Wednesday, December 10, 2025
Wednesday, December 10, 2025
Home » ശംഖുംമുഖത്തെ ആറാട്ട് മതേതര വിളംബരഗീതം

ശംഖുംമുഖത്തെ ആറാട്ട് മതേതര വിളംബരഗീതം

by NeramAdmin
0 comments

ശ്രീപത്മനാഭ സ്വാമിക്ക്  ആറാട്ടു  കഴിഞ്ഞു. ഭഗവാൻ ശ്രീകോവിലിലേക്ക് കയറിയപ്പോൾ  സന്തോഷിച്ചത് ഭഗവാനെ അനുഗമിച്ച ആയിരങ്ങൾ മാത്രമല്ല, ശംഖുംമുഖത്തെ ഒരു കൂട്ടം മത്സ്യ തൊഴിലാളികൾ കൂടിയാണ്. 

ശംഖുംമുഖത്തെ മത്സ്യ തൊഴിലാളികളാണ് ഭഗവാനെ കടലിൽ ആറാടിക്കുമ്പോൾ കാവൽ നിൽക്കുന്നത്.വർഷങ്ങൾ മുമ്പുള്ള ഒരു ആറാട്ടു വേളയിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാൻ ചിലർ ഗൂഢാലോചന നടത്തി. ഇക്കാര്യം മഹാരാജാവ് അറിയുന്നതിന് മുമ്പ് ശംഖുംമുഖത്തെ മത്സ്യത്തൊഴിലാളികൾ അറിഞ്ഞു. അവർ മഹാരാജാവിന്റെ സംരക്ഷണത്തിനായി വെള്ളത്തിലിറങ്ങി നിന്നു. അങ്ങനെ ഗൂഢാലോചന പൊളിഞ്ഞു. കൃതജ്ഞതാ സൂചകമായി മഹാരാജാവ് മത്സ്യത്തൊഴിലാളികൾക്ക് ചില പ്രത്യേക അവകാശങ്ങൾ നൽകി. ചില പാരിതോഷികങ്ങളും നൽകി. അവരുടെ പിൻഗാമികൾ ഇന്നും ആറാട്ട് സമയത്ത് ജലത്തിൽ ഇറങ്ങി നിന്ന് ഭഗവാനും മഹാരാജാവിനും കാവലാകുന്നു. 

ശംഖുംമുഖത്തെ ആറാട്ടു മണ്ഡപത്തിലാണ് വാഹനങ്ങൾ ഇറക്കി വയ്ക്കുന്നത്. തന്ത്രിമാരാണ് പുണ്യാഹം തളിച്ച് ബിംബശുദ്ധി വരുത്തുന്നത്. പൂജകൾക്ക് ശേഷം മൂന്ന് പെരിയ നമ്പിമാർ ഗരുഡവാഹനത്തിൽ നിന്നും വിഗ്രഹങ്ങൾ എടുത്തു മാറ്റുന്നു. തുടർന്ന് പെരിയ നമ്പിയും തെക്കേടത്ത് നമ്പിയും തിരുവമ്പാടി നമ്പിയും തന്ത്രിക്കൊപ്പം സമുദ്രത്തിലേക്ക് വിഗ്രഹങ്ങൾ എഴുന്നളളിക്കുന്നു. മഹാരാജാവും ഇതിൽ പങ്കെടുക്കും. ബിംബ ധാരികളായ മൂന്ന് നമ്പിമാരെയും ശംഖധാരിയായ തന്ത്രിയെയും ഒരു കൂട്ടം പുരോഹിതൻമാർ സമുദ്രത്തിൽ വലയം ചെയ്തു നിൽക്കുന്നു. ഇവർക്ക് ചുറ്റുമാണ് പരമ്പരാഗത ധീവരന്മാരുടെ വള്ളങ്ങൾ അണി നിരക്കുന്നത്. മുമ്പ് ആറാട്ടിന് വള്ളങ്ങൾ അയക്കാനുള്ള ചുമതല മിറാൻഡ എന്ന എൺപതുകാരനായിരുന്നു. അന്ന് മഹാരാജാവിന്റെ സംരക്ഷണമായിരുന്നു ഇവരുടെ ലക്ഷ്യമെങ്കിൽ ഇപ്പോൾ പൊതുവായ സംരക്ഷണമാണ് ലക്ഷ്യം. കടലിന്റെ സ്വഭാവം ആരെക്കാളുമധികം അറിയാവുന്നത് മത്സ്യത്തൊഴിലാളികൾക്കാണ്. 

നിമജ്ജന സമയത്ത് സമുദ്രത്തിന് ഒരു മഹാതീർത്ഥത്തിന്റെ വിശുദ്ധി കൈവരുന്നതായാണ് വിശ്വാസം. ഇതേ സമയത്ത് നിരവധി ഭക്തർ സമുദ്ര സ്നാനം ചെയ്യാറുണ്ട്. ഇവർക്കെല്ലാം ലഭിക്കുന്ന അനുഗ്രഹം മത്‌സ്യതൊഴിലാളികൾക്കും ലഭിക്കുന്നു. ശ്രീപത്മനാഭനെ സംരക്ഷിക്കുന്ന ഇതേ മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ പ്രളയ കാലത്ത് കേരളം രക്ഷിക്കാൻ ഇറങ്ങിയത്. ശ്രീപത്മനാഭ സ്വാമി ആറാട്ടിന് എഴുന്നള്ളുന്ന വള്ളകടവ് പ്രദേശത്തെ  സഹോദരങ്ങൾ ഭഗവാന് നൽകുന്ന ഭക്തി നിർഭരമായ സ്വാഗതം ലോകത്തിന് മുഴുവൻ മാതൃകയാണ്. ശ്രീപത്മനാഭസ്വാമിയുടെ ആറാട്ട് ഭക്തിനിർഭരമായ ഒരു അനുഷ്ഠാനം മാത്രമല്ല മതേതര കേരളത്തിന്റെ വിളംബരഗീതം കൂടിയാണ്. 

– പി എം ബിനുകുമാർ, +919447694053   

ഫോട്ടോ: ദേവാനന്ദ് ദേവ 

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?