Wednesday, December 10, 2025
Wednesday, December 10, 2025
Home » ജീവിതത്തിൽ ഉയർച്ചയും സമ്പത്തും നേടാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ജീവിതത്തിൽ ഉയർച്ചയും സമ്പത്തും നേടാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

by NeramAdmin
0 comments

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
ഐശ്വര്യദേവതയായ ലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് അഷ്ടലക്ഷ്മിമാർ. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി അഥവാ ധൈര്യലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും ഐശ്വര്യവും കരഗതമാകും. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും എട്ട് സ്രോതസുകളുടെ ആധിപത്യം വഹിക്കുന്ന ഈ എട്ട് ദേവതകളിൽ ഓരോരുത്തരെയും ഭജിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ വ്യത്യസ്തമാണ്.

എല്ലാ സൃഷ്ടികളുടെയും ആദിരൂപമായ ആദിലക്ഷ്മിയെ അഥവാ മഹാലക്ഷ്മിയെ ഭജിച്ചാൽ അനന്തമായ സമ്പത്ത് ലഭിക്കും. ഗ്രഹദോഷങ്ങളുടെ ശാന്തിക്കും ദുർദേവതകളുടെ ബാധാ ദോഷശാന്തിക്കും ആദിലക്ഷ്മിയെ ഭജിക്കുക. അത്യുൽക്കൃഷ്ടമായ ജീവിതത്തിനും സർവ്വൈശ്വര്യപ്രാപ്തിക്കും ഭജിക്കേണ്ടത് മഹാലക്ഷ്മിയെയാണ്. ഭൃഗുമഹർഷിയുടെ മകളും ഭഗവാൻ ശ്രീനാരായണന്റെ പത്നിയുമായ മഹാലക്ഷ്മി 4 കരങ്ങളോട് കൂടിയവളാണ്. താമരയിൽ സർവ്വാഭരണവിഭൂഷിതയായി ചുവന്ന പട്ടണിഞ്ഞ് ഇരിക്കുന്നു. ഭക്തർക്ക് സദാ ആനന്ദമരുളുന്ന ഈ ദേവി മന:ശുദ്ധിയോടെ പൂർണ്ണ വിശ്വാസത്തോടെ ഭജിക്കുന്ന ആരിലും പ്രീതിപ്പെടും.

സാമ്പത്തികാഭിവൃദ്ധിക്കും ഋണമോചനത്തിനും ധനലക്ഷ്മിയെ പൂജിക്കണം . ആറു കരങ്ങളോട് കൂടിയ ധനലക്ഷ്മി സ്വർണ്ണം, പണം തുടങ്ങി എല്ലാ പ്രത്യക്ഷ സമ്പത്തിന്റെയും ദേവതയാണ്. അഭയ മുദ്രയുളള കരത്തിൽ നിന്നും ധനം വർഷിക്കുന്ന ധനലക്ഷ്മിയെ ദീപാവലി വേളയിൽ ധനലക്ഷ്മീപൂജ നടത്തി ആരാധിക്കുന്നത് സാമ്പത്തിക ഉന്നതിക്ക് നല്ലതാണ്.

അന്നദായിനിയായ ധാന്യലക്ഷ്മിക്ക് എട്ടു കൈകൾ ഉണ്ട്. പച്ചപ്പട്ടണിഞ്ഞ് കൈയിൽ കരിമ്പും ധാന്യക്കതിരും കദളിപ്പഴവുമായി ഇരിക്കുന്ന ധാന്യലക്ഷ്മിയെ പൂജിച്ചാൽ കൃഷിയിൽ ഉയർച്ചയും ധാന്യസമൃദ്ധിയും ലഭിക്കും. ധാന്യലക്ഷ്മിയുടെ പ്രീതിയില്ലെങ്കിൽ ജീവൻ നിലനിറുത്താനാകില്ല.

അസുഖങ്ങൾ മാറാനും ആരോഗ്യമുള്ള ശരീരത്തിനും ദീർഘായുസിനും ഗജലക്ഷ്മിയെ ആരാധിക്കുന്നു. മൃഗസമ്പത്തിന്റെ ദേവിയായ ഗജലക്ഷ്മിക്ക് 4 കൈകൾ ഉണ്ട് . ഇരുവശങ്ങളിൽ നിൽക്കുന്ന ഗജങ്ങൾ തുമ്പിക്കൈയിൽ നിന്നും ജലധാരയൊഴുക്കുന്നു . ഭാദ്രപാദ മാസത്തിലെ വെളുത്തപക്ഷ ദശമിയിൽ വ്രതമെടുത്താൽ ഗജലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.

വിവാഹം, കുട്ടികളുണ്ടാകുക അവരുടെ ശ്രേയസ്‌, തുടങ്ങിയ കാര്യങ്ങൾക്ക് ആറു കരങ്ങളുള്ള സന്താനലക്ഷ്മിയെ ഭജിക്കണം. മടിത്തട്ടിലിരിക്കുന്ന കുഞ്ഞിനെ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചിരിക്കുന്ന ഈ ദേവിയുടെ മറ്റു കരങ്ങളിൽ കലശവും വാളും പരിചയും അഭയ മുദ്രയുമെല്ലാമാണ്. ആയുരാരോഗ്യ സൗഖ്യമേകുന്ന ഈ ദേവി രോഗ ദുരിതങ്ങൾ അകറ്റി കാത്തു രക്ഷിക്കും.

ALSO READ

ഭയത്തിൽ നിന്ന് മുക്തി നേടുന്നതിനും ശത്രുദോഷ പരിഹാരത്തിനും ആപത്തിൽ നിന്നുള്ള രക്ഷയ്ക്കും വീരലക്ഷ്മി അഥവാ ധൈര്യലക്ഷ്മിയെ ആരാധിക്കണം. വീര്യത്തിന്റെയും കരുത്തിന്റെയും ദേവതയാണ് എട്ട് കരങ്ങളുള്ള ചുവന്ന വസ്ത്രം ധരിച്ച ഈ ദേവി. ജീവിത പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള കരുത്ത് ദേവി തരും, ശംഖും ചക്രവും അമ്പും വില്ലും ത്രിശൂലവും ഗ്രന്ഥവും അഭയവും വരദവുമെല്ലാമായി ദേവി താമരയിൽ ഇരിക്കുന്നു.

എട്ടു കരങ്ങളുള്ള വിജയലക്ഷ്മിയെ ആരാധിച്ചാൽ ജീവിത വിജയം നേടാം.ബിസിനസ് അഭിവൃദ്ധി, ജോലി,
വസ്തു വാങ്ങൽ , കെട്ടിടനിർമ്മാണം, മത്സര വിജയം എന്നിവയ്ക്കെല്ലാം ശംഖും ചക്രവും വാളും പരിചയും പത്മവും പാശവും അഭയവും വരദവുമെല്ലാം ഏന്തിയ
ഈ ദേവിയുടെ കടാക്ഷം അനിവാര്യമാണ്.

പ്രവേശന പരീക്ഷകൾ, ജോലിക്കുള്ള പരീക്ഷകൾ തുടങ്ങി എല്ലാത്തരം പരീക്ഷകളിലും വിജയം വരിക്കുന്നതിന് എട്ടു കരങ്ങളുള്ള വിദ്യാലക്ഷ്മിയെ ഉപാസിക്കണം. വിദ്യയുടെയും അറിവിന്റെയും ദേവിയാണിത്. ഏറ്റവും വലിയ ധനമായ വിദ്യയുടെ ദേവതയുടെ അനുഗ്രഹമില്ലാതെ ഒരിടത്തും വിജയം വരിക്കാനാകില്ല.

മഹാലക്ഷ്മിക്ക് കദളിപ്പഴം, തൃമധുരം, പാൽപ്പായസം, അപ്പം തുടങ്ങിയ നിവേദ്യങ്ങൾ സമർപ്പിക്കുന്നത് ആഗ്രഹ സിദ്ധിക്ക് നല്ലതാണ്. മഹാലക്ഷ്മിക്ക് മഞ്ഞൾ അരച്ച് മുഴുക്കാപ്പ് ഐശ്വര്യ സൂചകമായ പട്ട് (മഞ്ഞപ്പട്ട് ഏറ്റവും നല്ലത്), വാൽക്കണ്ണാടി, സ്വർണ്ണം എന്നിവ സമർപ്പിച്ചാൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. അഷ്ടലക്ഷ്മിമാരെ സങ്കല്പിച്ച് ക്ഷേത്രത്തിൽ താംബൂല സമർപ്പണം അടുപ്പിച്ച് 8 ദിവസം ചെയ്യുന്നത്‌ വളരെ നല്ലതാണ്. വെള്ളിയാഴ്ച ലക്ഷ്മീ സഹസ്രനാമ സ്‌തോത്രം ജപിക്കുന്നത് നല്ലതാണ്. കന്നിമാസത്തിലെ മകം, ദീപാവലി, ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമി ദിവസങ്ങൾ ലക്ഷ്മീപൂജയ്ക്ക് അതി വിശേഷമാണ്. ജ്യോതിഷത്തിൽ ശുകന്റെ അധിദേവതയാണ് മഹാലക്ഷ്മി.

ഓം ശ്രീ മഹാലക്ഷ്മമ്യൈ നമഃ എന്ന മൂല മന്ത്രവും താഴെപ്പറയുന്ന ശ്ലോകവും മഹാലക്ഷ്മിയെ ധ്യാനിച്ച് ദിവസവും പ്രഭാതത്തിൽ ജപിക്കുക. സർവ്വ കാമനകളും സാധിക്കും:

ദേവീപദ്മാസനസ്ഥാ വിപുലകടിതടി
പത്മ പത്രായതാക്ഷീ
ഗംഭീരാവർത്തനാഭിസ്തനഭരനമിതാ
ശുഭ്രവസ്‌ത്രോത്തരീയാ
ലക്ഷ്മീർദ്ദിവൈർ ഗജേന്ദ്രൈർ മണിഗണ-
ഖചിതാ സ്‌നാപിതാ ഹേമകുംഭൈർ
നിത്യം സാ പദ്മ ഹസ്താ വസതു മമഗൃഹേ
സർവ്വമംഗല്യയുക്താ

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്,

+91 8848873088

Pic Design: Prasanth Balakrishnan
Mobile: +91 7907280255 |email: dr.pbkonline@gmail.com

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?