Wednesday, December 10, 2025
Wednesday, December 10, 2025
Home » വിദ്യാരംഭം ശുഭമായാൽ വിജയം, പ്രശസ്തി

വിദ്യാരംഭം ശുഭമായാൽ വിജയം, പ്രശസ്തി

by NeramAdmin
0 comments

നവരാത്രി പൂജയിലൂടെ  ആർജ്ജിക്കുന്ന  ദേവീചൈതന്യം പത്താം ദിവസമായ വിജയദശമി നാളിൽ അടുത്ത തലമുറയിലെ പുതിയ കണ്ണിയായ പിഞ്ചോമനകൾക്ക് പകരുന്ന  ദിവ്യമുഹൂർത്തമാണ്  വിദ്യാരംഭം. ദേവീ ചൈതന്യത്തെ ഒൻപതായി തിരിച്ചിരിക്കുന്നു. ഇതിനെ നവശക്തികൾ എന്ന് പറയും. വിമല, ഉത്ക്കർഷിണ,  ജ്ഞാന, യോഗ, ക്രിയ, പ്രജ്വ, സത്യ ഈശാന, അനുഗ്രഹ എന്നീ 9 ശക്തികളും പരാശക്തി ചൈതന്യവും നവരാത്രി ഉപാസനയിലൂടെ ലഭ്യമാകും. ഈ ചൈതന്യമാണ് വിജയദശമിക്ക്  വിദ്യാരംഭം കുറിക്കുന്ന കുഞ്ഞിന്  പകർന്ന് കിട്ടുന്നതെന്ന് ശാസ്ത്രം പറയുന്നു.

കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള പ്രഥമ മുതലുള്ള ഒൻപത് നാളുകളിൽ  ദേവീഉപാസനയിലൂടെ മുതിർന്നവർ നേടുന്ന  ഈശ്വരചൈതന്യം   കുഞ്ഞുങ്ങൾക്ക് പകരുന്ന വിജയദശമി ദിവസം ഭാരതം വാഗ്ദേവതയായ സരസ്വതിയെയാണ് ആരാധിക്കുന്നത്. 
വെള്ളവസ്ത്രം ധരിച്ച് വെള്ളത്താമരയിൽ ഇരിക്കുന്ന  സരസ്വതി ദേവിയുടെ കൈളിൽ പുസ്തകവും അക്ഷമാലയും വീണയും കൂടിയുണ്ട്.

സരസ്വതി ദേവിയുടെ പ്രീതി ലഭിച്ചാൽ പഠിത്തത്തിൽ മാത്രമല്ല സകല കലകളിലും മിന്നിത്തിളങ്ങാനും ജനങ്ങളെ വശീകരിച്ച് കീർത്തി നേടുവാനും സാധിക്കും.
വിജയദശമി നാളിൽ സരസ്വതീ സാന്നിദ്ധ്യമുള്ള സ്ഥലത്താണ് വിദ്യാരംഭം കുറിക്കേണ്ടത്.  ഇതിന് ഏറ്റവും പറ്റിയ സ്ഥലം ക്ഷേത്രമാണ്. അവിടെ  സരസ്വതീപൂജ ചെയ്ത്  വിദ്യാരംഭം കുറിയ്ക്കുന്നത്  അത്യുത്തമമാണ്. മൂകാംബിക  സരസ്വതി മണ്ഡപത്തിലെ  വിദ്യാരംഭം ഭുവന പ്രസിദ്ധമാണ്. ഇവിടെ വിദ്യാരംഭം കുറിച്ച ആയിരക്കണക്കിനാളുകൾ സരസ്വതീ കടാക്ഷത്താൽ സാഹിത്യത്തിലും കലയിലും സംഗീതത്തിലും സിനിമയിലും  ജനപ്രീതി നേടി അപാര വിജയവുംഅതിപ്രശസ്തിയും  നേടിയിട്ടുണ്ട്. കേരളത്തിൽ കോട്ടയത്തെ ദക്ഷിണ മൂകാംബികയായ പനച്ചിക്കാടും ചോറ്റാനിക്കരയും  കൊല്ലത്തെ ആനന്ദവല്ലീശ്വരവും  വർക്കല ശിവഗിരിയും മറ്റും വിദ്യാരംഭത്തിന്  പ്രസിദ്ധമാണ്. ഇത് മാത്രമല്ല ഏത് ക്ഷേത്രം തിരഞ്ഞെടുത്താലും അവിടെ സരസ്വതി സാന്നിദ്ധ്യം വേണം.

എല്ലാ ക്ഷേത്രങ്ങളിലും ദേവിക്ക് ഉപദേവതാ പ്രതിഷ്ഠതയോ സങ്കല്പ  പ്രതിഷ്ഠയോ ഉണ്ടായിരിക്കും. മറ്റു സ്ഥാപനങ്ങളിലും പ്രത്യേക മന്ദിരങ്ങളിലും വിദ്യാരംഭം കുറിക്കുകയാണെങ്കിൽ  അവിടെ സരസ്വതീപൂജ നടത്തണം.  ഇല്ലെങ്കിൽ വിദ്യാരംഭത്തിന്റെ പൂർണ്ണ ഫലം കിട്ടിയെന്ന് വരില്ല.  മുഹൂർത്തശാസ്ത്രമനുസരിച്ച് വിജയദശമി ദിവസമാണ് വിദ്യാരംഭത്തിന് ഏറ്റവും ശ്രേഷ്ഠം. അന്ന്  ഉച്ചവരെ വിദ്യാരംഭത്തിന് മുഹൂർത്തം പോലും നോക്കേണ്ടതില്ല എന്നാണ് പ്രമാണം. 

അതനുസരിച്ച് ഒക്‌ടോബർ 8 ചൊവ്വാഴ്ച മദ്ധ്യാഹ്‌നം വരെയും വിദ്യാരംഭം നടത്താം. എന്നാൽ മുഹൂർത്ത പ്രകാരം അന്ന്  രാവിലെ 8 മണി 54 മിനിട്ടിന് മുമ്പ് വിദ്യാരംഭം കുറിക്കുന്നതാണ് ഉത്തമം. 

അതുപോലെ കുഞ്ഞുങ്ങൾക്ക്  ആദ്യാക്ഷരം പകർന്നു കൊടുക്കുന്ന വ്യക്തിയുടെ ആദ്ധ്യാത്മികവും, ധാര്‍മ്മികവുമായ ചൈതന്യവും പ്രധാനപ്പെട്ടതാണ്. ആദ്ധ്യാത്മിക ചൈതന്യമുള്ള വ്യക്തിയെക്കൊണ്ട് വിദ്യാരംഭം കുറിക്കുന്നതാണ് ഉത്തമം. ആ വ്യക്തി 
ഈശ്വരവിശ്വാസിയും ആചാര്യ തുല്യനും ആയിരിക്കണം.  വീട്ടിൽ വിദ്യാരംഭം കുറിക്കുമ്പോൾ നല്ല ആചാര്യനെ കിട്ടാൻ പ്രയാസം നേരിട്ടാൽ  കുടുംബത്തിലെ തന്നെ മുതിര്‍ന്ന, അക്ഷരബന്ധമോ കലാ- സംഗീത ബന്ധമോ ഉള്ള  വ്യക്തിയെക്കൊണ്ട്  വിദ്യാരംഭം കുറിക്കാം.

ALSO READ

ഓം ഹരിഃ ശ്രീ ഗണപതയെ അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമഃ 
എന്നാണ്  വിദ്യാരംഭത്തിന് സരസ്വതീദേവിയെധ്യാനിച്ച്  എഴുതേണ്ടത്. കടപയാദി സമ്പ്രദായ പ്രകാരം 51എന്ന സംഖ്യ വരുന്ന  ഈ മന്ത്രം 51 അക്ഷരങ്ങളോട്  കൂടിയ വാഗ്‌ദേവതയായ സരസ്വതീദേവിയുടെ തിരുസ്വരൂപം എന്നാണ് സങ്കല്പം.
അരിയില്‍ ഉണങ്ങിയ മഞ്ഞള്‍ കൊണ്ടോ, സ്വര്‍ണ്ണമോതിരം കൊണ്ടോ എഴുതണം.വിദ്യാരംഭം കുറിക്കേണ്ടത്  കിഴക്കു തിരിഞ്ഞിരുന്നാണ്. ക്ഷേത്രത്തിലാണെങ്കില്‍ ഈ വ്യവസ്ഥ ബാധകമല്ല.വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല  മുതിര്‍ന്നവര്‍ക്കും വിജയദശമി ദിവസം വിദ്യാരംഭം കുറിക്കാം. മനുഷ്യർ  ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥിയാണ്. അവർ ഓരോ ദിവസവും പുതിയ  കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നു. 
വിദ്യ മനുഷ്യരിലെ  അജ്ഞാനത്ത അകറ്റുന്ന പ്രകാശമാണ്. അതിനാല്‍ വിജയദശമിക്ക്  എല്ലാവരുംവിദ്യാരംഭം കുറിക്കുന്നതിന്റെ സൂചനയായി അരിയില്‍ ഓം ഹരിഃ ശ്രീ ഗണപതയെ അവിഘ്‌ന മസ്തു ശ്രീ ഗുരുഭ്യോനമഃ എന്ന് എഴുതി ദേവീ പ്രസാദം നേടണം.
വിദ്യാ പൂജ പോലെ  പ്രാധാന്യമുള്ളതാണ് ആയുധപൂജയും. മഹാനവമി ദിവസമാണ് ആയുധപൂജ നടത്തുന്നത്. എല്ലാസ്ഥാപനങ്ങളിലുള്ള പണിയായുധങ്ങളായ ഉപകരണങ്ങള്‍ മുതലായവ ആ ദിവസം പൂജയ്ക്കു വയ്ക്കുന്നു. ആയുധം എന്നത് കൊണ്ട് ജീവിതോപാധിക്കുള്ള ഉപകരണം എന്നാണ് അര്‍ത്ഥമാക്കുന്നത്.  ആയുധം മുഴുവന്‍ ദേവിയില്‍ അര്‍പ്പിച്ച് പൂജിച്ച് പവിത്രമാക്കി അവ കൊണ്ട് ലോകനന്മ ചെയ്യുന്ന  കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു എന്ന സങ്കല്പമാണ് ആയുധ പൂജയ്ക്ക് പിന്നിൽ  ഉള്ളത്.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?