Wednesday, December 10, 2025
Wednesday, December 10, 2025
Home » മേടത്തിലെ തിരുവാതിര ശങ്കരാചാര്യ ജയന്തി

മേടത്തിലെ തിരുവാതിര ശങ്കരാചാര്യ ജയന്തി

by NeramAdmin
0 comments

അജ്ഞാനത്തിന്‍റെ ഇരുളിൽ നിന്നും ഭാരതത്തെ പുനരുദ്ധരിച്ച ജഗദ്‌ഗുരു ആദി ശങ്കരാചാര്യരുടെ ജന്മദിനമായി  കേരളം കൊണ്ടാടുന്നത് മേടമാസത്തിലെ തിരുവാതിര നക്ഷത്രമാണ്.ശിവന്റെ അംശാവതാരമായി പ്രകീർത്തിക്കുന്ന ഈ ജ്ഞാനസൂര്യൻ അവതാരമെടുത്ത ദിവസം തത്വജ്ഞാനദിനമായി ആചരിക്കുന്നു. ഇത്തവണ2020 ഏപ്രിൽ 28 നാണ് ശങ്കര ജയന്തി.

വ്യാസനും വാല്മീകിക്കും ശേഷം ആദ്ധ്യാത്മിക  വളർച്ചയ്ക്ക് അപാരമായ സംഭാവന നല്കിയ പുണ്യാത്മാവാണ് ജഗദ്‌ഗുരു ശങ്കരാചാര്യർ. ജൈന, ബുദ്ധമതങ്ങൾ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച്  ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ച ശങ്കരൻ വേദാന്തത്തിലെ അദ്വൈത ചിന്തയുടെ വക്താവാണ്. അദ്വൈതത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ശങ്കരാചാര്യർ കേരളത്തിൽ കാലടിയിൽ  ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി  ജനിച്ചു. പിതാവിന്റെ വിയോഗ ശേഷം സന്ന്യാസിയായി മാറിയ ആചാര്യ സ്വാമികൾ 32 വയസ്സു വരെ മാത്രമാണ് ജീവിച്ചതെന്ന് അനുമാനിക്കുന്നു. 

മൂകാംബികയും ഗുരുവായൂരും ചോറ്റാനിക്കരയും  ഉൾപ്പടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി ശങ്കരനെ ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നു. ഭാരതമാകെ സഞ്ചരിച്ച്  തത്ത്വചിന്തകരുമായി ചർച്ചകളിലും തർക്കങ്ങളിലും ഏർപ്പെട്ട ജഗദ്ഗുരു മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. വിവേകചൂഢാമണി, മനീഷാപഞ്ചകം, ശിവാനന്ദ ലഹരി, സൗന്ദര്യ ലഹരി, ഭജഗോവിന്ദം, ഗണേശ പഞ്ചകം, ഹനുമദ് പഞ്ചകം, കനകധാരാ സ്തോത്രം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. 
ഇതിൽ കനകധാരാ സ്തോത്ര രചനയെക്കുറിച്ച്  ഒരു കഥയുണ്ട്. ഒരിക്കൽ  ജഗദ്ഗരു ഒരു ദരിദ്ര ഭവനം സന്ദർശിച്ച് അവിടെയുണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക വൃദ്ധ സ്വാമിക്ക് നൽകി. സംതൃപ്തനായ  ശങ്കരാചാര്യർ ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിച്ച് അപ്പോൾ രചിച്ചതാണ് കനകധാരാ സ്തോത്രം. ഈ സ്തുതിയിൽ പ്രസന്നയായ സാക്ഷാൽ ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ച് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി എന്നാണ് ഐതിഹ്യം.

കുടജാദ്രിയിലെ തപസിനൊടുവിൽ തന്റെ മുന്നിൽ പ്രത്യക്ഷയായ സരസ്വതി ദേവിയെ ചോറ്റാനിക്കരയിലേക്ക് ആനയിച്ചത് ശങ്കരാചാര്യരാണെന്നാണ് മറ്റൊരു ഐതിഹ്യം. യോഗബലത്തിലൂടെ ആകാശത്തിലൂടെ സഞ്ചരിക്കാൻ കഴിവുണ്ടായിരുന്ന ശങ്കരാചാര്യരാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ പൂജാക്രമങ്ങൾ ചിട്ടപ്പെടുത്തിയത്.  ഒരു മണ്ഡലകാലം ഗുരുവായൂരിൽ ഭജനമിരുന്ന്ആചാര്യർ ക്രമപ്പെടുത്തിയ ആചാരങ്ങൾ തെല്ലും ലോപം വരാതെ ഇന്നും പാലിക്കുന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ അനുദിനമുള്ള ചൈതന്യ വർദ്ധനവിന് കാരണം. ക്ഷേത്രത്തിൽ  വടക്കേ നടയ്ക്ക് സമീപം ഇപ്പോൾ  ശങ്കരാചാര്യരുടെ പ്രതിമയുണ്ട്. ഇവിടെ വച്ചാണ് ആചാര്യർ  ഗോവിന്ദാഷ്ടകം രചിച്ചത്.
അദ്വൈത സിദ്ധാന്തം നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിന് ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിച്ചു. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. സ്വാമികൾ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ.

ശൃംഗേരിമഠത്തിലെ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന്  ഉണ്ടായിരിക്കും. ബ്രഹ്മചാരികള്‍  ചൈതന്യയായി അറിയപ്പെടും. യജുര്‍വേദമാണ് ശൃംഗേരിമഠത്തിലെ മുഖ്യവേദം. അഹം ബ്രഹ്മാസ്മിയാണ്  അവിടുത്തെ മഹാവാക്യം. 
ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിലെ സ്വാമിമാർ തീര്‍ത്ഥന്‍ എന്ന് അറിയപ്പെടുന്നു. ഈ മഠത്തിലെ ബ്രഹ്മചാരികളുടെ പേരിൽ സ്വരൂപ എന്ന് കാണും. തത്ത്വമസി യാണ്  മഹാവാക്യം. മുഖ്യ അദ്ധ്യയന ഗ്രന്ഥം സാമവേദമാണ്.

ബദരിയില്‍ സ്ഥാപിച്ചത് ജ്യോതിര്‍മഠ‍ം. ശ്രീമഠ‍ം എന്നും ഇത് അറിയപ്പെടുന്നു.  ഗിരി, പര്‍വ്വത, സാഗര എന്നിവയിലാണ് ഈ മഠത്തിലെ സന്യാസിമാരുടെ പേരുകൾ അവസാനിക്കുക. ബ്രഹ്മചാരികള്‍ആനന്ദന്മാരാണ്. അഭ്യാസ ഗ്രന്ഥം അഥര്‍വ്വവേദം. അയം ആത്മാ ബ്രഹ്മ എന്നതാണ് ഇവിടെ  മഹാവാക്യം.  

ALSO READ

കിഴക്ക് പുരിയിലാണ് ഗോവര്‍ദ്ധനമഠ‍ം. വനം, അരണ്യ എന്നിവയിലാണ് ഇവിടുത്തെ സന്ന്യാസിമാരുടെ നാമം അവസാനിക്കുക.  ബ്രഹ്മചാരികളുടെ പേരിൽ പ്രകാശം കാണും.മുഖ്യവേദം ഋഗ്വേദം. പ്രജ്ഞാനം ബ്രഹ്മ മഹാവാക്യം. 
ഈ നാലു മഠങ്ങൾ വഴി  ഭാരതത്തിന്റെ അദ്ധ്യാത്മിക  ശ്രേയസ്സിന് വേണ്ടതെല്ലാം ശങ്കരാചാര്യർ ചെയ്തു. അതോടെയാണ് ഇവിടെ ഹൈന്ദവ നവോത്ഥാനം സംഭവിച്ചത്. 

– അരവിന്ദ് ഗോപാൽ,

+91 8921709017

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?