Wednesday, December 10, 2025
Wednesday, December 10, 2025
Home » അത്ഭുതകരമായ വളർച്ചയ്ക്ക് ഒരു എളുപ്പവഴി

അത്ഭുതകരമായ വളർച്ചയ്ക്ക് ഒരു എളുപ്പവഴി

by NeramAdmin
0 comments

പലതരത്തിലുള്ള പൂജകളും പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ടും വീട്ടിൽ ദുരിതങ്ങള്‍ ഒഴിയാതിരിക്കുക, മംഗളകര്‍മ്മങ്ങള്‍ യഥാസമയം നടക്കുന്നതിന്  തടസം നേരിടുക, എത്ര പ്രയത്‌നിച്ചാലും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാതിരിക്കുക തുടങ്ങിയവ മിക്ക കുടുംബങ്ങളിലെയും പ്രശ്നമാണ്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ്   ആ കുടുംബത്തിന്റെ ഭദ്രകാളീബന്ധം വെളിപ്പെടുക. കാവിലമ്മയായും കളരിമൂര്‍ത്തിയായും കുടുംബദേവതയായും ദേശദേവതയായും കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയാണ് ഭദ്രകാളി. അതിനാൽ തീർച്ചയായും  നമ്മുടെ പൂര്‍വ്വികര്‍ക്ക് ഭദ്രകാളീബന്ധം ഉറപ്പാണ്. ഈ പൂര്‍വ്വികര്‍ നടത്തിയിരുന്ന ഉപാസകള്‍ക്ക് പില്‍ക്കാലത്ത് ലോപം സംഭവിച്ചതാണ്    ദുരിതങ്ങൾക്ക് കാരണം. പൂര്‍വ്വികര്‍ നടത്തി വന്ന ഉപാസനകള്‍ കൃത്യമായി തുടരാന്‍ കഴിയാതിരിക്കുക, പൂര്‍വ്വികര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രസാദിപ്പിച്ചിരുന്ന ദേവതയെ പിന്‍തലമുറ അവഗണിക്കുക, ഭദ്രകാളിയെ ഭാവസ്വരൂപാദികള്‍ മാറ്റി ഭുവനേശ്വരിയായും വനദുര്‍ഗ്ഗയായും മറ്റും പ്രതിഷ്ഠിക്കുക തുടങ്ങിയവയെല്ലാം  ദുരിത കാരണമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അതുപോലെ, ദേവിയുടെ സമ്പത്തിന്റെ ഒരംശമെങ്കിലും സ്വന്തം സമ്പത്താക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതും ദുരിതങ്ങള്‍ക്ക് കാരണമാകും. 

ഏതെങ്കിലും തരത്തില്‍ പൂര്‍വ്വബന്ധമുള്ള  ഭക്തരെ അമ്മ കാത്തിരിക്കും എന്ന് വിശ്വാസമുണ്ട്. അങ്ങനെ വരുമ്പോൾ പൂര്‍വ്വികര്‍ ഏതെങ്കിലും തരത്തില്‍ ഉപാസിച്ചിരുന്ന ദേവതയെ പിന്‍തലമുറയില്‍പ്പെട്ടവരും ഉപാസിച്ചാല്‍ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ ഉപാസനാപുണ്യം  തലമുറയായി കൈമാറി വരുന്നതാണ്.  പൂര്‍വ്വബന്ധമുള്ള ദേവതാ ചൈതന്യത്തെ പിന്‍തലമുറിയില്‍പ്പെട്ടവര്‍ അവഗണിക്കുമ്പോഴാണ് ദുരിതങ്ങള്‍ കൂടുന്നത്. ഭദ്രകാളിയുമായി പൂര്‍വ്വബന്ധമുള്ളവരാകും മിക്കവരും. ദേശദേവതയായിത്തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഭദ്രകാളീക്ഷേത്രങ്ങളുണ്ടല്ലോ. ആ ദേശത്തില്‍ കുടുംബവും വേരുകളുമുള്ളിടത്തോളംകാലം ഭദ്രകാളീപ്രീതി അനിവാര്യമാണ്.നമ്മുടെ പൂര്‍വ്വ പരമ്പരയിയിൽ എവിടെയോ ഉണ്ടായിരുന്ന ഒരു അമ്മ, അല്ലെങ്കില്‍ അമ്മമാര്‍, അല്ലെങ്കില്‍ പൂര്‍വ്വ പിതാക്കന്മാര്‍; ഇവര്‍ പ്രാര്‍ത്ഥിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത ഒരു ദേവതാശക്തിയെ തലമുറകള്‍ക്കുശേഷം ആ പരമ്പരയിലെ ഒരാള്‍ പ്രാര്‍ത്ഥിച്ചു പ്രസാദിപ്പിച്ചാല്‍ കൈവരുന്ന അനുഗ്രഹം അത്ഭുതകരമായിരിക്കും. ആ ദേവത നമ്മെ കാത്തിരിക്കയാവും എന്നാണു വിശ്വാസം. ദീര്‍ഘകാലമായി കാണാതിരുന്ന മകനെ കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ സന്തോഷം പോലെ ഇവിടെ ദേവിയുടെ അനുഗ്രഹം പ്രവഹിക്കുന്നു. ഇത്തരത്തില്‍ ഭദ്രകാളിയുമായി പൂര്‍വ്വബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഭദ്രകാളിയെ ഇഷ്ടദേവതയായും ദേശദേവതയായും ആരാധിക്കുന്നതിനും ഏറ്റവും പ്രയോജനപ്രദമായ  ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.


ഭൂമിയിലെ ദേവതാസാന്നിധ്യം

ഒരുകാലത്ത് കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ പരക്കെ പാരായണം ചെയ്യപ്പെട്ടിരുന്ന ഗ്രന്ഥമായിരുന്നു ഭദ്രകാളീമാഹാത്മ്യം. ഇന്നും പല ക്ഷേത്രങ്ങളിലും ധര്‍മ്മദേവതാസ്ഥാനങ്ങളിലും ഇതു തുടരുന്നുമുണ്ട്. ഇതിലെ ദിവ്യവും അതിശക്തവുമായ സ്‌തോത്രങ്ങള്‍ വീടുകളില്‍ സന്ധ്യാസമയത്ത് ജപിക്കുന്ന പതിവുമുണ്ടായിരുന്നു. ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം പോലെ വിശിഷ്ടമാണ് ഭദ്രകാളീമാഹാത്മ്യം ഒന്‍പതാം അദ്ധ്യായം ഒന്നു മുതല്‍ ഇരുപത്തൊന്‍പതുവരെയുള്ള    ശ്ലോകങ്ങളടങ്ങിയ സ്തുതി. പൂര്‍വ്വികമായ ദോഷങ്ങള്‍ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും ഐശ്വര്യത്തിനുമായി ആര്‍ക്കും ജപിക്കാവുന്ന സ്‌തോത്രമാണിത്. ധര്‍മ്മദേവതാക്ഷേത്രങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യിച്ചിരുന്നതും ഒരുകാലത്ത് പതിവായിരുന്നു. ഇത്തരം ഉപാസനകള്‍ തുടര്‍ന്നാല്‍ ജീവിതത്തിലും കുടുംബത്തിലും അതിവേഗമാണ് മാറ്റങ്ങളുണ്ടാവുക.


ഏറ്റവും വിശ്വാസവും ആത്മബന്ധവുമുള്ള പ്രിയക്ഷേത്രത്തിലെ ഭദ്രകാളിയെ തീവ്രമായി മനസ്സില്‍ ഭാവന ചെയ്ത് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യുകയോ അതിലെ സ്‌തോത്രങ്ങള്‍ എല്ലാ ദിവസവും ജപിക്കുകയോ ചെയ്യുക. അതിന് പറ്റുന്നില്ലെങ്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപിക്കാം. പുരോഗതിക്കു പ്രതിബന്ധമായി നില്‍ക്കുന്ന പല ദോഷങ്ങളും ഉപദ്രവങ്ങളും പെട്ടെന്ന് ഇല്ലാതാകും. കരുത്തിന്റെ പ്രതീകമായ ഭദ്രകാളി തടസ്സങ്ങളെയും ബാധോപദ്രവങ്ങളെയുമൊക്കെ അതിശക്തമായി തട്ടിത്തകര്‍ക്കുന്നവളാണ്. മനസ്സുരുകി, ഭക്തിപൂര്‍വ്വം അമ്മയെ സ്തുതിച്ചാല്‍ മതി. ഇത്തരത്തിൽ അത്ഭുതകരമായ വളർച്ച നേടുന്ന കുടുംബങ്ങൾ നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാൽ ധാരാളം കാണാൻ കഴിയും. എന്നാൽ  ഇക്കാലത്ത് പലര്‍ക്കും തങ്ങളുടെ ധര്‍മ്മദൈവം ഏതാണെന്നു പോലും അറിയില്ല. ധര്‍മ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധര്‍മ്മദൈവാരാധന നടത്തണമെന്നോ അറിയില്ല.

മൂലകുടുംബത്തില്‍നിന്നു വേര്‍പെട്ട് വിവിധ പ്രദേശങ്ങളിലും വിദേശത്തും മറ്റും താമസമുറപ്പിച്ചിട്ടുള്ളവര്‍ക്ക് യഥാവിധി ധര്‍മ്മദൈവാരാധന നടത്തുന്നതിനും കഴിയുന്നില്ല. അവര്‍ക്കും ഭദ്രകാളിയെ ആരാധിക്കുന്നതിന് ഏറ്റവും  നല്ല ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.സംസ്‌കൃത അദ്ധ്യാപകനായിരുന്ന പ്രൊഫ. കെ. വാസുദേവനുണ്ണി  മലയാളത്തിൽ പരിഭാഷ ചെയ്തഭദ്രകാളി മാഹാത്മ്യം അതിവിശിഷ്ടമാണ്.

ALSO READ


ഭദ്രകാളിയെ കുടുംബ ദേവതയായി ആരാധിക്കുന്നവർക്ക് ഒഴിവാകാൻ പറ്റാത്ത ഈ കൃതി മൂലവും മലയാള ഗദ്യപരിഭാഷയും സഹിതം സമ്പൂർണ്ണമാണ്. ഭദ്രകാളിയുടെ ആരാധനാവിധികൾ, ധർമ്മ ദൈവമായി ഭദ്രകാളിയെ ആരാധിക്കുന്നതിന്റെ വിശദാംശങ്ങൾ, ജോതിഷപരമായ പ്രാധാന്യം, ഭദ്രകാളിയെ ആരാധിച്ചവരുടെ അത്ഭുതകരമായ അനുഭവങ്ങൾ ഇതെല്ലാം ഈ കൃതിയിലുണ്ട്. കൊച്ചി, സപര്യ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ വില 320 രൂപ. (ഫോൺ–0484–2577007
മൊബൈൽ–8547515253)

– ദേവനാരായണന്‍ നമ്പൂതിരി

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?