Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവപൂജയ്ക്ക് എരിക്കിൻപൂവ് ചാർത്തിയാൽ ആഗ്രഹസാഫല്യം

ശിവപൂജയ്ക്ക് എരിക്കിൻപൂവ് ചാർത്തിയാൽ ആഗ്രഹസാഫല്യം

by NeramAdmin
0 comments

സുവർണ്ണൻ കള്ളിക്കാട്
ഭക്തർക്ക് എല്ലാ വിധ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന, നമ്മുടെ എല്ലാ വിധ പാപങ്ങളും സംഹരിക്കുന്ന ശിവഭഗവാന്റെ സന്നിധിയിൽ സമർപ്പിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് എരുക്ക്. ശിവക്ഷേത്രങ്ങളിൽ പ്രദോഷപൂജ, ശിവരാത്രി തുടങ്ങിയ വിശേഷ അവസരങ്ങളിൽ എരുക്കിൻപൂ കൊണ്ട് അർച്ചന നടത്താറുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്ക് എരിക്കിൻപൂമാല ചാർത്തലും അർച്ചനയും വളരെ നല്ലതാണ്.

പാലാഴി കടഞ്ഞപ്പോൾ ആവിർഭവിച്ച കാളകൂടവിഷം ലോകരക്ഷയ്ക്കായി ശിവൻ ഏറ്റുവാങ്ങിയപ്പോൾ അതിലൊരംശം എരുക്കിനും സ്വീകരിക്കേണ്ടി വന്നു എന്ന് ഐതിഹ്യമുണ്ട്. അതേ തുടർന്ന് ലോകരക്ഷാ മാഹാത്മ്യവുമായി എരുക്കിനും ബന്ധമുണ്ടായി. അങ്ങനെ കൂവളത്തിനും വെള്ള തുമ്പപ്പൂവിനും ഒപ്പം എരുക്കും ശിവപൂജാപുഷ്പങ്ങളിൽ പ്രാധാന്യം നേടി.

എരുക്കിന് ശിവ മാഹാത്മ്യം കൈവന്നത് സംബന്ധിച്ച് ശ്രീ മഹാഭാഗവതത്തിലും ശിവപുരാണത്തിലും പരാമർശിക്കുന്ന ഒരു ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ: ദുർവാസാവിന്റെ ശാപത്തിൽ നിന്നും മോചനം നേടാൻ ദേവാസുരന്മാർ ശിവന്റെ കണ്ഠാഭരണമായ വാസുകിയെ കയറാക്കിയും മന്ഥരപർവ്വതത്തെ മത്താക്കിയും പാലാഴി കടഞ്ഞു. ദേവന്മാർ വാസുകിയുടെ വാൽഭാഗവും അസുരന്മാർ ശിരസും പിടിച്ചു. കടയുന്നതിന്റെ വേദന താങ്ങാനാകാതെ വാസുകി ഘോരമായ കാളകൂടം വമിച്ചു. പഞ്ചമഹാവിഷങ്ങളിൽ ഒന്നായ കാളകൂടം പൃഥുമാലി എന്ന അസുരന്റെ ചോരയാണത്രേ. കാളകൂടം, മുസ്തകം, വത്‌സനാഭം, ശംഖകർണ്ണി, ശൃംഗി എന്നിവ ആണ് പഞ്ചമഹാവിഷങ്ങൾ. കാലനെപ്പോലും ദഹിപ്പിക്കുവാൻ കഴിയുന്നതു കൊണ്ടാന്ന് കാളകൂടം എന്ന പേര് വന്നത്.

ഈ വിഷം വീണ് ഭൂമി നശിക്കാതിരിക്കാൻ ശിവൻ കൈക്കുമ്പിളിൽ വാങ്ങി പാനം ചെയ്തപ്പോൾ അതിൽ അല്പം തുളുമ്പി സമീപത്തുണ്ടായിരുന്ന എരുക്കിൽ വീണു. അങ്ങനെ എരുക്കിന് വിഷാംശം ഉണ്ടായി. സ്വതവേ വെള്ളനിറമുള്ള എരുക്കിൻ പൂവിന് വിഷത്തിന്റെ നീലനിറം ലഭിച്ചു. ഭാഗവതത്തിൽ പാലാഴിമഥന കഥയിൽ ഇത് പറയുന്നുണ്ട്.

ശിവഭഗവാന്റെ കൈക്കുമ്പിൾ നിന്ന് തുളുമ്പി താഴെ വീണ വിഷതുള്ളികൾ പാമ്പ്, ചിലന്തി, തേൾ എന്നീ ജീവികൾ രുചിച്ചതിനെ തുടർന്ന് അന്നേവരെ വിഷമില്ലാതിരുന്ന ആ ഉരഗങ്ങളും അവയുടെ വംശവും വിഷജന്തുക്കളായി മാറിയെന്നും ഐതിഹ്യമുണ്ട്.

സിദ്ധവൈദ്യത്തിൽ എരുക്കിന് അപാരമായ ഔഷധ ഗുണമുണ്ട്. എരുക്കിൻ പൂവിലെ വിഷാംശം നീക്കം ചെയ്ത് മാറാരോഗങ്ങൾക്കുള്ള സിദ്ധഔഷധമായി ഉപയോഗിക്കുന്നു. ആയൂർവേദത്തിൽ ഔഷധമായി എരുക്ക് ഉപയോഗിക്കുന്നു. എരുക്കിന്റെ തടി, വേര്, ഇല എന്നിവ വിശേഷപ്പെട്ടവയാണ്. വിഷാംശം നീക്കിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. ശിവക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്ര പരിസരത്തും പരിശുദ്ധമായ സ്ഥലങ്ങളിലും എരുക്ക് വളരും. ആ സ്ഥലം ശുദ്ധമായി സൂക്ഷിക്കണം.

ALSO READ

ഈശ്വരാനുഗ്രഹത്തിനായി ഭക്തർ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന വഴിപാടുകളിൽ പ്രധാനമാണ് പൂക്കളും പഴങ്ങളും. ഓരോ മൂർത്തികളുടെയും ത്രിഗുണങ്ങൾക്ക് അനുരൂപമായ പുഷ്പങ്ങളും ഫലങ്ങളുമാണ് സമർപ്പിക്കുന്നത്. ശിവന് കൂവളത്തിലയും എരുക്കിൻ പൂവും വിഷ്ണുവിന് തുളസിയും ഗണപതിക്ക് കറുകയും ഭദ്രകാളിക്ക് ചുവന്നപൂക്കളും, സരസ്വതീദേവിക്ക് വെള്ളപ്പൂക്കളും മറ്റും സമർപ്പിക്കുന്നു.

വാടിയപൂ, കൃമികീടങ്ങളുള്ളത് , ഇതൾ കൊഴിഞ്ഞത് വാടി പഴുത്ത് നിലത്ത് വീണത് , പുഴുക്കുത്ത് ഉള്ളത് – തുടങ്ങിയ പുഷ്പങ്ങൾ ദേവീ ദേവന്മാർക്ക് സമർപ്പിക്കാൻ പാടില്ല. ക ഇറുക്കുമ്പോൾ നിലത്തു വീഴുന്ന പൂക്കളും ദേവനുള്ളതല്ല. അത് അസുരനുള്ളത്. അതിനാൽ എടുക്കരുത്. മണപ്പിച്ച പൂക്കൾ ഭഗവാനും ഭഗവതിക്കും സമർപ്പിക്കരുത്. പൂക്കളും പൂജാദ്രവ്യങ്ങളും തട്ടത്തിലോ ഇലയിലോ മാത്രമേ ക്ഷേത്രത്തിൽ സമർപ്പിക്കാവൂ. വെറും നിലത്ത് വയ്ക്കരുത്. കടലാസിൽ പൊതിഞ്ഞ് സമർപ്പിക്കരുത്.

സുവർണ്ണൻ കള്ളിക്കാട്
+91 9995558769

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?