Wednesday, December 10, 2025
Wednesday, December 10, 2025
Home » വാവുബലി: നന്ദി അർപ്പിക്കുന്ന പൂവും നീരും

വാവുബലി: നന്ദി അർപ്പിക്കുന്ന പൂവും നീരും

by NeramAdmin
0 comments

പിതൃതർപ്പണത്തിന് കർക്കടകമാസത്തിൽ ഇത്ര പ്രാധാന്യം വന്നത്‌ എന്തുകൊണ്ടാണ്?

കാലഗണനയ്‌ക്ക് നിരവധി ഏകകങ്ങളുണ്ട്‌. അതില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ്‌  സൂര്യ  സഞ്ചാരത്തെ അടിസ്‌ഥാനമാക്കിയുള്ള രീതി. ഉത്തരായനവും ദക്ഷിണായനവും ഇപ്രകാരം ഉണ്ടായതാണ്‌. ആദിത്യന്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധത്തിൽ  സഞ്ചരിക്കുന്ന കാലമാണ്‌ ഉത്തരായനത്തിലെ  ആറുമാസം. മകരം ഒന്നു മുതല്‍ മിഥുനം അവസാനം വരെയാണ് ഇത്‌. ഉത്തരായനം ദേവ ദിനമാണെന്ന്‌ വിശ്വസിക്കുന്നു. കര്‍ക്കടകത്തില്‍ ദക്ഷിണായനം ആരംഭിക്കും; ഒപ്പം ദേവരാത്രിയും. പിതൃലോകം തുറക്കുന്നത്‌ അഥവാ പിതൃലോക ദിനം ആരംഭിക്കുന്നത്‌ കര്‍ക്കടകം മുതലാണ്.

ജ്യോതിഷത്തിലെ രാശിചക്രങ്ങളില്‍ മേടം തുടങ്ങി നാലാമത്തെ രാശിയാണ്‌ കര്‍ക്കടകം. നാലാമിടം മാതാവിന്റെയും കുടുംബത്തിന്റെയും സ്‌ഥാനമാണ്‌. കര്‍ക്കടകരാശിയുടെ അധിപനായ ചന്ദ്രനാണ്‌ മാതൃകാരകത്വവും. മാതൃകാരകനായ ചന്ദ്രന്റെ ക്ഷേത്രത്തില്‍ പിതൃകാരകനായ ആദിത്യന്‍ എത്തിച്ചേര്‍ന്ന്‌ അവര്‍ യോഗം ചെയ്യുമ്പോള്‍ അമാവാസിയായി. ഈ ദിനമാണ്‌ കര്‍ക്കടകവാവ്‌.

ഭൂമിയില്‍ ജന്മമെടുക്കുവാന്‍  തേജസ്സായും പിണ്ഡമായും സഹായിച്ച  മാതാപിതാക്കളെ സ്‌മരിക്കുവാനും അവര്‍ക്കും  പൂര്‍വ്വികര്‍ക്കും ബലി നല്‍കി തൃപ്‌തരാക്കുവാനും അപ്രകാരം സ്വന്തം കടമ നിര്‍വ്വഹിക്കുവാനും ഇതിനെക്കാള്‍  നല്ല ദിവസമില്ല. പിതൃകര്‍മ്മത്തിന്‌ പറയുന്ന പേരുതന്നെ ബലിയെന്നാണ്‌. ബലിയെന്നാല്‍ ആത്മസമര്‍പ്പണം.  അവനവനെത്തന്നെ സമര്‍പ്പിക്കുന്നതാണ്‌ ആത്മസമര്‍പ്പണം. ഈശ്വരന്റെ സൃഷ്‌ടിയില്‍ ഏറ്റവും മഹത്തായ  മനുഷ്യജന്മത്തില്‍ നമ്മള്‍ ചരിക്കുന്നത്‌ ധര്‍മ്മം, സത്യം, ദയ, നീതി എന്നീ പാതകളിലൂടെയാണെന്ന്‌ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്‌ പിതൃബലി. മനുഷ്യരില്‍ ഏതാണ്ട്  40 തലമുറ മുമ്പുവരെയുള്ളവരുടെ ഗുണദോഷങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കും. അങ്ങനെ വരുമ്പോള്‍ അത്രയും തലമുറകള്‍ക്ക് വേണ്ടിയുള്ള ആരാധന കൂടിയാണ്‌ പിതൃബലിയിലൂടെ നിര്‍വ്വഹിക്കുന്നത്‌.

സ്വപിതാവിനെ പുത്‌ എന്ന നരകത്തില്‍ പതിക്കാതെ ത്രാണനം ചെയ്യുന്നവനാണ്‌ പുത്രന്‍. ആണ്‍-പെണ്‍ സൃഷ്‌ടികള്‍ രണ്ടും ദൈവത്തിന്റേതായതുകൊണ്ട്‌ പുത്രനൊപ്പം പ്രാധാന്യം  പുത്രിക്കും ഉണ്ട്‌.   പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ മോക്ഷത്തില്‍ പുത്രനുള്ളത്ര തന്നെ ഉത്തരവാദിത്തം പുത്രിക്കുമുണ്ട്. പൗരാണിക കാലം മുതല്‍ യാഗ, പൂജാ കര്‍മ്മങ്ങളില്‍ നിലനിൽക്കുന്ന പുരുഷ പ്രാധാന്യം പിതൃകര്‍മ്മാദികളില്‍ തുടര്‍ന്നു വന്നതാകാം പുത്രന്‌ ഇക്കാര്യത്തില്‍ മുന്‍കൈയെന്ന്‌ ചിന്തിക്കാം.

ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ഓരോ അമാവാസിനാളിലും മരണമടഞ്ഞവരുടെ ആത്മാക്കള്‍ അന്നപാനാദിക്കള്‍ക്കായി സന്തതികള്‍ക്ക് മുന്നിലെത്തും. ഇവരെ പിണ്ഡമൂട്ടേണ്ട കടമ സന്തതികള്‍ക്കുണ്ട്‌. അപ്രകാരം ചെയ്യാത്ത സന്തതികളെ പിതൃക്കള്‍ ശപിക്കുമെന്ന്‌ ഗരുഡപുരാണത്തില്‍ പരാമര്‍ശമുണ്ട്‌. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കര്‍ക്കടകത്തിലെ അമാവാസിക്ക് ബലിയിട്ടാല്‍ പരിഹാരമാകും. ബലിയിടാന്‍ തയ്യാറെടുക്കുന്നവര്‍ തലേന്ന്‌ വ്രതമനുഷ്‌ഠിക്കണം. ഒരിക്കലൂണേ പാടുള്ളൂ. ഉള്ളി, ഉഴുന്ന്‌, മത്സ്യം, മാംസം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ ഇവ വര്‍ജ്‌ജിക്കുക. ബ്രഹ്‌മചര്യം പാലിക്കണം. പകലറുക്കം വെടിയണം. ഏതെങ്കിലും തീര്‍ത്ഥഘട്ടങ്ങളിലോ, ബലി തര്‍പ്പണാദികള്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം.

ALSO READ

അനവധി യജ്‌ഞങ്ങളുള്ളതില്‍ പിതൃക്കളുടെ സായൂജ്യ പ്രാപ്‌തിക്കായി അനുഷ്‌ഠിക്കുന്ന യജ്‌ഞത്തിനാണു പ്രാധാന്യമുള്ളത്‌. സര്‍വയജ്‌ഞ പ്രധാനം ച പിതൃയജ്‌ഞം സുചിന്തിതം എന്ന വചനമനുസരിച്ച്‌ ദേവാരാധനകള്‍ പോലെ സുപ്രധാനമാണ്‌ പൂര്‍വ പരമ്പരയ്‌ക്കുവേണ്ടി ചെയ്യുന്ന പിതൃയജ്‌ഞങ്ങളും. സര്‍വമതങ്ങളിലും വംശപരമ്പരയുടെ പ്രാധാന്യവും നിയോഗവും എടുത്തു പറയുന്നുണ്ട്‌. കഴിഞ്ഞുപോയ തലമുറയുടെ കര്‍മ്മ ഫലങ്ങളും ചിന്താതരംഗങ്ങളും പിന്നീടുള്ള വംശപരമ്പരയെ സ്വാധീനിക്കുന്നതായി ശാസ്‌ത്രങ്ങള്‍ അനുശാസിക്കുന്നു. ജ്യോതിഷത്തില്‍ പൂര്‍വ കര്‍മ്മഫലങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്‌പിക്കുന്നു. അനേക ജന്മാര്‍ജിതം കര്‍മ്മം ശുഭം വായ ദിവാശുഭം തസ്വ പംക്‌തി ഗ്രഹാസ്സര്‍വേ സൂചയന്തി ഇഹ ജന്മനി; അനവധി ജന്മജന്മാന്തരങ്ങളിലെ കര്‍മ്മ ഫലങ്ങള്‍ ഈ ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നു എന്നതാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. അതിനാല്‍ ഈ ജന്മത്തിലെ ദോഷകരമായ അനുഭവങ്ങള്‍ മാറുന്നതിന്‌ പൂര്‍വ കര്‍മ്മ ശാന്തത ഉണ്ടാകണം. അതിനാണ്‌ കര്‍ക്കടവാവ് തര്‍പ്പണം പോലെയുള്ള സായൂജ്യ ക്രിയകള്‍ വിധിച്ചിരിക്കുന്നത്‌. കര്‍ക്കടക വാവുബലി നടത്താന്‍ പറ്റാതെ വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. എന്നാല്‍ യാദൃശ്‌ചികമായി അസൗകര്യങ്ങളാല്‍ അതിനു കഴിയാതെ വന്നാല്‍, മറ്റു ദിവസങ്ങളില്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്‌ത് ഇതിനു പ്രതിവിധി കാണാം. സത്യനാരായണബലി, പിതൃ തത്ത്വ ഹവനം തുടങ്ങിയവയാണ്‌ ആ ക്രിയകള്‍. എന്തായാലും ഏതെങ്കിലും വിധത്തില്‍ വാവുതര്‍പ്പണമോ മറ്റു ക്രിയകളോ ചെയ്‌ത് പൂര്‍വാചാര ശുദ്ധി വരുന്നതാണ്‌ ഉത്തമം.

പിതൃബലി നമ്മുടെ ധർമ്മമാണ്.

ഈ ജന്മം ലഭിച്ചതിന് കാരണഭൂതരായ  പൂർവ്വികർക്കും ഈ പ്രകൃതിയിലെ സർവ്വചരാരങ്ങൾക്കും  നന്ദി അർപ്പിച്ചുകൊണ്ട്‌ നൽകുന്ന പൂവും നീരും. നമ്മുടെ ധർമ്മം നാം വിസ്മരിച്ചുകൂട.

– ജ്യോതിഷാചാര്യൻ വേണു മഹാദേവ്
മൊബൈൽ : +91 984747555

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?