Wednesday, December 10, 2025
Wednesday, December 10, 2025
Home » കൈവിഷദോഷം എന്താണ്?

കൈവിഷദോഷം എന്താണ്?

by NeramAdmin
0 comments

മന്ത്രം ചെയ്ത് അന്നപാനാദികളിലൂടെ ശരീരത്തിനുള്ളിലേക്ക് കടത്തുന്ന രാസവസ്തുക്കളാണ് കൈ വിഷം. ആഹാരപദാര്‍ത്ഥങ്ങളിലൂടെ, പാനീയങ്ങളിലൂടെ, ഭസ്മത്തിലൂടെയെല്ലാം കൈവിഷപ്രയോഗം നടത്താറുണ്ടെന്ന് വിശ്വസിക്കുന്നു. പലഹാരത്തിലോ പഴത്തിലോ മറ്റേതെങ്കിലും ആഹാരത്തിലോ ചേര്‍ത്താണ് ചില ദുഷ്ടർ സൂത്രത്തിൽ ഇത് നല്‍കുന്നത്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കിയാണ്  മന്ത്രബദ്ധമായ  കൈവിഷം നല്‍കുന്നത്. ആഹാരസാധനങ്ങളിൽ വെച്ചു കൊടുക്കുന്നത്, തലയിണയ്ക്കടിയില്‍ വയ്ക്കാവുന്നത്, മന്ത്രം ജപിച്ചൂതി കൊടുക്കുന്നത് തുടങ്ങി പലതരം കൈവിഷങ്ങളുണ്ട്. വശ്യം, ലാഭം, അടിപ്പെടുത്തല്‍, ദ്രോഹം തുടങ്ങി പലതിനും ഇതുണ്ട്. ഇത് ഏത് വ്യക്തിയില്‍ പ്രവേശിക്കുന്നുവോ ആ വ്യക്തിയുടെ മാനസിക ശാരീരിക ബൗദ്ധിക തലങ്ങളില്‍ പ്രത്യാഘാതമുണ്ടാക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഉദ്ദിഷ്ടകാര്യലാഭത്തിനും വശീകരണത്തിനും മാനസികമായി ഒരു വ്യക്തിയെ കീഴ്‌പ്പെടുത്തുന്നതിനും ക്ഷുദ്ര കർമ്മങ്ങളിൽ താല്പര്യമുള്ളവർ ഇത് ഉപയോഗിക്കുന്നു. 

ഉന്മാദം, മാനസികവിഭ്രാന്തി, കരള്‍, പിത്താശയം അഗ്‌നേയഗ്രന്ഥി എന്നീ അവയവങ്ങള്‍ക്ക് കൈവിഷപ്രയോഗത്താല്‍ തകരാറുണ്ടാകാം. ചില വിഷപ്രയോഗങ്ങള്‍ ത്വക്കിനും അസ്ഥിക്കും പ്രശ്‌നങ്ങളുണ്ടാക്കി കണ്ടിട്ടുണ്ട്. ഏറ്റവും ദുഷ്ടഹൃദയര്‍ മാത്രം ചെയ്യുന്ന കുടില തന്ത്രങ്ങളിലൊന്നാണ് കൈവിഷപ്രയോഗം. ദഹനേന്ദ്രിയ വ്യവസ്ഥയിലെ എന്‍സൈമുകള്‍ക്ക്(രാസത്വരകങ്ങള്‍) കൈവിഷത്തെ ദഹിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ അവ വളരെക്കാലം കുടലില്‍ പറ്റിച്ചേര്‍ന്നുകിടന്ന് കാര്യമായ ശല്യങ്ങളുണ്ടാക്കും എന്ന് കരുതുന്നു. പ്രതിമന്ത്രവാദത്താലുംഔഷധത്താലും ഛര്‍ദ്ദിപ്പിച്ചുകളയുന്നതുവരെ  ശമിക്കാത്ത അസ്വസ്ഥതകളുണ്ടാക്കി ആ സാധനം ഉദരത്തില്‍ സ്ഥിതിചെയ്യും. കടുകുമണിയോളമുള്ള കൈവിഷം  വയറ്റില്‍ പറ്റിപ്പിടിച്ചു കിടന്നു വളരും. ഇതാണ് കൈവിഷത്തെക്കുറിച്ചുള്ള വിശ്വാസം.

കൈവിഷദോഷശാന്തിക്ക് നിരിധി മാര്‍ഗ്ഗങ്ങള്‍ ആചാരങ്ങളിൽ നിര്‍ദ്ദേശിക്കുന്ന. പഞ്ചഗവ്യഘൃതം സേവിക്കുകയാണ് ഒരു പ്രധാന മാര്‍ഗ്ഗം. നീല കണ്ഠത്ര്യക്ഷരിമന്ത്രം ജപിച്ച് ശക്തിവരുത്തിയ ഘൃതമാണ് വിധിപ്രകാരം  സേവിക്കേണ്ടത്.  കൈവിഷദോഷശാന്തിക്കായി കദളിപ്പഴവും ജപിച്ചു സേവിക്കുന്ന പതിവുണ്ട്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കു സമീപംതെക്കുംമുറി പഞ്ചായത്തിലെ 
തിരുവിഴ ക്ഷേത്രത്തില്‍ കൈവിഷദോഷശാന്തിക്ക് ചികിത്സയുള്ളത് പ്രസിദ്ധമാണ്.  സ്വയം ഭൂവായ ശിവലിംഗമാണ് മുഖ്യപ്രതിഷ്ഠ. വിഷ്ണുവും യക്ഷിയും കൂടിയുണ്ട്. ഇവിടെ മാത്രം കാണുന്ന ഒരു ചെറുചെടിയായ ബ്രഹ്മി സമൂലം ഇടിച്ചു പിഴഞ്ഞു നീരെടുത്ത് പാലില്‍ ചേര്‍ത്ത് ഒരു ഓട്ടുമൊന്തയിലാക്കി പന്തീരടിസമയത്തു പൂജിച്ച് രോഗിക്ക് നല്‍കുന്നു. പഞ്ചസാരയിടാതെയും കാച്ചാതെയും എടുക്കുന്ന ശുദ്ധമായ നാഴി പശുവിന്‍പാലില്‍ ഒരു തുടം മരുന്ന് നീരാണ് ചേര്‍ക്കുന്നത്. ദക്ഷിണനല്‍കി മരുന്ന് വാങ്ങി ആനപ്പന്തലില്‍ ദേവന് അഭിമുഖമായിരുന്നാണ് മരുന്ന് സേവിക്കേണ്ടത്. ഒറ്റയിരുപ്പില്‍ അതു കുടിച്ചശേഷം  ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്യുന്നു.

ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്നും  ചെറുചൂടുവെള്ളവും നല്‍കും. ചിലര്‍ ഒന്നു രണ്ടു പ്രദക്ഷിണംകഴിയുമ്പോഴേക്കും ഛര്‍ദ്ദിച്ചു തുടങ്ങും. ശക്തിയേറിയ കൈവിഷബാധയേറ്റവര്‍ പലവട്ടം പ്രദക്ഷിണം  ചെയ്തശേഷം മാത്രമേ ഛര്‍ദ്ദിക്കുകയുള്ളൂ എന്നാണ് വിശ്വാസം. എന്തായാലും മരുന്നു സേവിച്ച ഏവരും നിശ്ചിതസമയത്തിനുള്ളില്‍ കഠിനമായി ഛര്‍ദ്ദിക്കും. ഉള്ളിലുള്ള വിഷാംശങ്ങള്‍ പൂര്‍ണ്ണമായും പുറത്തുപോകുന്നതോടെ ഛര്‍ദ്ദില്‍ നില്‍ക്കും. ഉച്ച പൂജയ്ക്ക് നേദിക്കുന്ന പാല്‍പ്പായസമോ ചോറോ കഴിച്ചശേഷം രോഗികള്‍ക്ക് മടങ്ങിപ്പോകാം. 

മരുന്നു സേവിക്കാന്‍ തലേ ദിവസം വൈകിട്ട് ഏഴുമണിക്കുമുമ്പുതന്നെ ക്ഷേത്രത്തിലെത്തണം.  തനിച്ചു വരുന്നവര്‍ക്ക് മരുന്നു നല്‍കില്ല. മരുന്നു സേവാദിവസവും തലേന്നാളും ലഹരിയും മത്സ്യമാംസാദികളും ഉപയോഗിക്കാന്‍ പാടില്ല. ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ മരുന്നു സേവിക്കാന്‍ പാടില്ല. ഇതൊക്കെയാണ് മരുന്നുസേവയുമായി ബന്ധപ്പെട്ട വിധികള്‍. മരുന്നുസേവ കഴിഞ്ഞ് ഒരാഴ്ചയെങ്കിലും ലഹരിയും മറ്റും ഉപേക്ഷിച്ച് പത്ഥ്യാഹാരങ്ങളോടെ കഴിയണം.  സ്വന്തം ആരോഗ്യാവസ്ഥ ഉറപ്പാക്കിയ ശേഷമേ ഈ മരുന്നു സേവയ്ക്ക് മുതിരാവൂ. 

– ജ്യോത്സ്യൻ വേണു മഹാദേവ്

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?