കഅങ്കി അണിയിച്ചിരുന്നു.
തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തായിരുന്നപ്പോള്‍ പട്ടാളക്കാര്‍ പൂജിച്ചിരുന്ന ഗണപതി വിഗ്രഹമാണ് പഴവങ്ങാടിയിലേത്. പദ്മനാഭപുരത്തെ കല്‍ക്കുളം ശിവക്ഷേത്രത്തിലാണ് ഈ വിഗ്രഹം പൂജിച്ചിരുന്നത്. 1790 ല്‍ തലസ്ഥാനം മാറ്റിയപ്പോള്‍ പട്ടാളക്കാര്‍ വിഗ്രഹവും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ കരസേനയുടെ മദ്രാസ് റെജിമെന്റിനാണ് ക്ഷേത്രത്തിന്റെ ചുമതല.