Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രീകൃഷ്ണനെയും അപവാദത്തിൽ കുടുക്കിയ ശ്രീ ഗണേശ ശാപം

ശ്രീകൃഷ്ണനെയും അപവാദത്തിൽ കുടുക്കിയ ശ്രീ ഗണേശ ശാപം

by NeramAdmin
0 comments

വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടാൽ ആരായാലും അപമാന ദുഃഖം അനുഭവിക്കേണ്ടി വരും. തന്നെ പരിഹസിച്ച് ചിരിച്ച ചന്ദ്രനെ ഗണേശ ഭഗവാൻ ശപിച്ചതിന്റെ പരിണിതഫലമാണ് ഈ വിശ്വാസമെന്ന് ഐതിഹ്യങ്ങളിൽ പറയുന്നു. സാക്ഷാൽ ശ്രീകൃഷ്ണഭഗവാന് പോലും ഗണപതിയുടെ ശാപത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തുന്ന ഒരു കഥ പുരാണങ്ങളിലുണ്ട്. ശ്രീകൃഷ്ണൻ പക്ഷേ മന:പൂർവമല്ല ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥിയിൽ ചന്ദ്രനെ കണ്ടത്. അബദ്ധത്തിൽ സംഭവിച്ചതാണ്. എന്നിട്ടു പോലും കടുത്ത അപമാനം കൃഷ്ണന് നേരിട്ടു. സമ്പത്തിന്റെ ദേവനായ കുബേരൻ ഒരിക്കൽ ഒരു ചതുർത്ഥി നാളിൽ ഗണേശന് പിറന്നാൾ വിരുന്ന് ഒരുക്കി. സ്വാദിഷ്ടമായ വിഭവങ്ങളെല്ലാം ഗണേശൻ സസന്തോഷം ഭുജിച്ചു. രുചി പിടിച്ച് അമിതമായി കഴിച്ചതിനാൽ വയർ വീർത്ത് വീർത്ത് പൊട്ടും എന്ന അവസ്ഥ വന്നു. ഗണേശൻ ആകെ അസ്വസ്ഥനായി. കുടവയർ കാരണം ഗണേശന് നിൽക്കാനും ഇരിക്കാനും കുനിയാനുമൊന്നും കഴിയാതെയായി. വയറു വീർത്ത് ശ്വാസം മുട്ടി ഗണേശൻ വെപ്രാളപ്പെടുന്ന കാഴ്ച ആകാശത്തിരുന്ന് കണ്ട് ചന്ദ്രൻ പൊട്ടിപ്പൊട്ടി ചിരിച്ചു. ഒരിക്കലും ആരെയും നോവിക്കുകയും കളിയാക്കുകയുമൊന്നും ചെയ്യാത്ത ഗണേശന് ചന്ദ്രന്റെ പരിഹാസം ഇഷ്ടമായില്ല. വല്ലാതെ വിഷണ്ണനായ ഗണേശൻ സങ്കടം കൊണ്ട് സഹിക്കാൻ കഴിയാതെ ചന്ദ്രനെ ശപിച്ചു:ചിങ്ങമാസത്തിലെ
വെളുത്തപക്ഷ ചതുർത്ഥിയിൽ ആരും നിന്നെ നോക്കാതെ പോകട്ടെ. ഈ ശാപം ലംഘിച്ച് അഥവാ ആരെങ്കിലും അന്ന് നിന്നെ നോക്കിയാൽ വരുന്ന ഒരു വർഷത്തിനകം അവർ കടുത്ത അപമാന ദുഃഖം അനുഭവിക്കും.

ദ്വാരകയിൽ സൂര്യദേവന്റെ പരമഭക്തനായ സത്രാജിത്ത് എന്നൊരാളുണ്ടായിരുന്നു. ഇയാൾ തപസ് ചെയ്ത് സൂര്യ ഭഗവാനെ പ്രീതിപ്പെടുത്തി സ്യമന്തകം എന്ന ദിവ്യരത്നം സ്വന്തമാക്കി. ഈ രത്‌നം ഭക്ത്യാദരപൂർവം പൂജിക്കുന്നവർക്ക് ആവശ്യം പോലെ ധനവും സ്വർണവും ലഭിക്കുമെന്ന് വരവും നേടി. അങ്ങനെ സത്രാജിത്ത് സമൃദ്ധിയുടെ നടുവിൽ വാഴുന്നതിനിടയിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്ന ഈ രത്നമണിഞ്ഞ് ഒരിക്കൽ ദ്വാരകയിലെത്തി. കൂടിക്കാഴ്ചയ്ക്ക് ഇടയിൽ സ്യമന്തകം തന്റെ മാതുലൻ ഉഗ്രസേനൻ രാജവിന് കൊടുക്കുമോ എന്ന് കണ്ണൻ തമാശയ്ക്ക് ചോദിച്ചു. ഇത്ര വിശിഷ്ടമായ രത്നം സൂക്ഷിക്കേണ്ടത് രാജാക്കന്മാരാണെന്നു കൃഷ്ണൻ പറഞ്ഞു. സത്രാജിത്ത് ആ ആവശ്യം ചിരിച്ചു തള്ളി.

അടുത്തു വന്ന ചതുർത്ഥി നാളിൽ ഒരു സംഭവം ഉണ്ടായി. പത്നി രുഗ്മിണി സ്വർണ്ണത്തളികയിൽ വിളമ്പിയ പായസം ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ ആകാശത്തെ ചന്ദ്രന്റെ നിഴൽ പായസത്തിൽ തെളിഞ്ഞത് അബദ്ധത്തിൽ ശ്രീകൃഷ്ണന്റെ കണ്ണിൽ പെട്ടു. ബാലചന്ദ്രനെ അങ്ങനെ കണ്ടതിന്റെ കുഴപ്പം ഭഗവാൻ ഉടൻ തിരിച്ചറിഞ്ഞു. താനും ഗണേശന്റെ അപ്രീതിക്ക് പാത്രമായിരിക്കുന്നു. എന്തു ചെയ്യാൻ, അനുഭവിച്ചേ പറ്റൂ. വിധിയെ തടുക്കാൻ ബ്രഹ്‌മനും കഴിയില്ലല്ലോ.

ഈ സമയത്ത് സത്രാജിത്തിന്റെ സഹോദരൻ പ്രസേനൻ ഈ രത്നവുമണിഞ്ഞ് വനത്തിൽ നായാട്ടിന് പോയി. അവിചാരിതമായി ഈ രത്നപ്രഭയിൽ ആകൃഷ്ടനായ ഒരു സിംഹം പ്രസേനനെ ആക്രമിച്ചു. അയാൾ സിംഹത്തിന്റെ ക്രൗര്യത്തിന് കീഴപ്പെട്ടു. പ്രസേനനെ കൊന്ന് രത്നം കരസ്ഥമാക്കിയ സിംഹം അത് ഭക്ഷണമാണെന്ന് കരുതി ഗുഹയിൽ സൃക്ഷിച്ചു.

ത്രേതായുഗത്തിൽ ശ്രീരാമനെയും ഹനുമാനെയും സീതാന്വേഷണത്തിന് സഹായിച്ച ചിരഞ്ജീവിയായ ജാംബവാൻ ആ വനത്തിലുണ്ടായിരുന്നു. സിംഹത്തിന്റെ ഗുഹയിലെ പ്രകാശ സാഗരത്തിൽ ആകൃഷ്ടനായ ജാംബവാൻ സിംഹത്തെ വധിച്ച് സ്യമന്തക രത്നം സ്വന്തമാക്കി മകൾ ജാംബവതിക്ക് കളിക്കാൻ നൽകി. ഇതേ സമയം പ്രസേനനെ കൊന്ന് ശ്രീകൃഷ്ണൻ രത്നം കവർന്നു എന്ന് ദ്വാരകയിൽ കിംവദന്തി പരന്നു. സഹോദരന്റെ മരണവാർത്ത കേട്ട് സത്രാജിത്തും നേരത്തെ സ്യമന്തകം ചോദിച്ച ശ്രീകൃഷ്ണനെ തെറ്റിദ്ധരിച്ചു. അപമാനഭാരത്താൻ കൃഷ്ണൻ രത്നം കണ്ടെത്താൻ വനത്തിലെത്തി. സിംഹത്തിന്റെ കാലടികൾ പിന്തുടർന്ന് ഗുഹയിൽ പ്രവേശിച്ച കൃഷ്ണൻ. അവിടെ സമ്യന്തകവുമായി നിൽക്കുന്ന ജാംബവതിയെ കണ്ടു. മകളുടെ കൈയിൽ നിന്നും രത്നം തട്ടിയെടുക്കാൻ വന്നയാളാണെന്ന് തെറ്റിദ്ധരിച്ച ജാംബവാൻ ശ്രീകൃഷ്ണനുമായി യുദ്ധം ചെയ്തു. തീക്ഷ്ണമായ ആ യുദ്ധം 28 ദിവസം നീണ്ടു. എന്നിട്ടും കൃഷ്ണനെ കീഴടക്കാൻ പറ്റാതെ വന്നപ്പോൾ ജാംബവാൻ അങ്ങ് ആരാണെന്ന് ശ്രീകൃഷ്ണ ഭഗവാനോട് ആരാഞ്ഞു. താനാണ് ത്രേതായുഗത്തിൽ രാമനായി ജന്മമെടുത്തതെന്നും സീതാന്വേഷണത്തിൽ തന്നെയാണ് ജാംബവാൻ സഹായിച്ചെതെന്നും ശ്രീകൃഷ്ണൻ പറഞ്ഞു. പശ്ചാത്താപ വിവശനായ ജാംബവാൻ സ്യമന്തകത്തിനൊപ്പം മകൾ ജാംബവതിയെ വധുവായും ശ്രീകൃഷ്ണന് നൽകി.

ദ്വാരകയിൽ തിരിച്ചെത്തിയ ശ്രീകൃഷ്ണൻ സ്യമന്തകം സത്രാജിത്തിനെ ഏല്പിച്ചു. ഭഗവാനെ സംശയിച്ചതിൽ ലജ്ജാവിവശനായ സത്രാജിത്ത് പ്രായച്ഛിത്തമായി മകൾ സത്യഭാമയെ ശ്രീകൃഷ്ണന് പാണിഗ്രഹണം ചെയ്ത് കൊടുത്തു. സ്യമന്തകവും കൈമാറി. എന്നാൽ രത്നം ഭഗവാൻ സ്വീകരിച്ചില്ല. സ്വയം സൂക്ഷിക്കാൻ പറഞ്ഞ് തിരിച്ചു നൽകി. അതിന്റെ സദ്ഫലങ്ങൾ ദ്വാരകാപുരി വാസികൾക്ക് കൂടി പങ്കിടണമെന്ന്
സത്രാജിത്തിനെ ഉപദേശിച്ചു.

ഈ സംഭവത്തോടെ ശ്രീകൃഷ്ണനും വിഘ്നേശ്വരനെ ആരാധിച്ചു തുടങ്ങിയത്രേ. സത്രാജിത്ത് കാരണം തനിക്ക് ദുഷ്പേരും അപവാദവും കേൾക്കാൻ ഇടവന്നത് ഗണേശൻ ശപിച്ച ചന്ദ്രനെ വിനായക ചതുർത്ഥി നാളിൽ കണ്ടത് കൊണ്ടാണെന്ന് കൃഷ്ണൻ വിശ്വസിച്ചു. ഇതിന്റെ പ്രായശ്ചിത്തമായാണ് വ്യന്ദാവനത്തിൽ വിനായകചതുർത്ഥി കെങ്കേമമായി ആഘോഷിക്കാൻ തുടങ്ങിയത്. ഭാഗ്യവും ജ്ഞാനവും സമ്യദ്ധിയും നൽകുന്ന ദേവദേവനായ ഗണപതിയും ശ്രീകൃഷ്ണനും തമ്മിലുള്ള ഈ ബന്ധത്തിന്റെ കഥ പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ അത്ര പ്രചാരം ലഭിച്ചില്ല.

പി.എം. ബിനുകുമാർ
+919447694053

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?