Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗുരുവായൂരപ്പന് ഇപ്പോൾ സ്വർണ്ണക്കോലം; പൊന്നുരുളിയിൽ നിവേദ്യം

ഗുരുവായൂരപ്പന് ഇപ്പോൾ സ്വർണ്ണക്കോലം; പൊന്നുരുളിയിൽ നിവേദ്യം

by NeramAdmin
0 comments

വൈകുണ്ഠനാഥന്റെ ഭൂലോക സന്നിധിയായ ഗുരുവായൂര്‍ ഉത്സവത്തിന്റെ ലഹരിയിലാണ്. മാർച്ച് 6 വെള്ളിയാഴ്ച പൂയം നക്ഷത്രത്തിൽ, രാത്രി 8.55 ന് ക്ഷേത്ര തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് സ്വർണ്ണ കൊടിമരത്തിൽ ഏഴുനിറത്തിലുള്ള കൊടിയേറ്റിയതോടെയാണ് ഉത്സവങ്ങളുടെ ഉത്സവമായ 10 ദിവസത്തെ ഗുരുവായൂർ തിരുവുത്സവത്തിന്  തുടക്കമായത്. ആനയോട്ടവും കൊടിയേറ്റും കഴിഞ്ഞാൽ അവസാനത്തെ 3 ദിവസങ്ങളിലെ ഉത്സവബലിയും പള്ളിവേട്ടയും ആറാട്ടുമാണ്  ഗുരുവായൂർ തിരുവുത്സവത്തിലെ സുപ്രധാന ആഘോഷങ്ങൾ.

കൊടിയേറ്റിക്കഴിഞ്ഞാല്‍ രണ്ടാം ദിവസത്തെ ഉത്സവം തൊട്ട് ശ്രീഭൂതബലിക്ക് സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ദര്‍ശനം ലഭിക്കുന്നത് ഭക്തര്‍ക്ക് അവാച്യമായ അനുഭൂതിയാണ്.  വീരാളിപ്പട്ട് വിരിച്ച സ്വര്‍ണ്ണമണ്ഡപത്തില്‍ ശ്രീ ശങ്കരാചാര്യര്‍ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച പുണ്യസ്ഥാനത്താണ് രാത്രിയില്‍ ഭഗവാനെ എഴുന്നെള്ളിച്ചിരുത്തുന്നത്. ചുറ്റും കര്‍പ്പൂരദീപം തെളിയിച്ച് അഷ്ടഗന്ധ പ്രപഞ്ചത്തില്‍ 3 മണിക്കൂര്‍ തായമ്പകയുടെ തരംഗങ്ങള്‍ നിറവ് തീർക്കും. രാവിലത്തെ ശ്രീഭൂത ബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃകകള്‍ക്ക് ബലിതൂവുന്ന സമയത്ത് ഭഗവാന്‍ സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ ഉപവിഷ്ടനായി വണങ്ങാനെത്തുന്ന ദേവഗണങ്ങള്‍ക്ക് ദര്‍ശനം നല്കുന്നു എന്നാണ് വിശ്വാസം. ഉത്സവബലി (മാർച്ച് 13 ) വരെ ഇങ്ങനെ ഗുരുവായൂരപ്പന്റെദര്‍ശനം ദേവഗണങ്ങള്‍ക്കും ഭക്തര്‍ക്കും ഒരുപോലെ ലഭിക്കുന്നു.

ഉത്സവത്തിന് എട്ടു ദിവസം  മുന്നേ കലശം തുടങ്ങിയാല്‍ ഗുരുവായൂരപ്പന് പൊന്നുരുളിയിലാണ് നിവേദ്യം സമര്‍പ്പിക്കുന്നത്. ഉത്സവം കഴിയുന്നതുവരെ പൂജാപാത്രങ്ങള്‍ മുഴുവനും സ്വര്‍ണ്ണത്തിലുള്ളതാണ്. പുപ്പാലിക, രണ്ട് കിണ്ടി, കൊടിവിളക്ക്, ധൂപക്കുറ്റി, ചന്ദനയോടം, ശംഖ് എന്നിവ ഇതില്‍പ്പെടുന്നു. കൂടാതെ ഉത്സവത്തിന്റെ അഞ്ചാം ദിവസം  മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കാന്‍ പുറത്തെടുക്കുന്നു. മുരളി ഊതി നില്ക്കുന്ന ഉണ്ണികൃഷ്ണനും, ചുറ്റുഭാഗത്ത് വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, സ്വര്‍ണ്ണപ്പൂക്കളും ഘടിപ്പിച്ചിട്ടുള്ളതാണ് ഈ കോലം. ഉത്സവത്തിന് മാറ്റ് കൂട്ടുന്ന ഒരിനമാണ് സ്വര്‍ണ്ണക്കോലം എഴുന്നള്ളത്ത് . ശ്രീഭൂതബലിക്ക് ക്ഷേത്രത്തിനകത്ത് തെക്കെ തിരുമുറ്റത്ത് പ്രത്യേകമായലങ്കരിച്ച സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ ഭഗവാന്റെ ശീവേലിത്തിടമ്പ് എഴുന്നെള്ളിച്ച് വയ്ക്കുന്നു. ഈ സമയം തെക്കുവശം സപ്തമാതൃകളുടെ ബലിക്കല്ലുകളില്‍ ഹവിസ്‌സ് തൂവുകയും ചെയ്യുന്നു. ഈ അവസരത്തില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ ഭഗവാനെ ആരാധന നടത്തുന്നു എന്നാണ് സങ്കല്‍പം. ഭഗവാന്റെ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.വൈകിട്ട് പതിവിലും നേരത്തെ ശ്രീഭൂത ബലി വടക്കേനടയിലാണ് എഴുന്നെള്ളിച്ച് വയ്ക്കുക. വിളക്കിന്റെ ആചാരക്രമമനുസരിച്ച് പാണി പ്രദക്ഷിണത്തോടെയാണ് ശ്രീഭൂത ബലി എഴുന്നെള്ളിച്ച് വയ്ക്കുന്നത്. ഇതിനു മുന്നില്‍ തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കുന്നു.

തുടര്‍ന്ന് പാണിപ്രദക്ഷിണത്തിന് ശേഷം വിളക്കിന് എഴുന്നെള്ളിക്കുന്നു.സാധാരണ ദിവസങ്ങളിലെ ചടങ്ങുകളില്‍ തൃപ്പുക ഉത്സവകാലത്ത് പതിവില്ല. പതിവിലും നേരം വൈകി എഴുന്നെള്ളിപ്പ് അവസാനിക്കുന്നതിനാലാണിത്.
ഉത്സവദിവസങ്ങളിലെ ശ്രീഭൂതബലിക്ക് ഭഗവാനോടൊപ്പം ഓടാന്‍ ഭക്തര്‍ക്ക്അവസരം ലഭിക്കുന്നത് മറ്റൊരു വിശേഷമാണ്. ഉത്സവ ദിസങ്ങളില്‍ രാവിലെയും രാത്രിയും ശ്രീഭൂതബലിക്ക് ഓട്ടപ്രദക്ഷിണമുണ്ട്. ഓടുന്ന ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന ഭഗവാനോടൊപ്പമാണ്  ഭക്തര്‍ ഓടുന്നത്. രാവിലെ 11 മണിക്കാണ് ശ്രീഭൂതബലി. രാത്രി 8 മണിക്കും. ഇതിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ് ഓട്ടം. ഭൂതഗണങ്ങള്‍ക്ക് അന്നം നല്കുമ്പോള്‍ മേല്‍നോട്ടം വഹിക്കുവാന്‍ ഗുരുവായൂരപ്പന്‍ എഴുന്നെള്ളുന്നു എന്നാണ് ഇതിന്റെ സങ്കല്പം. ഒറ്റശ്വാസത്തില്‍ ക്ഷേത്രം പ്രദക്ഷിണം വച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം. ഇതിന് ഹവിസുമായി ഓതിക്കൽ ശരവേഗത്തില്‍ ഓടും പിന്നാലെ ആനപ്പുറത്ത് ഭഗവാനും. ആനയുടെ മുമ്പിലും പിന്നിലുമായി നാരായണമന്ത്രം ഉരുവിട്ട് നിരവധി ഭക്തരും ഓടും.

– ബാലകൃഷ്ണന്‍ ഗുരുവായൂര്‍

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?