Wednesday, December 10, 2025
Wednesday, December 10, 2025
Home » ജീവിത ദുരിതങ്ങൾ അകറ്റാൻ നവരാത്രി; ദുർഗാഷ്ടമി പരമപ്രധാനം

ജീവിത ദുരിതങ്ങൾ അകറ്റാൻ നവരാത്രി; ദുർഗാഷ്ടമി പരമപ്രധാനം

by NeramAdmin
0 comments

ജോതിഷി പ്രഭാ സീന സി.പി
ജീവിത ദുരിതങ്ങൾ അകറ്റാൻ ഏറ്റവും ഉത്തമമാണ് നവരാത്രി വ്രതം. 2020 ഒക്ടോബർ 18 നാണ്
നവരാത്രി മഹോത്സവം തുടങ്ങുന്നത്. ഒക്ടോബർ
26 നാണ് വിജയദശമി. ഈ ഒൻപത് ദിവസവും
വ്രതമെടുത്ത് നവദുർഗ്ഗകളെ ആരാധിക്കണം. മറ്റ് വ്രതങ്ങൾ പോലെയാണ് നവരാത്രി വ്രതത്തിൻ്റെയും ചിട്ടകൾ: രണ്ട് നേരം കുളി, മന:ശുദ്ധി, മത്സ്യ മാംസാദി ഭക്ഷണവും ലഹരി വസ്തുകളും ത്യജിക്കൽ, ഉച്ചയ്ക്കു മാത്രം അരിയാഹാരം രാവിലെയും, വൈകിട്ടും ലഘുഭക്ഷണം, ബ്രഹ്മചര്യ നിഷ്ഠ, ദേവീ ക്ഷേത്ര ദർശനം, ഈശ്വര പ്രാർത്ഥന എന്നിവ. ഉപാസനാ വേളയിൽ ദേവീസംബന്ധമായ പ്രാർത്ഥനകൾക്ക് പ്രാധാന്യം കൊടുക്കണം. നവരാത്രി വ്രതത്തിൽ വിദ്യാജ്ഞാന വിജയത്തിന് വിജയദശമിയും, കർമ്മ പുഷ്ടിക്ക് മഹാനവമിയും, ദുരിത നിവാരണത്തിന് ദുർഗാഷ്ടമിയും കൂടുതൽ ഗുണകരമാണ്. ഈ
ദിവസങ്ങളിൽ മാത്രം വ്രതമെടുത്താലും ഫലം ലഭിക്കും. ഇതിൽ ഏറ്റവും പ്രധാനം ദുർഗാഷ്ടമി
ആണ്. നവരാത്രി വ്രതത്തിൻ്റെ ചിട്ടകൾ തന്നെയാണ് ദുർഗ്ഗാഷ്ടമിക്കും.

പ്രാർത്ഥന, ജപം
ദേവീ ഭാഗവതം, ദേവീ പുരാണം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ലളിത സഹസ്രനാമം എന്നിവ നവരാത്രി ദിനങ്ങളിൽ പാരായണം ചെയ്യുന്നത് ഉത്തമമാണ്. രണ്ടു നേരവും പാരായണം ചെയ്യാം. കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് നെയ്യ് വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് പാരായണം ചെയ്യണം.

സഹസ്രനാമം പൂർണ്ണമാക്കിയേ ജപം നിർത്താവൂ. ഇടയ്ക്ക് നിർത്തരുത്. അഥവാ നിർത്തേണ്ടി വന്നാൽ വീണ്ടും ആദ്യം മുതൽ തുടങ്ങണം എന്നാണ് വിധി. ദേവീ ഭാഗവതം പോലുള്ള ബൃഹത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുമ്പോൾ ഒരു നിശ്ചിത ഭാഗം വായിച്ച് നിർത്തുക. വീണ്ടും തുടങ്ങുമ്പോൾ ആദ്യം ദേവീ പ്രാർത്ഥന നടത്തണം. ഗ്രന്ഥം നിലത്ത് വയ്ക്കരുത്. പീഠത്തിലോ, പട്ടിലോ, വയ്ക്കണം. അതുപോലെ തന്നെ വെറും നിലത്തിരുന്ന് ജപിക്കരുത്. പട്ടിലോ
പലകയിലോ, പായയിലോ ഇരുന്ന് ജപിക്കണം.

ലളിതസഹസ്രനാമ ജപം
ദുർഗ്ഗാഷ്ടമി ദിവസം 3 നേരം ലളിതസഹസ്രനാമം ജപിക്കണം. സ്തോത്രമോ, നാമാവലിയോ ജപിക്കാം. ഒന്നു മുതൽ തുടർച്ചയായി 7, 12, 18 ദിനം ജപിക്കുക. ദേവീ കടാക്ഷം ഉണ്ടാകും. ഏതൊരു വിഷയത്തിലേയും തടസ്സം മാറും. ഐശ്വര്യാഭിവൃദ്ധിക്കും ഗുണകരം. തെറ്റുകൂടാതെ ജപിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

പൂജവയ്ക്കേണ്ട സ്ഥലം
പൂജാമുറിയിലോ ശുദ്ധിയുള്ള സ്ഥലത്തോ വേണം പൂജവയ്ക്കാൻ. സരസ്വതീദേവിയുടെ ചിത്രം കിഴക്കോട്ടോ, പടിഞ്ഞാറോ അഭിമുഖമായി ഒരു പീഠത്തിൽ വയ്ക്കുക. മൂന്നു നിലവിളക്കുകൾ നെയ്യോ, നല്ലണ്ണയോ ഒഴിച്ച് 5 തിരിയിട്ട് കത്തിക്കണം. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്കും വടക്കു കിഴക്ക് മൂലയിലേക്കും തിരികൾ അഭിമുഖമാക്കി ഓരോ വിളക്കും വയ്ക്കണം. വിളക്കിനു മുമ്പിൽ ഒരു തൂശനിലയിട്ട് നിറപറ വയ്ക്കുക. കൂടാതെ ഒരു തളികയിൽ പുതുവസ്ത്രം വയ്ക്കേണ്ടതും വാൽക്കണ്ണാടി, ഗ്രന്ഥം എന്നിവയും വയ്ക്കണം

ചിത്രത്തിനു മുമ്പിലും വശങ്ങളിലുമായി പലകയിലോ, പട്ടിലോ, വാഴയിലയിലോ പാഠപുസ്തകങ്ങളും ആയുധങ്ങളും വയ്ക്കുക. പൂക്കളും ഹാരവും കൊണ്ട് ദേവിയുടെ ചിത്രം അലങ്കരിക്കണം. ചന്ദനത്തിരിയും സുഗന്ധദ്രവ്യങ്ങളും കത്തിച്ച ശേഷം ഗുരു, ഗണപതി, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതി എന്നിവരെ സങ്കല്പിച്ച് അഞ്ചിലകളിൽ മലര്, ശർക്കര, കദളിപ്പഴം, കൽക്കണ്ടം, മുന്തിരി ,നെയ്യ് തുടങ്ങിയവ വയ്ക്കുക.

ALSO READ

ഗുരുവന്ദനശ്ലോകം
ഗുരുർബ്രഹ്മ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ:
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈശ്രീ ഗുരവേ നമഃ

എന്ന മന്ത്രം ചൊല്ലി ഗുരുക്കൻമാരെ വന്ദിക്കണം.

ഗണപതി വന്ദനശ്ലോകം
സർവ്വ വിഘ്ന ഹരം ദേവം
സർവ്വ വിഘ്ന വിവർജിതം
സർവ്വ സിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം …

വേദവ്യാസനും
ദക്ഷിണാമൂർത്തിക്കും വന്ദനം

വേദവ്യാസനെയും ദക്ഷിണാമൂർത്തിയെയും
മന്ത്രം ചൊല്ലി 9 പ്രാവശ്യം വന്ദിക്കണം

വേദവ്യാസ വന്ദനം
ശ്രീ ഐം ക്ലീം സൗ: വേദവ്യാസായ നമഃ

ദക്ഷിണാമൂർത്തി വന്ദനം
ഓം ഐം ദക്ഷിണമൂർത്തയേ നമഃ

സരസ്വതീ വന്ദനം
ഓം ഐം സം സരസ്വ ത്യൈ നമഃ
സരസ്വതി മന്ത്രം 36 പ്രാവശ്യം ജപിച്ച് സരസ്വതിയെ വന്ദിക്കുക. എന്നിട്ട് സരസ്വതീ ദേവിയുടെ ധ്യാനശ്ലോകം 3 പ്രാവശ്യം ജപിക്കുക.

ധ്യാന ശ്ലോകം
യാ കുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിത കരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിർ
ദേവൈ സദാ പൂജിത
സാമാം പാതു സരസ്വതീ
ഭഗവതി നിശ്ശേഷ ജാഡ്യാ പഹാ

ഇതു ജപിച്ച ശേഷം സരസ്വതി മന്ത്രം
ഓം ഐം സം സരസ്വത്യൈ നമ: 108 പ്രാവശ്യം ജപിക്കുക. തുടർന്ന് നിവേദ്യം സമർപ്പിച്ച്
കർപ്പൂരം ഉഴിയുക.

ഗുരു വന്ദനം, ഗണപതി വന്ദനം, വേദവ്യാസ ദക്ഷിണാമൂർത്തി വന്ദനം, സരസ്വതീ വന്ദനം, കർപ്പൂരാരതി എന്നിവ അഷ്ടമി, നവമി ദിനങ്ങളിൽ രാവിലെയും വൈകിട്ടും വിജയദശമിക്ക് രാവിലെയും നടത്തണം. സരസ്വതീ മന്ത്രം 36, 108,336 എന്നീ
തവണ സൗകര്യം പോലെ ജപ്പിക്കാവുന്നതാണ്. മന്ത്രജപ ദിവസം നിർബന്ധമായും മത്സ്യ
മാംസാദികൾ ത്യജിക്കണം. രാത്രിയിൽ ആഹാരം ഉപേക്ഷിച്ചാൽ നന്ന് ഇല്ലെങ്കിൽ അരിയാഹാരം
ത്യജിച്ച് ലഘുഭക്ഷണം കഴിക്കാം പകലുറക്കവും പാടില്ല.

ജപരീതി
കുളിച്ച് വെളുത്ത വസ്ത്രം ധരിച്ച് വേണം സരസ്വതീ മന്ത്രം ജപിക്കാൻ വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്. ശ്രദ്ധ പരിപൂർണ്ണമായും മന്ത്രജപത്തിലും ദേവീ രൂപത്തിലും ആയിരിക്കണം. ഇടയ്ക്ക് സംസാരിക്കാൻ പാടില്ല. ജപത്തിൻ്റെ ആദ്യവും അവസാനവും നമസ്കരിക്കുക

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?