Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവസായൂജ്യം നേടാൻ രുദ്രാക്ഷ ധാരണം

ശിവസായൂജ്യം നേടാൻ രുദ്രാക്ഷ ധാരണം

by NeramAdmin
0 comments

പാപമോചനവും പുണ്യവും ഭദ്രകരമായ ജീവിതവും അതിവേഗം നൽകുന്ന ദിവ്യ വസ്തുവാണ് രുദ്രാക്ഷമെന്ന് ഭഗവാൻ ശ്രീ മഹാദേവൻ അരുളിച്ചെയ്തിട്ടുണ്ട്. പാപമോചനം ലഭിക്കാത്തതാണ് മനുഷ്യരുടെ ദുരിതങ്ങൾക്ക് കാരണം . അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്താലെ പാപമോചനം ലഭിക്കൂ. കടമകൾ നിറവേറ്റാത്തതും പാപത്തിന് കാരണമാണ്. പിതൃബലി, വിവിധ വ്രതാനുഷ്ഠാനങ്ങൾ, രുദ്രാക്ഷ ധാരണം തുടങ്ങിയവയാണ് പാപമോചന മാർഗ്ഗങ്ങൾ. പാപങ്ങൾ അകറ്റിയ ശേഷം പ്രാർത്ഥിച്ചാൽ വേഗം ഫലം ലഭിക്കും.


ഒരവസരത്തിൽ തുളസിയുടെയും കൂവളത്തിന്റെയും മഹാത്മ്യം വിവരിച്ച ശേഷം ഭഗവാൻ ശ്രീ മഹാദേവൻ നാരദമഹർഷിക്ക് തുദ്രാക്ഷ മാഹാത്മ്യം പകർന്നു നൽകിയതായി പുരാണങ്ങളിലുണ്ട് :  സമഗ്രമായി അതു പറയാൻ തുടങ്ങിയാൽ കാലമേറെ വേണ്ടിവരും. അതിനാൽ സാരം കൈവിടാതെ സംക്ഷേപിച്ചു പറയാം – ഭഗവാൻ നാരദരോട്  പറഞ്ഞു. ജന്മാന്തരങ്ങളിലൂടെ കുന്നുകൂടിയ പാപങ്ങളെല്ലാം രുദ്രാക്ഷ സ്പർശത്താൽ വിട്ടകലും. ആരാണോ ഭൂമിയിൽ രുദ്രാക്ഷം ധരിച്ചു ജീവിക്കുന്നത് അവർ ഏറ്റവും പരിശുദ്ധരായിരിക്കും. ആചാരങ്ങളും ആദരവും പാലിക്കേണ്ടതെങ്ങനെയെന്ന് രുദ്രാക്ഷധാരിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

ഗുരുവിനെയും മഹാത്മാക്കളെയുംകണ്ടാലുടൻ ശിരസ്‌ കുനിച്ച്  വണങ്ങണം. അങ്ങനെ ചെയ്തില്ലെങ്കിൽ പാപമുണ്ടാകും. അഹന്തകൊണ്ടും അജ്ഞാനം കൊണ്ടുമാണ് പലരും അപ്രകാരം ചെയ്യാത്തത്. ഇത്തരം പാപങ്ങൾ മാറ്റാൻ രുദ്രാക്ഷം ധരിച്ചാൽ മാത്രം മതി. കള്ളം പറയുക. മറ്റുള്ളവരെ പരിഹസിക്കുക. മദ്യപിക്കുക തുടങ്ങിയവയാൽ   പാപങ്ങൾ കൂടിക്കൊണ്ടിരിക്കും. അതെത്ര മാത്രം അധികരിച്ചാലും  രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കിൽ സർവ്വപാപവും വിട്ടുമാറും.

അന്യരുടെ പണം അപഹരിക്കുക, അവരെ ഉപദ്രവിക്കുക, മർദ്ദിക്കുക, തൊട്ടുകൂടാത്ത വസ്തുക്കളെ സ്പർശിക്കുക, ദാനം ചെയ്യാതിരിക്കുക എന്നിവയാൽ മനുഷ്യർക്ക്  പാപങ്ങൾ കൂടിക്കൊണ്ടിരിക്കും. രുദ്രാക്ഷം ധരിച്ചാൽ അതെല്ലാം നീങ്ങിപ്പോകും.ദുഷ്ടവാക്കുകൾ കേൾക്കുന്തോറും പാപം  വർദ്ധിക്കും. ആ പാപങ്ങൾ വിട്ടൊഴിയാൻ കാതുകളിൽ രുദ്രാക്ഷം ധരിക്കണം. പരദാരങ്ങളെ വശീകരിച്ച് വിലപ്പെട്ടതെന്തോ നേടിയെന്ന് ഞെളിയുന്ന മൂഢന്മാരുടെ  പാപങ്ങൾ ഒഴിവാക്കാൻ അവർ  രുദ്രാക്ഷം ധരിച്ചാൽ മതി.


രുദ്രാക്ഷധാരിയെ കാണുമ്പോൾ  തന്നെ വണങ്ങുന്നയാൾ എത്ര മഹാപാപിയാണെങ്കിലും പാപമുക്തരാകും. രുദ്രാക്ഷധാരിയായ മനുഷ്യനും ശ്രീമഹാരുദ്രനും തമ്മിൽ യാതൊരു ഭേദവുമില്ല. അത്ര ശ്രേഷ്ഠമാണ് രുദ്രാക്ഷം. രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കിൽ ദുഷ്ട ശക്തികളെ  ഭയക്കേണ്ടതില്ല. ദേവന്മാർ പോലും അവരെവണങ്ങും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മഹാദേവിയെയോ മഹാദേവനെയോ പൂജ ചെയ്യുന്ന മനുഷ്യരെ സർവ്വപാപങ്ങളും വിട്ടകലും.
മാത്രമല്ല സർവ്വ കെട്ടുപാടുകളിൽ നിന്നും മുക്തരായി ശിവസായൂജ്യം പ്രാപിക്കുകയും ചെയ്യും. രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്ന ദേവപൂജയും ശ്രാദ്ധവും നിഷ്ഫലമാണ്.  രുദ്രാക്ഷമാല കൈയിൽ ധരിച്ചുകൊണ്ട് മഹേശമന്ത്രം ജപിച്ചാൽ ശിവപ്രസാദം ലഭിക്കും. മാത്രമല്ല സ്വർഗ്ഗത്തെ പ്രാപിക്കുകയും ചെയ്യും.


കാശിയിലും ഭാഗീരഥിയിലും പ്രസിദ്ധമായ മറ്റു ശിവക്ഷേത്രങ്ങളിലും രുദ്രാക്ഷഹീനരായി ആരും ഒരു കർമ്മവും ചെയ്യരുത്. അതുകൊണ്ടൊരു ഫലവും ഉണ്ടാകില്ല.
രുദ്രാക്ഷധാരികളായ ഭക്തരോട് രുദ്രന് എപ്പോഴും പ്രത്യേക വാത്സല്യം ഉണ്ടായിരിക്കും. രുദ്രാക്ഷധാരി നിത്യപുണ്യവാനാണ്.അതിനാൽ ഏതു ദേശത്തുവച്ച് മരണം സംഭവിച്ചാലും ശിവപ്രസാദത്താൽ സ്വർഗ്ഗപ്രാപ്തി സംഭവിക്കും. രുദ്രാക്ഷധാരി ഗംഗാസ്‌നാനം നടത്തിയാൽ അപാരമായ പുണ്യം ലഭിക്കും. വാരണാസിയിൽ സ്‌നാനം നടത്തുന്നതിന് കഴിഞ്ഞാൽ അധിക ഫലമായിരിക്കും. രുദ്രാക്ഷം പുണ്യവർദ്ധനകരം കൂടിയാണ്. വിശ്വാസത്തോടെ രുദ്രാക്ഷം ധരിക്കുന്നവർ ശിവലോകത്തെ പ്രാപിക്കുമെന്നതിൽ തർക്കമില്ല. കൂവള വൃക്ഷച്ചോട്ടിലിരുന്നു മുല്ലബാണാരിയായ ശിവധ്യാനത്തോടെ രുദ്രാക്ഷമാഹാത്മ്യം സ്മരിക്കുന്നത് അതീവ ശ്രേഷ്ഠമാണ്. പുണ്യസ്ഥലങ്ങളിലും പുണ്യതീർത്ഥങ്ങളിലും ഇരുന്ന് രുദ്രാക്ഷമാഹാത്മ്യം ചൊല്ലുന്നതും കേൾക്കുന്നതും ഉത്തമമാണ്.

ALSO READ

നദീ സമുദ്ര സംഗമ സ്ഥാനങ്ങളും ശിവക്ഷേത്ര സന്നിധികളും അതിനു പറ്റിയ സ്ഥലങ്ങളാണ്.  ശിവരാത്രി നാളിൽ ശിവസ്മരണയോടെ രുദ്രാക്ഷമാഹാത്മ്യം ശ്രവിക്കാനിടവന്നാൽ രുദ്രപ്രസാദം കൈവരും.
ഭക്തിപൂർവ്വം ഇതു പഠിക്കുകയും ഉരുവിടുകയും ചെയ്യുന്ന ഉത്തമ മനുഷ്യരുടെ സകല ദുഷ്‌കൃതങ്ങളും വേരറ്റുപോകും. മുക്തനായി മാറുന്ന ആ ഭക്തൻ രുദ്രലോകത്തേക്ക് ഗമിക്കും. പാപങ്ങളിൽ നിന്ന് പുണ്യത്തിലേക്ക് അല്ലെങ്കിൽ  ശവത്തിൽ നിന്ന് ശിവനിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്ന ദിവ്യനേത്രമാണ് രുദ്രാക്ഷം         

 (ശ്രീ മഹാദേവീ ഭാഗവതത്തിൽ നിന്ന്)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?