Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗണപതിപ്രീതി ഇല്ലാത്ത ഇവർചതുർത്ഥി ദിവസം വ്രതമെടുക്കുക

ഗണപതിപ്രീതി ഇല്ലാത്ത ഇവർ
ചതുർത്ഥി ദിവസം വ്രതമെടുക്കുക

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്


വിനായക ചതുര്‍ത്ഥിയിലെ ഗണപതി ഉപാസന,
പൂജ, വ്രതാനുഷ്ഠാനം എന്നിവ എല്ലാ രീതിയിലുമുള്ള ജീവിത ദുഃഖങ്ങൾ പരിഹരിക്കും. ഗണേശ ഭഗവാന്റെ ജന്മദിനമായ ശ്രാവണ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ആചരണത്തിന് പ്രഥമ മുതലാണ് വ്രതം വേണ്ടത്. അതിന് കഴിയാത്തവർ തലേദിവസവും അന്നും മാത്രം വ്രതം എടുക്കുക. 2020 ആഗസ്റ്റ് 22 ശനിയാഴ്ചയാണ് ഗണേശ ചതുർത്ഥി. അപ്പോൾ 21 വെള്ളിയാഴ്ച ഒരിക്കൽ എടുത്ത് വ്രതം തുടങ്ങണം. അന്ന് രാത്രി കഴിയുമെങ്കിൽ ഉപവസിക്കണം, പറ്റാത്തവർക്ക് പഴമോ ലഘുഭക്ഷണമോ കഴിക്കാം. ചതുര്‍ത്ഥി ദിനത്തില്‍ നേരത്തേ ഉണർന്ന് ദേഹശുദ്ധി വരുത്തി ഗണപതി ക്ഷേത്ര ദര്‍ശനം നടത്തണം. ഗണപതിഹോമം, അപ്പം, അട, മോദകം നേദിക്കണം. നാളികേരം, കറുകമാല തുടങ്ങിയവ സമർപ്പിക്കണം. കഴിയുന്നത്ര തവണ ഗണപതി മൂലമന്ത്രമായ ഓം ഗം ഗണപതയേ നമ: , ഗണേശ ഗായത്രി തുടങ്ങിയവ ജപിക്കുക. ഈ ദിവസം ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് ശ്രേയസ്‌കരമാണ്. തുടർന്ന് ഗണേശ സഹസ്ര നാമം, ഗണേശ പുരാണ പാരായണം, ഗണേശ സൂക്തങ്ങള്‍ തുടങ്ങിയവ ജപിക്കുന്നതും നല്ലതാണ്. ചതുര്‍ത്ഥിയുടെ പിറ്റേദിവസം ക്ഷേത്ര ദര്‍ശനത്തോടെ വ്രതം പൂര്‍ത്തിയാക്കാം.

ചതുർത്ഥി വ്രതം ഗണേശ പ്രീതിക്ക് ഉത്തമമാണ്. കാരണം സര്‍വ്വദേവതകളും അനുഗ്രഹിച്ചാലും ഗണേശപ്രീതി ഇല്ലെങ്കില്‍ ഒന്നും ശുഭകരമാകില്ല. വലിയ യജ്ഞങ്ങളും, മഹായാഗങ്ങളും പോലും ശുഭമാകണമെങ്കില്‍ അഗ്ര പൂജയ്ക്ക് അധികാരിയായ വിനായകന്‍റെ മനം തെളിയണം, പ്രപഞ്ചത്തിലെ ഏതു ഭാവവും കൈക്കൊള്ളുന്ന ദേവനാണ് മഹാഗണപതി. ക്ഷിപ്രപ്രസാദിയുമാണ്. അതിവേഗം പ്രസാദിക്കുന്ന ഈ ദയാനിധി തന്നെ നിരന്തരം ഭജിക്കുന്നവരെ ഒരിക്കലും കൈവിടില്ല.

വിനായക ചതുര്‍ത്ഥി ദിനത്തിൽ ചന്ദ്രനെ കാണാൻ
പാടില്ലെന്ന് വിശ്വാസമുണ്ട്. അഥവാ അറിയാതെ ആരെങ്കിലും കണ്ടു പോയാല്‍ അവർക്ക് ദുഷ്‌കീര്‍ത്തി, അപമാനം, നഷ്ടങ്ങള്‍ എന്നിവ സംഭവിക്കും എന്ന് പറയപ്പെടുന്നു. ഇതേപ്പറ്റിയുള്ള ഐതിഹ്യം ഇപ്രകാരമാണ്: കുബേരന്റെ സൽക്കാരം സ്വീകരിച്ച ഭഗവാൻ മധുര പലഹാരങ്ങളടക്കം ധാരാളം കഴിച്ച് വയറു വീർത്ത് ബുദ്ധിമുട്ടി. ശ്വാസം മുട്ടി നടക്കാൻ വയ്യാതായ ഗണപതിയെ ആകാശത്തിരുന്ന് ചന്ദ്രൻ കളിയാക്കി ചിരിച്ചു. സങ്കടവും ദേഷ്യവും ഒന്നിച്ചു വന്ന ഗണപതി തന്നെ നോക്കി പരിഹസിച്ച ചന്ദ്രനെ ശപിച്ചു. വിനായക ചതുർത്ഥി ദിനത്തില്‍ നിന്നെ കാണുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടേ എന്നായിരുന്നു ശാപം. അത് കാരണമാണ് ഇന്നും ആരും ചന്ദ്രനെ നോക്കാത്തത്.

ഏകാഗ്രത, നിര്‍മ്മലമായ മനസ്സ്, അര്‍പ്പണ ബുദ്ധി, മനഃശുദ്ധി, ദേഹശുദ്ധി എന്നിവയുണ്ടായാല്‍ ഗണേശ്വര പ്രീതി വളരെ എളുപ്പത്തില്‍ ലഭിക്കും. എല്ലാ ദിവസവും ഉദയത്തിന് മുന്‍പ് ദേഹശുദ്ധി വരുത്തി, വെളുത്ത വസ്ത്രം ധരിച്ച് ഗണേശാരാധന തുടങ്ങാം. വിഗ്രഹമോ, ചിത്രമോ വച്ച് വിളക്കില്‍ രണ്ട് തിരിയിട്ട് ദീപം തെളിച്ച് ഗണേശനെ ധ്യാനിച്ച് മൂലമന്ത്രം, ഗണേശ സൂക്തങ്ങള്‍, ഗണേശസഹസ്രനാമം എന്നിവ ഉരുവിടുക. സാധാരണ ഭക്തര്‍ക്ക് എളുപ്പം ചെയ്യാവുന്ന ശ്രീ വിനായക ഉപാസന ഇതാണ്. വെള്ളിയാഴ്ചകളിലെ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം നൽകും. കേതുവിന്റെ ദശയിലും അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ തീരാൻ വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിഹോമം നടത്തണം. വിനായകചതുര്‍ത്ഥിക്ക് പുറമെ തുലാം മാസത്തിലെ തിരുവോണവും മീനത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ട ദിനങ്ങളാണ്. ഭൂമിയുടെ അധിപതി ഗണപതിയാണ്. അതിനാല്‍ ധനം, ഭൗതിക സുഖഭോഗങ്ങള്‍, ഐശ്വര്യം,
കീര്‍ത്തി എന്നിവ ഗണപതി കനിഞ്ഞാലേ ലഭിക്കൂ.
ഗ്രഹനിലയില്‍ കേതു അനിഷ്ടസ്ഥാനത്ത് വരുന്നതും ശുക്രന്‍റെ അനിഷ്ടസ്ഥാനവും മറ്റും ഗണപതിയുടെ പ്രീതിവേണമെന്ന സൂചനയാണ്.

ഗണപതിപ്രീതി ഇല്ലാത്തവരുടെ ലക്ഷണം

ALSO READ

1 ധനം എത്ര വന്നാലും നിലനില്‍ക്കില്ല.

2 മിടുക്കരായ തൊഴിലാളികള്‍ പിരിഞ്ഞുപോകും.

3 ഗൃഹനിർമ്മാണം എത്ര ശ്രമിച്ചാലും തീരില്ല.

4 വിവാഹതടസം, അനപത്യദുഃഖം, പ്രണയനൈരാശ്യം.

5 വലിയ പദ്ധതികള്‍, ധനലാഭം ഇവ
കൈയിൽ വന്ന ശേഷം നഷ്ടപ്പെടുക.

6 എല്ലാ സൗഭാഗ്യവും ഉണ്ടായാലും വീട്ടില്‍ സ്വസ്ഥതക്കുറവ്, സ്വരചേര്‍ച്ചക്കുറവ്.

ഗണപതി പ്രീതി ലഭിക്കാന്‍

1 വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുക, നാളികേരം ഉടയ്ക്കുക.

2 വീട്ടിലും വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലിപ്പമുള്ള ഒരു ഗണപതിയുടെ ചിത്രം വയ്ക്കുക.

3 കടുത്ത വിഘ്നങ്ങൾ നേരിടുന്നവര്‍ ഉത്തമ ഗുരുവിനെ കണ്ട് വിശിഷ്ടമായ ഒരു ഗണപതി മന്ത്രം ഉപദേശമായി വാങ്ങി 41 ദിവസം ജപിക്കുക.

4 ഗണപതി ചിത്രത്തിന് മുന്നിൽ മധുര
പദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹന ഗണപതി സ്തോത്രം, ഗണേശാഷ്ടകം, സങ്കടഹര ഗണേശസ്തോത്രം ഇവ ജപിക്കുന്നത് നന്ന്.

5 വിശേഷപ്പെട്ട ഗണപതി ക്ഷേത്രങ്ങളിൽ
ഇടയ്ക്കിടെ ദർശനം നടത്തുക. ഉദാഹരണം: മധൂര്‍,
പഴവങ്ങാടി, കൊട്ടാരക്കര, അഞ്ചല്‍, നിഴലിമംഗലം , ഇടപ്പള്ളി ഗണപതി ക്ഷേത്രങ്ങൾ.

6 ഗണപതി ഭക്തരെ രാഹു, ശനിദോഷം ഉള്‍പ്പെടെ സാധാരണ ഗ്രഹദോഷങ്ങളൊന്നും കഠിനമായി ബാധിക്കില്ല.

7 വീട് നില്‍ക്കുന്ന പറമ്പിന്‍റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?