Wednesday, December 10, 2025
Wednesday, December 10, 2025
Home » ചന്ദ്രനെ നോക്കിയുള്ള പ്രാര്‍ത്ഥന പെട്ടെന്ന് ഫലിക്കുന്നത് ഇത് കൊണ്ട്

ചന്ദ്രനെ നോക്കിയുള്ള പ്രാര്‍ത്ഥന പെട്ടെന്ന് ഫലിക്കുന്നത് ഇത് കൊണ്ട്

by NeramAdmin
0 comments

കറുത്തവാവും വെളുത്തവാവും സംഭവിക്കുന്നതിന് കാരണമായി ദക്ഷപ്രജാപതിയുമായി ബന്ധപ്പെടുത്തി ഒരു പുരാണ കഥയുണ്ട്. ദക്ഷന്റെ  ശാപം കാരണമാണ് ചന്ദ്രന് വൃദ്ധിക്ഷയങ്ങൾക്ക് സംഭവിക്കുന്നത് എന്ന് വിവരിക്കുന്ന ആ ഐതിഹ്യം ഇങ്ങനെ: 


ദക്ഷപ്രജാപതിയുടെ 27 പുത്രിമാരാണ് അശ്വതി, ഭരണി തുടങ്ങിയ 27 നക്ഷത്രങ്ങള്‍. ഇവരെ ദക്ഷന്‍ ചന്ദ്രന് വിവാഹം കഴിച്ചു കൊടുത്തു. പക്ഷേ രോഹിണിയോട് മാത്രമേ ചന്ദ്രന് ശരിയായ പ്രേമം, ഉണ്ടായുള്ളൂ, അതില്‍ മറ്റ് ഭാര്യമാർ ദുഃഖിതരായി. അവര്‍ പിതാവിനെ കണ്ട്  ചന്ദ്രന്റെ പക്ഷപാതം അറിയിച്ചു. ദക്ഷന്‍ ചന്ദ്രനെ പല തവണ ഉപദേശിച്ചെങ്കിലും ഫലം ഉണ്ടായില്ല. ചന്ദ്രൻ ക്ഷയിച്ചു പോകട്ടെ എന്ന് കോപാകുലനായ ദക്ഷന്‍ ശപിച്ചു. സദാ ശോഭയോടെ നിന്ന ചന്ദ്രന്‍  അതോടെ ക്ഷയിച്ച് ക്ഷയിച്ച്  അന്ധകാരത്തിലാണ്ടു.

ചന്ദ്രന്റെ അഭാവത്തില്‍ ഔഷധലതകളും മറ്റ് സസ്യങ്ങളും ക്ഷയിച്ചു. അപകടം മനസിലായ  ദേവന്മാര്‍ തപസ്വിയായ ദക്ഷനെ കണ്ട് വിവരം ധരിപ്പിച്ചു. സരസ്വതി നദിയില്‍ സ്‌നാനം ചെയ്താല്‍ ചന്ദ്രന്റെ പാപം മാറുമെന്നും അന്ധകാരത്തിലായ ചന്ദ്രന്റെ തേജസ് ഓരോ ദിവസവും കൂടിക്കൂടി വരുമെന്നും ദക്ഷന്‍ പറഞ്ഞു. മാസത്തില്‍ ഒരുദിവസം ചന്ദ്രന് പൂര്‍ണ്ണപ്രകാശവും തേജസും ലഭിക്കുമെന്നും അതിലൂടെ പ്രകൃതിയും ഔഷധലതകളും മറ്റും സംരക്ഷിക്കപ്പെടുമെന്നും ദക്ഷന്‍ അറിയിച്ചു. തുടർന്ന്  14 ദിവസം തേജസ്‌ കുറഞ്ഞു കുറഞ്ഞ് 15–ാം നാളില്‍ പൂര്‍ണ്ണക്ഷയം ഉണ്ടാകും.

അങ്ങനെ  ദക്ഷന്‍ ശാപം നിലനിര്‍ത്തിക്കൊണ്ട് നൽകിയ ശാപമോക്ഷം കാരണമാണ് അമാവാസിയും പൗര്‍ണ്ണമിയും ഉണ്ടാകുന്നത്.  കറുത്തവാവില്‍ വ്രതം പാലിച്ച് തീര്‍ത്ഥസ്‌നാനം നടത്തിയതിനാലാണ് ചന്ദ്രന് തുടര്‍ന്നുള്ള 15 നാളുകളില്‍ തേജസ്‌ ലഭിക്കുന്നത് എന്ന് സങ്കല്പം.

അമാവാസിയും പിതൃക്കളുമായുള്ള ബന്ധത്തിന് പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. ദക്ഷശാപത്താല്‍ ദുഃഖിതനായ ചന്ദ്രന്‍ ദക്ഷശത്രുവായ ശിവന്റെ പരമഭക്തനായി മാറി. ചന്ദ്രന്റെ ഭക്തിയില്‍ പ്രീതനായ ശിവന്‍ എന്ത് വരം വേണമെന്ന് ചോദിച്ചു. ദക്ഷന്റെ ശാപം കാരണമുുള്ള 15 ദിവസത്തെ ക്രമേണയുള്ള ക്ഷയവും അമാവാസിയിലെ പൂര്‍ണ്ണക്ഷയവും വളരെ അപമാനകരമാണെന്നും അതില്‍ നിന്നൊരു മോചനമാണ്  ആഗ്രഹിക്കുന്നതെന്നും ചന്ദ്രന്‍ പറഞ്ഞു. 

ഋഷിയും, തപസ്വിയും, ബ്രഹ്മപുത്രനുമായ ദക്ഷന്റെ ശാപം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയില്ലെന്ന് ശിവന്‍ അരുളിച്ചെയ്തു. എന്നാല്‍ തന്റെ പ്രിയതമ സതിയുടെ നാശത്തിനും വിയോഗത്തിനും കാരണക്കാരനായ ദക്ഷനോട്  തീർത്താലും തീരാത്ത വിരോധമുള്ള ശിവന്‍ ദക്ഷന്റെ ശാപം ചന്ദ്രന് അലങ്കാരമാകട്ടെ എന്ന് അനുഗ്രഹിച്ചു. എന്നിട്ട് ക്ഷയിച്ച് നില്ക്കുന്ന ചന്ദ്രന്റെ രൂപം അതായത്  ചന്ദ്രക്കല ശിവന്‍ ശിരസില്‍ ധരിച്ചു. ഇതുകണ്ട ഭദ്രകാളിയും ദുര്‍ഗ്ഗയും ഗണപതിയും ചന്ദ്രന്റെ അപൂര്‍ണ്ണരൂപത്തെ അലങ്കാരമായി ശിരസിലേറ്റി. ഇത് ചന്ദ്രന്റെ യശസ് ഉയര്‍ത്തി. 

ALSO READ

ചന്ദ്രനെ നോക്കി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ പെട്ടെന്ന് ഫലിക്കട്ടെ എന്നും  വെളുത്തപക്ഷത്തിലെ ചന്ദ്രനിലൂടെ ദേവകളെയും കറുത്തപക്ഷത്തിലെ ചന്ദ്രനിലൂടെ പിതൃക്കളെയും പ്രാര്‍ത്ഥിക്കട്ടെ എന്നും ശിവഭഗവാൻ  അരുളി ചെയ്തു. ചന്ദ്രന്റെ കറുത്ത അംശം പിതൃഭാഗമായും വെളുത്തഭാഗം ദേവഭാഗമായും കണക്കാക്കപ്പെടുമെന്നും വരം നല്കി. ഇതിലൂടെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഒരേപോലെ പവിത്രമായി അംഗീകരിക്കപ്പെട്ടു തുടങ്ങി.

കറുത്തപക്ഷം എന്ന 15 ദിനം പിതൃക്കളുടെ പകല്‍ സമയമാണ്. ഈ സമയം ചന്ദ്രമണ്ഡലത്തിലിരുന്ന് പിതൃക്കള്‍ തര്‍പ്പണം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ആചാരപരമായ എല്ലാ കാര്യങ്ങള്‍ക്കും പല കഥകളും ഐതിഹ്യങ്ങളും ഉണ്ടാകാം.ചന്ദ്രനും അമാവാസിയും പിതൃക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രധാന ഐതിഹ്യം ഇതാണെന്നു മാത്രം. 


– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?