Wednesday, December 10, 2025
Wednesday, December 10, 2025
Home » കന്നിയിലെ ആയില്യപൂജ സർവ്വസൗഭാഗ്യവും തരും

കന്നിയിലെ ആയില്യപൂജ സർവ്വസൗഭാഗ്യവും തരും

by NeramAdmin
0 comments

പ്രത്യക്ഷദൈവമായ നാഗദേവതയെ ആരാധിക്കേണ്ട ദിവസമാണ് കന്നിമാസത്തിലെ ആയില്യം നാളായ  2019 സെപ്തംബർ 25. ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രത്തിലാണ് ഈ ദിവസം ബഹുവിശേഷം.ധനലാഭം, സന്താനഭാഗ്യം, ദാമ്പത്യ സുഖം, ത്വക്‌രോഗശമനം, ഗർഭാശയരോഗ മുക്തി, മാനസിക – ശാരീരിക ആരോഗ്യവർദ്ധന വിദ്യാഭ്യാസ  ഉന്നതി,  ദീർഘായുസ്‌ തുടങ്ങിയവയെല്ലാം കന്നി മാസത്തിലെ ആയില്യനാളിൽ നടത്തുന്ന നാഗദേവതാ പൂജയിലൂടെ കരഗതമാകും. ഈ വിശേഷ ദിവസം നാഗപൂജകളും വഴിപാടുകളും നടത്തി നാഗപ്രീതി നേടിയാൽ മിക്കവരെയും അലട്ടുന്ന രാഹു-കേതു ദോഷങ്ങൾക്ക്  പരിഹാരമാകും. 

സർപ്പദേവതകളുടെ അനുഗ്രഹം നേടാൻ നിരവധി സർപ്പാരാധന സന്നിധികളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്  നാഗരാജാവിന്റെ  മൂലസ്ഥാനമായി കരുതുന്ന കായംങ്കുളത്തിന് സമീപമുള്ള വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രം. പരശുരാമനാണ്  ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും  ആദ്യമായി നാഗാരാജ പ്രതിഷ്ഠ നടന്നത് ഇവിടെ  ആണെന്നുമാണ് വിശ്വാസം. പരശുരാമൻ മണ്ണ് വെട്ടികൂട്ടി അതിനുമുകളിലാണ് നാഗരാജനെ പ്രതിഷ്ഠിച്ചത്. അതുകൊണ്ടാണത്രേ വെട്ടിക്കോട്ട് എന്ന് പേര് വന്നത്.

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകൾ. ആദിശേഷനായ അനന്തന്റെ ഇവിടുത്തെ പ്രതിഷ്ഠാ ദിവസം കന്നിയിലെ ആയില്യമാണ്. അതിനാൽ കന്നിയിലെ ആയില്യം വെട്ടിക്കോട്ടു നാഗരാജാവിന്റെ തിരുനാളായി കരുതുന്നു. അതുകൊണ്ടാണ് കന്നിയിലെ ആയില്യത്തിന് വെട്ടിക്കോട്ട്  പ്രാധാന്യം വന്നതും ഈ ദിവസം ക്ഷേത്രോത്സവമായി ആഘോഷിക്കുന്നതും. ഈ വർഷത്തെ വെട്ടിക്കോട്ട് ആയില്യം കന്നി 9-ാം തീയതിയാണ് . 

ഉത്സവത്തിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുൻപേ ആരംഭിക്കും. പുണർതം, പൂയം ദിവസങ്ങളിലും വിശേഷമാണ്. കന്നിയിലെ പൂയം നാളിൽ  അലങ്കാരങ്ങളോട് കൂടിയ  നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന തൊഴുതാൽ  എല്ലാ നാഗദോഷങ്ങളും തീരും. ആയില്യം നാളിൽ പുലർച്ചെ മൂന്നു മണിയോടെ വെട്ടിക്കോട്ട് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യദർശനം. ഇത് കണ്ട് തൊഴുന്നത്  സർപ്പദോഷശാന്തിക്ക് വളരെ നല്ലതാണ്. 

ഉച്ചകഴിഞ്ഞ് സർവ്വാലങ്കാര വിഭൂഷിതനായ നാഗാരാജവിനെ  വിവിധ വാദ്യങ്ങളോടും നാഗസ്തുതികളോടും കൂടി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തേക്ക് എഴുന്നള്ളിക്കും. അവിടെ  നാലുകെട്ടിനകത്ത്  ഇരുത്തി പൂജകൾ നടത്തും. അത് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ച് പുള്ളുവന്മാരുടെ  സ്തുതി ഗീതങ്ങളോടെ അകത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നത് സർപ്പവിഷബാധ അകറ്റുമെന്നാണ് വിശ്വാസം. അന്ന് സന്ധ്യയോടെ ഏറ്റവും വിശേഷമായ സർപ്പബലി നടക്കും.മകം ദിവസം പുലർച്ചെ നട തുറന്ന് പുണ്യാഹ ശുദ്ധിക്രിയകളോടെ ചടങ്ങുകൾ തുടങ്ങും. ഇളനീരഭിഷേകവും മറ്റും നടത്തി ചടങ്ങ് പൂർത്തിയാക്കും. 

ഈ ക്ഷേത്രത്തിലെ നാഗരാജ പ്രതിഷ്ഠയിൽ ബ്രഹ്മ വിഷ്ണു മഹേശ്വര ചൈതന്യം  ഒരുപോലെ കൂടിക്കൊള്ളുന്നു. ഈ വിഗ്രഹത്തിൽ ആടിയ എണ്ണ ത്വക്ക് രോഗങ്ങൾക്കും മറ്റ് മാറാരോഗങ്ങൾക്കും സിദ്ധ ഔഷധമാണെന്ന്  ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ ഭജനമിരുന്നാൽ സർപ്പശാപദോഷങ്ങൾ പൂർണ്ണമായി അകലുമെന്നും കരുതുന്നു.

ALSO READ

കന്നിമാസത്തിലെ പോലെ  തുലാമാസത്തിലും പൂയം,  ആയില്യം  ദിവസങ്ങളും വെട്ടിക്കോട്ട് പ്രധാനമാണ്. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബാലഭദ്രജയന്തി എന്നിവയും ഇവിടെ വിശേഷമാണ്.
വെട്ടിക്കോട്ട് ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ ക്ഷേത്രത്തിലെ തേവാരപ്പുരയും നിലവറയും ദർശനം നടത്തണമെന്നാണ് ആചാരം.

നാഗരാജ മൂലമന്ത്രം

ഓം നമ: കാമരൂപിണേ മഹാബലായ

നാഗാധിപതയേ നമ:

നാഗയക്ഷീ മൂലമന്ത്രം

ഓം വിനയാ തനയേ വിശ്വനാഗേശ്വരീ ക്‌ളീം

നാഗയക്ഷീം യക്ഷിണീ സ്വാഹാ നമ:

ഓം ഹ്രീം ദും ഉത്തിഷ്ഠ പുരുഷ കിം സ്വപിഷിഭയം

മേ സമുപസ്ഥിതം യദി ശക്യമശക്യം ഓം ഹും

നാഗയക്ഷി വശമാനയ സ്വാഹാ

നാഗരാജ ഗായത്രി

ഓം നാഗരാജായ വിദ്മഹേ ചക്ഷു:

ശ്രവണായ ധീമഹി

തന്നോ സർപ്പ: പ്രചോദയാത്

അനന്തഗായത്രി

ഓം സഹസ്രശീർഷായ വിദ്മഹേ

വിഷ്ണുതല്പായ ധീമഹി

തന്നോ ശേഷ: പ്രചോദയാത്

അനന്തധ്യാനം

സൗമ്യോബ അനന്തശ്ചതുർബാഹു: 

സർവ്വാഭരണഭൂഷിത:

ജപാപുഷ്പനിഭാകാര: കരണ്ഡമകുടാന്വിത:

സിതവസ്ത്രധര: ശാന്തസ്ത്രിനേത്ര: പത്മസംസ്ഥിത:

അഭയം വരദം ടങ്കം ശൂലം ചൈവ ധൃതോവതു

വിഷ്‌ണോർ വിശ്വേശ്വരസ്യ പ്രവരശനയകൃത്

സർവ്വലോകൈകധർത്താ-

സോ അനന്ത: സർവ്വഭൂത: പൃഥുവിമലയശാ:

സർവ്വവേദൈശ്ച വേദയ:

പാതാവിശ്വസ്യശശ്വത്സകല സുരരിപു-

ദ്ധ്വംസന: പാപഹന്താ

സർവ്വജ്ഞ: സർവ്വസാക്ഷീ: 

സകലവിഷഭയാ-

ല്പാതു ഭോഗീശ്വരോ നു:

നാഗയക്ഷീ ധ്യാനം

ജപാ കുസുമസത്പ്രഭാം കലിത ചാരുരക്താംബരാം

ജ്വലദ് ഭുജംഗഭൂഷണാം ഫണിലസന്മണിദ്യോതിതാം

വരാഭയകരദ്വയാം കനകകുംഭതുംഗസ്തനീം

സ്മരാമി വിഷനാശിനീം മനസി നാഗയക്ഷീം

സദാഅഭയാങ്കുശപാശദാനഹസ്താം

ഫണിരത്‌നോജ്ജ്വലദംശുമൽകിരീടാം

ഉരഗാളി വിഭൂഷിതാംഗവല്ലീം

കലയേ സ്വർണവർണ്ണനാഗയക്ഷീം

വെട്ടിക്കോട്ട് വന്ദനം

ഭാർഗ്ഗവമാമുനി വെട്ടിയ മണ്ണിന്റെ

പീഠത്തിൽ വാഴുന്ന തമ്പുരാനെ

വെട്ടക്കോട്ടീശ്വരാ, നാഗങ്ങൾ നായകാ

തട്ടിക്കളഞ്ഞീടെൻ തുമ്പങ്ങളെ

ബ്രഹ്മനും വിഷ്ണുവും രുദ്രനും ദൈവമേ-

ചൈതന്യമായിട്ടിരിപ്പൂ നിന്നിൽ

കന്നിമാസത്തിലെ ആയില്യം നാളല്ലോ

നിന്നുടെ ജന്മനാൾ തമ്പുരാനെ

വാഴ്ത്തുന്നു വാനവർ നിന്റെ മഹിമകൾ

വാനിലുയരുന്നു നിൻ പ്രശസ്തി

വാഴുക വാഴുക നാഗമേ നീണാൾ നീ

നിൻദയയെന്നിലും വേണമല്പം

ഐഹികസൗഖ്യങ്ങൾ ഭാഗ്യങ്ങൾ കീർത്തികൾ

പാരാതരുളുക ദീനനെന്നിൽ.

– പി.എം. ബിനുകുമാർ,     

+91 9447694053

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?