Wednesday, December 10, 2025
Wednesday, December 10, 2025
Home » കാമവിഷം ഹരിക്കാൻ ഔഷധം രാധയുടെ തൃപ്പാദം

കാമവിഷം ഹരിക്കാൻ ഔഷധം രാധയുടെ തൃപ്പാദം

by NeramAdmin
0 comments

ഒറ്റ കൃതി കൊണ്ട് വിശ്വ പ്രസിദ്ധനായ കവിയാണ് ജയദേവർ. ഭാഗവതം ദശമസ്കന്ദത്തിലെ രാസലീലയുടെ ഒരു ഭാഗമെടുത്ത്  അതിമനോഹരമായി അദ്ദേഹം വ്യാഖ്യാനിച്ചതാണ്  ഗീതാഗോവിന്ദം. ഇതിന്റെ മലയാള രൂപമാണ് അഷ്ടപദി. തികഞ്ഞ കൃഷ്ണഭക്തനായിരുന്ന ജയദേവർ പന്ത്രണ്ടാം ശതകത്തിലാണ് ജീവിച്ചിരുന്നത്.  ദേവദാസിയായിരുന്ന പദ്മാവതിയെയാണ് വിവാഹം ചെയ്തത്. ജയദേവരെക്കാൾ വലിയ കൃഷ്ണഭക്തയായിരുന്നു  പദ്മാവതി. 

പ്രിയ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് രാധ ദുഖിതയായി;  കോപിച്ചു. കൃഷ്ണൻ രാധയെ വിട്ടു പോയി. എന്നാൽ കൃഷ്ണന്  വിരഹം താങ്ങാനായില്ല. തിരിച്ചെത്തി രാധയെ അനുനയിപ്പിക്കുന്നു. ഒരു രാത്രി പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ചു;  സന്തോഷവതിയാക്കി. അങ്ങനെ രാധയും കൃഷ്ണനും പുന:സംഗമിച്ചു.  ഇതാണ് ഗീതാ ഗോവിന്ദത്തിലെ കഥാ മുഹൂർത്തം. കൃതിയിലെ രസം ശൃംഗാരമാണ്; ഭാവം പ്രേമപാരവശ്യവും .
ഗീതഗോവിന്ദത്തിന്റെ രചനയ്ക്കിടയിൽ ജയദേവരുടെയും പദ്മാവതിയുടെയും ജീവിതത്തിൽ സാക്ഷാൽ കൃഷ്ണൻ ഇടപെട്ടതായി ഒരു കഥയുണ്ട്. ജയദേവർക്ക് എത്ര എഴുതിയിട്ടും  മതിയാകുന്നില്ല.ഇരുപതാം അഷ്ടപദിയിൽ അദ്ദേഹം ഇങ്ങനെ എഴുതി: 

“വിരചിത ചാടുവചന രചനം ചരണേ രചിത പ്രണിപാതം സംപ്രതി മഞ്ജുല വഞ്ജുല സീമനി കേളീശയന മനുയാതം മുഗ്ധേ മധു മഥന മനുഗത മനുസര രാധികേ”ഇതിന്റെ അർത്ഥം ഇങ്ങനെ: രാധയോട് സഖി പറയുന്നു,”പ്രിയതോഴീനിന്നോട് മൃദുവും മധുരതരവുമായ മൊഴികൾ ചൊരിഞ്ഞ് നിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങി നിന്റെ പാദങ്ങൾ ശിരസിൽ വച്ച് സ്തുതിച്ച് അവൻ ആ ശ്യാമവർണ്ണൻ കദംബ വൃക്ഷത്തണലിലെ ലതാഗൃഹത്തിലെ പുഷ്പ ശയ്യയിൽ രാസലീലയ്ക്കായി നിന്നെയും കാത്ത് ശയിക്കുന്നു. കറയറ്റ താരുണ്യ ലാവണ്യവതിയായ രാധേ…. നീ മധു കൈ ടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും അവന് അഭിമതയായി വർത്തിച്ചാലും.” 
അതായത് കാമവിഷത്തെ ഹരിക്കുന്ന  ഔഷധം രാധയുടെ തൃപ്പാദമാണെന്നറിഞ്ഞ് ഭഗവാൻ, രാധയുടെ പാദങ്ങളെടുത്ത് ശിരസിൽ വയ്ക്കുമെന്ന് കവി സങ്കല്പം. 
ഇതിനപ്പുറം ഒരു ക്‌ളൈമാക്‌സ് എഴുതാനാവില്ലല്ലോ?
ഇത്രയും എഴുതിയശേഷം ജയദേവകവിക്ക് ഒരു കുറ്റബോധം. സാക്ഷാൽ ഭഗവാനെപ്പറ്റി ഇങ്ങനെ എഴുതാമോ? ആ വരികൾ വെട്ടിക്കളഞ്ഞു. ജയദേവ കവി സ്‌നാനത്തിന് പുറപ്പെട്ടു. 
അല്പം കഴിഞ്ഞ് പോയ ആൾ തിരിച്ചു വന്നു ഭാര്യ പദ്മാവതിയെ വിളിച്ചു പറഞ്ഞു:  ഓലയും നാരായവും വേഗം എടുത്തു കൊണ്ടുവരൂ. എനിക്ക് വീണ്ടുമൊരു തിരുത്തു വന്നിട്ടുണ്ട്. അദ്ദേഹം വീണ്ടും തിരുത്തി പഴയതു പോലെയാക്കി. 
കുളിക്കാത്തതിനാൽ  അപ്പോഴേക്കും തലയിൽനിന്നും ഒലിച്ചിറങ്ങിയ എണ്ണ  കണ്ണിലേക്ക് പടർന്നു തുടങ്ങിയിരുന്നു. അത് പദ്മാവതിയുടെ ചേലത്തുമ്പിൽ തുടച്ചു.
എന്നാൽ സാക്ഷാൽ ജയദേവൻ കുളി കഴിഞ്ഞ്‌വന്നു. ഓലയെടുത്തുനോക്കുമ്പോൾ താൻ തിരുത്തിയത് വീണ്ടും പഴയതുപോലെ എഴുതിയിരിക്കുന്നു.  ”പദ്മാവതീ ഇതാരു ചെയ്തു.”  എന്നുചോദിച്ചപ്പോൾ അവർപറഞ്ഞു: ഭക്തികൊണ്ട് അങ്ങേയ്ക്ക് ഭ്രാന്ത്  പിടിച്ചോ, കുളിക്കാൻപോയ അങ്ങല്ലേ തിരികെ വന്ന് ഇതെല്ലാം തിരുത്തിപ്പോയത്?
ജയദേവൻ അമ്പരന്നു! ഞെട്ടലോടെ അദ്ദേഹം ആ സത്യം മനസിലാക്കി പറഞ്ഞു: “എന്റെ വേഷത്തിലാണെങ്കിലും നീ ഭഗവാനെ കണ്ടല്ലോ പദ്മാവതീ മഹാഭാഗ്യവതിയാണ് നീ.” 

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?